കണ്ണിൽ വെളിച്ചമെത്തിയതിന്റെ ആകാംക്ഷയിൽ വിജയലക്ഷ്മി

വൈക്കം വിജയലക്ഷ്മി വിവാഹ നിശ്ചയ വേളയിൽ

കണ്ണിലെ ഇരുട്ടിനെ സംഗീതത്തിന്റെ വെളിച്ചത്താൽ വകഞ്ഞു മാറ്റി നടന്ന വൈക്കം വിജയലക്ഷ്മിയെന്ന ഗായിക നമുക്കൊരത്ഭുതമാണ്. കാറ്റേ കാറ്റേ എന്ന പാട്ടു കേട്ടതു മുതൽ, ഗായത്രിവീണയിൽ വിരല്‍ ചേർത്തലിഞ്ഞ് അവർ വായിക്കുന്നതു കണ്ടപ്പോൾ, ചുണ്ടോരത്ത് കാതു ചേർത്തു വച്ചു പാടിയപ്പോൾ മറ്റെല്ലാം മറന്നു നിന്നുപോയിട്ടുണ്ട് നമ്മൾ.  ആ പാട്ടിൽ അലിഞ്ഞിരുന്ന നേരം ഒരു മാത്രയെങ്കിലും നമ്മൾ ചിന്തിച്ചിട്ടില്ലേ ദൈവം ഇവരുടെ കണ്ണിനു വെളിച്ചമേകിയിരുന്നുവെങ്കിലെന്ന്...നമ്മൾ കേൾക്കാന്‍ ആഗ്രഹിച്ചൊരു ഉത്തരം നൽകുകയാണ് വിജയലക്ഷ്മിയുടെ അമ്മ. അതെ, വൈക്കം വിജയലക്ഷ്മി കണ്ണിനു കാഴ്ച കിട്ടുവാൻ നടത്തുന്ന ചികിത്സകൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. വെളിച്ചമെന്തെന്ന് വിജയലക്ഷ്മി അറിഞ്ഞു തുടങ്ങിയിരിക്കുന്നു.

‘വെളിച്ചം കൂടുതൽ കണ്ടുതുടങ്ങിയിരിക്കുന്നു’- വിജയലക്ഷ്മി പറഞ്ഞു. ‘നിഴലു പോലെ എന്തോ കാണുന്നുണ്ട്. വ്യക്തമല്ല അതെന്താണെന്ന്.’ വിജയലക്ഷ്മി ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തെപ്പറ്റി വലിയ ആകാംക്ഷകളില്ലാതെ പറഞ്ഞു തുടങ്ങി: ‘എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിച്ച പെരിങ്ങോട് ശങ്കരനാരായണൻ തിരുമേനിയിലൂടെയാണ് ഈ ചികിത്സയിലേക്കുമെത്തിയത്. സിനിമയിൽ പാടുമെന്നും ദേശീയ അവാർഡ് കിട്ടുമെന്നും 35–ാം വയസ്സിൽ മാംഗല്യമുണ്ടാകുമെന്നും വടക്കു നിന്നൊരാളായിരിക്കും വരൻ എന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം തന്നെയാണ് മാട്രിമോണിയലിൽ എന്റെ പരസ്യം കൊടുത്തത്. എല്ലാം അതുപോലെ തന്നെ സംഭവിച്ചു. തിരുമേനിയുടെ ഭാര്യ ജയജ്യോതി‌ ഹോമിയോ ഡോക്ടറാണ്. അവർ പറഞ്ഞറിഞ്ഞതാണ് ഈ ചികിത്സാ രീതിയും. എല്ലാം അദ്ദേഹത്തിന്റെ പ്രാർഥനയാണ്. ‍‍ഞങ്ങൾ രണ്ടിടത്താണെങ്കിലും ഒരുമിച്ചിരുന്നു പ്രാർഥിക്കും. പണ്ട് ഇടതു കണ്ണിലൂടെ മാത്രമേ വെളിച്ചം അറിയാനായിരുന്നുള്ളൂ. ഇപ്പോൾ വലതു കണ്ണിലും അത് അറിയാനാകും.’

നിഴലു പോലെ വിജയലക്ഷ്മിക്കൊപ്പമുള്ള അമ്മയ്ക്കും അറിയാനാകുന്നുണ്ട് ആ മാറ്റം. ‘പണ്ട് നടന്നു പോകുന്ന വഴിയിൽ ആരെങ്കിലും നിന്നാൽ അവൾക്ക് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അവളുടെ അടുത്ത് നമ്മൾ ചെന്നു നിന്നാലും വഴിയിൽ തടസ്സമുണ്ടെങ്കിലുമൊക്കെ അവൾക്കറിയാം. അവിടേക്കവൾ നോക്കുന്നുമുണ്ട്.’: അമ്മ പറഞ്ഞു.

‘തലച്ചോറിലെ ഞരമ്പിനു സംഭവിച്ച തകരാറാണ് വിജയലക്ഷ്മിക്കു കാഴ്ചയില്ലാതാക്കിയത്. പ്രസവ സമയം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. അതിനിടയിൽ സംഭവിച്ച പ്രശ്നമാണ് കുട്ടിയുടെ കാഴ്ച തകരാറിലാക്കിയതെന്നാണ് അനുമാനം. ഞരമ്പ് ഞെരിഞ്ഞ് രക്തയോട്ടം തടസ്സപ്പെട്ടു’. വിജയലക്ഷ്മിയുടെ അമ്മ പറയുന്നു.: ‘ഹോമിയോ ചികിത്സയാണ് വിജയലക്ഷ്മിക്കു ചെയ്യുന്നത്. ഇപ്പോൾ നല്ല വ്യത്യാസമുണ്ട്. കോട്ടയത്തുള്ള സ്പന്ദന എന്ന ആശുപത്രിയിലാണ് ചികിത്സ. നൂറു ഘട്ടങ്ങളിലായിട്ടാണ് മരുന്നു കഴിക്കേണ്ടത്. ഇപ്പോൾ പത്തു ഘട്ടമായി. ഒരു മാസം ഒരു ഘട്ടം എന്ന നിലയ്ക്ക്. ശരിയാകും എന്നാണ് അവരുടെ നിഗമനം. ദൈവത്തിനു നന്ദി പറയുന്നു, പ്രാർഥിക്കുന്നു.’

തെന്നിന്ത്യൻ സംഗീതലോകത്ത് വിജയലക്ഷ്മി മികച്ച ഗായികയെന്നു പേരെടുത്തതും വളർന്നതും പെട്ടെന്നായിരുന്നു. അടുത്ത വീട്ടിലെ മിടുക്കിക്കുട്ടിക്കു  കിട്ടിയ അംഗീകാരങ്ങളെന്നപോലെയാണ് മലയാളി വിജയലക്ഷ്മിയുടെ ഉയർച്ചയിൽ സന്തോഷിച്ചത്. ഒടുവിൽ നമ്മൾ കേൾക്കാൻ കൊതിച്ച ആ വാർത്തയുമെത്തിയിരിക്കുന്നു. കാഴ്ചയുടെ സംഗീതവും വിജയലക്ഷ്മിയിൽ നിറഞ്ഞൊഴുകട്ടെ.