നാടൻ വരികളിൽ പാട്ട് ഹോട്ട് ലുക്കിൽ രചന‌

പാവാട പെണ്ണാണേ...നാടൻ വരികളിലൊരു തട്ടുപൊളിപ്പൻ പാട്ട്. രചന നാരായണൻ കുട്ടിയുടെ തകർപ്പൻ നൃത്തവും. തിലോത്തമ എന്ന പേരു കേൾക്കുമ്പോൾ തന്നെ തോന്നുന്നില്ലേ..? സംതിങ് സ്പെഷൽ എന്ന്. ചടുലമായൊരു പെൺ മനസും അവളുടെ വർത്തമാനവും മനസിലേക്ക് വരുന്നില്ലേ? എങ്കിൽ ഈ പാട്ടിലും മൊത്തത്തില്‍ പെൺമയമാണ്. ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങാണിത്. കഥാപാത്രത്തിന്റെ ചങ്കൂറ്റമറിയിക്കുന്ന പാട്ട്.

പ്രീതി പണിക്കരാണ് തിലോത്തമയെന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം. ഗാനരചന എംആർ ജയഗീത. പാടിയത് അമല റോസ് കുര്യനും രമ്യയും ചേർന്ന്. ദീപക് ദേവിന്റേതാണ് സംഗീതം. നിർമാണം ഗോകുലം ഗോപാലൻ.

രചന നാരായണൻ കുട്ടിയുടെ ഐറ്റം ഡാൻസാണ് പാട്ടിന്റെ മറ്റൊരു പ്രത്യേകത. ബാർ നർത്തകിയായി രചന തകർത്താടുന്നു. സാധാരണ ബോളിവുഡ് ബാർ ഡാൻസുകളുടെ തനി പകിട്ടായിരിക്കും ഇതിനെന്ന ധാരണ വേണ്ട. നല്ല വേഷവിധാനത്തിൽ രചന സുന്ദരി, ഹോട്ട് ലുക്ക്. നല്ല ചുവടുകളിലുള്ള നൃത്തവും. സിദ്ധിഖ് ഒരു അധോലോക നായകന്റെ വേഷത്തിൽ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വീണാ നായരും തസ്നി ഖാനുമാണ് ഗാനരംഗത്തിലുള്ള മറ്റ് പ്രമുഖ നടിമാർ. രചന ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാകും ഇതിലേതെന്നത് തെളിയിക്കുന്നു ഈ ടൈറ്റിൽ സോങ്.