കെ എസ് ചിത്രയ്ക്കൊപ്പം തമിഴിലും വോട്ടു പാട്ടുമായി അസിസ്റ്റൻറ് കളക്ടർ

പാട്ടുകൾ എന്നും തെരഞ്ഞെടുപ്പുകളുടെ ഭാഗമായിരുന്നു. പാരഡികളും വോട്ടുചെയ്യാൻ പ്രചോദനം നൽകുന്ന ഗാനങ്ങളും ഏറെയുണ്ടായിരുന്നു എല്ലാക്കാലത്തും. ഇത്തവണ ജില്ലാ ഭരണകൂടം വരെ പാട്ടുകളിറക്കി. പാട്ടുകാരിയായ സബ്കളക്ടർ ദിവ്യ എസ് അയ്യരുടെ ഗാനം അതിലൊന്നാണ്. കേരളത്തിനോട് വോട്ടു ചെയ്യാനഭ്യർഥിച്ച് ദിവ്യ പാടിയ ഗാനം ഇപ്പോൾ തമിഴ്നാട്ടിലും കേൾക്കുന്നു. അഴകേറും നാടിൻ ചിത്രം തെളിയട്ടെ നമ്മിൽ നിന്നും എന്നു തുടങ്ങുന്നതാണ് മലയാള ഗാനം. ഇതിന്റെ തമിഴ് പതിപ്പാണ് തമിഴിലെത്തുക. ഇനി തമിഴിന്റെ വോട്ടുൽസവത്തിൽ ഇനി ദിവ്യ പാടിയ ഗാനവും കേൾക്കാം. 

ഗായിക കെ എസ് ചിത്രയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയെത്തിയ പാട്ടിൽ ദിവ്യ തന്നെയാണ് അഭിനയിച്ചിരിക്കുന്നതും. എഴുത്തും ദിവ്യയുടേത് തന്നെ. സംഗീത സംവിധാനം ജയദേവിന്റെയാണ്. കെ എസ് ചിത്രയാണ് പാട്ടിന് അവതരണം പറയുന്നത്. എന്റ വോട്ട് എന്റെ ഭാവി എന്നാണ് ദിവ്യ വരികളിലൂടെ പറയുന്നത്. രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള പാട്ട് മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ അകമ്പടിയോടെയാണെത്തുന്നത്. സമ്മതിദാനത്തിൽ പങ്കാളിയാകുവാൻ ഓരോ പൗരനോടും ആഹ്വാനം ചെയ്യുന്ന ഗാനം തമിഴിലും തരംഗമാകുമെന്ന് പ്രതീക്ഷിക്കാം.