Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തേ പൊന്നേ... ഇത്ര ഹിറ്റാകാൻ കാരണമെന്ത്

suresh-thampanoor.jpg.image.784.410 സുരേഷ് തമ്പാനൂർ ആക്ഷൻ ഹീറോ ബിജുവിൽ

സൊറ പറഞ്ഞിരിക്കുവാൻ പാടവരമ്പത്തെ കലുങ്ങിൽ കൂട്ടുകാർക്കൊപ്പം ഒത്തുകൂടുമ്പോൾ , എന്തൊക്കെയോ കോറിയിട്ട ബഞ്ചിന് മുകളിൽ കയറിയിരുന്ന് ക്ലാസ്മുറിയിലെ അവസാന ദിനത്തെ ആഘോഷമാക്കുമ്പോൾ വെറുതെയൊന്ന് കൊട്ടിപ്പാടാനൊരു പാട്ട്. നല്ലോർമകൾ തുന്നിക്കൂട്ടും നേരത്ത് ഇങ്ങനെ കൈകോർത്ത് ഒരുപാടൊരുപാടുറക്കെ പാടുവാൻ ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഈ അടുത്തിടയ്ക്കും അങ്ങനെയൊരെണ്ണം നമ്മൾ കേട്ടു....മുത്തേ പൊന്നേ പിണങ്ങല്ലേ...

തമ്പാനൂരുകാരൻ സുരേഷ് ചേട്ടൻ എഴുതി താളമിട്ട് പാടി അഭിനയിച്ച ഈ പാട്ടാണ് ഇന്ന് മലയാളത്തിന്റെ മനസിനെയങ്ങ് തട്ടിപ്പറിച്ചെടുത്ത് വച്ചിരിക്കുന്നത്. ഒരു വാദ്യോപകരണത്തിന്റെയും അകമ്പടിയില്ലാതെ, വാക്കുകളുടെ ലോകത്തെ തീർത്തും സാധാരണക്കാരെ ചേർത്തുനിർത്തി സ്വരുക്കൂട്ടിയ വരികളുമുള്ള ഈ പാട്ട് എത്ര കേട്ടിട്ടും ഒപ്പം പാടിയിട്ടും നമുക്ക് മതിവരുന്നേയില്ല. എന്താണീ മാജികിന് പിന്നിലെന്ന് ചോദിച്ചാൽ സുരേഷിനും ഒറ്റ ഉത്തരമേയുള്ളൂ....

അതാണ് എനിക്കും അറിയാത്തത്. എന്തുകൊണ്ടാണ് ആളുകൾ ഈ പാട്ടിനെ ഇഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസിലാകുന്നേയില്ല. എവിടെ പോയാലും ആദ്യം കുഞ്ഞുകുട്ടികളാണ് എന്നെ തിരിച്ചറിയുന്നത്. എനിക്ക് നേരെ കൈചൂണ്ടി വീട്ടുകാർക്ക് പരിചയപ്പെടുത്തുന്നതും അവരാണ്. കുട്ടികൾക്ക് വേണ്ടിയെഴുതിയ പാട്ടേയല്ല ഇത്. പക്ഷേ അവർക്കാണ് ഇതേറ്റവും ഇഷ്ടമായത്. സുരേഷ് ചേട്ടൻ തന്റെ കന്നിപ്പാട്ടിന്റെ പകിട്ടേറിയ അനുഭവങ്ങൾ പങ്കുവച്ച് സംസാരിക്കുമ്പോൾ പോലും ഒരു താളമുണ്ട്. അത് തന്നെയാണ് ഈ പാട്ട് ഇത്രയേറെ ശ്രദ്ധ നേടാൻ കാരണവും.

അങ്ങോട്ടൊരു തട്ടുകൊടുത്താൽ തിരിച്ചും മിണ്ടുന്ന ഏത് വസ്തുവിലും ഈ പാട്ടിന്റെ താളം പിടിക്കാം...എന്താണീ വാക്കുകളുടെ അർഥമെന്ന് രണ്ടാമതൊന്നു ചിന്തിക്കാതെ മനസിൽ എഴുതിയിടാം. തിരുവനന്തപുരത്തെ തമ്പാനൂരിലെ അരിസ്റ്റോ ജംഗഷനിലെ ചുമട്ടു തൊഴിലാളിയായ സുരേഷ് പത്ത് വർഷം മുൻപെഴുതിയ പാട്ട് നിവിൻ പോളി ചിത്രമായ ആക്ഷൻ ഹീറോ ബിജുവിലെ മുത്താണ്. ചിത്രത്തിന് കിട്ടാവുന്ന ഏറ്റവും നല്ല പ്രൊമോഷനും ഈ പാട്ട് തന്നെയെന്ന് പറയാതെ വയ്യ. കൊട്ടകങ്ങൾ‌ക്കുള്ളിൽ അമ്പതു ദിനം പങ്കിട്ടതിന്റെ സന്തോഷത്തിലാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു. ചിത്രം അമ്പതാം ദിനം പൂർത്തിയാക്കുമ്പോൾ അതിലെ ഈ കുഞ്ഞുഗാനം അമ്പതിനായിരം പ്രാവശ്യമെങ്കിലും പല വേദികളിൽ പലരും പാടിയിരിക്കാം.

പാട്ട് തയ്യാറായിക്കഴിഞ്ഞപ്പോൾ ഷൈൻ സാറിന് ഉറപ്പുണ്ടായിരുന്നു ഇത് ഹിറ്റാകുമെന്ന്. അദ്ദേഹത്തിന് കൂടുതൽ അടുത്തറിയാമല്ലോ ജനങ്ങളുടെ പൾസ്. എനിക്കും മറ്റുള്ളവർക്കുമൊന്നും അത്രയ്ക്ക് വിശ്വാസം വന്നില്ല. പക്ഷേ എല്ലാവരുടെയും പ്രതീക്ഷകൾക്കപ്പുറത്തേക്ക് പാട്ട് പ്രശസ്തമായി. ചിത്രത്തിൽ പാട്ട് വരുന്ന രംഗത്തിന്റെ രസം കൊണ്ടുകൂടിയാണ് അതിത്രേം നല്ലതായതെന്ന് തോന്നുന്നു. ഒരുപാടിടങ്ങളിൽ പാട്ട് പാടി. അധികവും സ്കൂളുകാരാണ് വിളിക്കാറ്. പിള്ളേർക്ക് പാട്ടു പാടിക്കൊടുക്കുവാൻ. അടുത്ത ദിവസങ്ങളിൽ രണ്ട് സ്കൂളുകളിൽ പോണം. സുരേഷ് തമ്പാനൂർ പറഞ്ഞു.

വനിത ഫിലിം അവാർഡ് വേദിയടക്കം പലയിടങ്ങളിൽ ഈ തമ്പാനൂരുകാരൻ തന്റെ മുത്തേ പൊന്നേ പാട്ട് താളം പിടിച്ച് പാടിക്കഴിഞ്ഞു. സദസിൽ ആരവമുണ്ടാക്കിയ ആലാപനം. പക്ഷേ സുരേഷ് ചേട്ടനിപ്പോഴും വേദികൾ പേടിയാണ്. വനിത ഫിലിം അവാർഡിന് പാടാൻ കയറിയപ്പോൾ ആകെ പേടിയായിരുന്നു. ഇത്രേം വലിയ വേദിയൊക്കെ ആദ്യമായിട്ടാണേ. എന്റെ പേടിയറിയാവുന്നതുകൊണ്ടാണ് നിവിൻ സർ ഒപ്പം നിന്നത്. അതൊരു ആശ്വാസമായി. പിന്നെ അവിടെ താളം പിടിക്കാൻ സൗകര്യമില്ലാത്തതു കാരണം പാട്ടിൽ കുറച്ച് പിഴവും വന്നു. എന്നാലും പാടാൻ കഴിഞ്ഞല്ലോ...ചെറിയ വാക്കുകളിലെ വലിയ സന്തോഷത്തിനും നല്ല താളം.

suresh-thampanoor സുരേഷ് തമ്പാനൂർ

ചിത്രത്തിൽ സുരേഷ് തമ്പാനൂർ കുറച്ച് സീനുകളിലേയുള്ളൂ. പക്ഷേ ആ സാന്നിധ്യം സിനിമ കണ്ടിറങ്ങുന്നവരുടെ മനസുകളിൽ പെട്ടെന്നിടം പിടിച്ചു. അഭിനയിക്കുകയാണെന്ന് തോന്നിക്കാതെ അദ്ദേഹം പാടിയ പാട്ട് അതിലും വലിയ സന്തോഷവും. പിന്നെ ഈ പാട്ട് ഇത്രയും ജനകീയമാകാൻ ഒരു കാരണം കൂടിയുണ്ടെന്ന് പറയാം...സുരേഷ് ചേട്ടന്റെ ചിരി. പാട്ട് പാടിത്തുടങ്ങും മുൻപുള്ള ആ ചിരിക്കും കൊടുക്കണം നൂറു മാർക്ക്. അല്ലേ...

Your Rating: