സംഗീതമാണഖിലസാരമൂഴിയിൽ!

റേഡിയേറ്റർ, ക്രാങ്ക്, എൻജിൻ വാൽവ്, കാർബറേറ്റർ... ഏതു വർക്‌ഷോപ്പിലെത്തിയാലും കാണാവുന്ന ഈ യന്ത്രസാമഗ്രികൾ അൻവറിന്റെ കയ്യിലെത്തിയാൽ രൂപവും പേരും മാറും. പിന്നെയവ അറിയപ്പെടുന്നത് ഗിറ്റാർ, ഡ്രംസ്, സാക്സഫോൺ, ബ്യൂഗിൾ എന്നൊക്കെയാവും. പേരിൽ മാത്രമൊതുങ്ങില്ല മാറ്റം. അതുവരെ ഇരമ്പലും മുരൾച്ചയും മാത്രം പുറപ്പെടുവിച്ചിരുന്ന ഇവ ശുദ്ധമധുര സംഗീതം പ്രവഹിപ്പിക്കാൻ തുടങ്ങും.

അതൊന്നു റെക്കോർഡ് ചെയ്തു കേട്ടാലോ, ഒറിജിനൽ സംഗീതോപകരണങ്ങളല്ലെന്ന് കണ്ടുപിടിക്കാൻ കഷ്ടപ്പെടണം. അങ്ങനെ അൻവർ സൃഷ്ടിച്ചെടുത്ത ‘ഉപകരണ സംഗ‍ീതം’ ഇപ്പോൾ രാജ്യാന്തര അംഗീകാരവും സ്വന്തമാക്കിയിരിക്കുന്നു.

ചേതന അക്കാദമിയിലെ പിയാനോ, കീബോർഡ് അധ്യാപകനായ വടൂക്കര കരിപ്പാങ്കുളം അൻവർ മുഹമ്മദ് ആണ് സംഗീതത്തിന്റെ വിചിത്രവഴികളിലൂടെ സഞ്ചര‍ിക്കുന്നത്. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനി സംഘടിപ്പിക്കുന്ന ഒന്നേകാൽക്കോടി രൂപയോളം സമ്മാനത്തുകയുള്ള രാജ്യാന്തര മത്സരത്തിനായി കാറിന്റെ യന്ത്രസാമഗ്രികൾ കൊണ്ട് അൻവർ ഒരുക്കിയ സംഗീതവിസ്മയം ആദ്യത്തെ മികച്ച 17 എണ്ണത്തിൽ ഇടംപിടിച്ചു. പല ലോകരാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത ഒട്ടേറെ സംഗീതജ്ഞരെ പിന്നിലാക്കിയാണ് അൻവറിന്റെ നേട്ടം.

ചുറ്റുമുള്ള എന്തിലുമൊരു താളമുണ്ടെന്നു വിശ്വസിക്കുന്ന അൻവർ കുട്ടിക്കാലം മുതൽക്കേ ആരംഭിച്ചതാണ് സംഗീത പര്യവേഷണം. പിഞ്ഞാണത്തെ സന്തൂർ ആക്കിയും അലൂമിനിയും കുടത്തിൽ തോൽ പൊതിഞ്ഞു ഡ്രംസ് ഉണ്ടാക്കിയും കെട്ടുകമ്പി കൊണ്ട് ഗിറ്റാർ സൃഷ്ടിച്ചുമൊക്കെ അൻവർ കൂട്ടുകാരെ ഞെട്ടിച്ചിരുന്നു. ചേതനയിൽ പിയാനോ അധ്യാപകനായി പ്രവേശിച്ചപ്പോഴും ഈ വിചിത്ര പര്യവേഷണങ്ങൾ നിർത്തിയില്ല. റോഡ് എന്ന സ്ഥാപനം നടത്തുന്ന മത്സരത്തെക്കുറിച്ച് അടുത്തിടെയാണ് കേട്ടത്. സംഘാടകരുമായി ബന്ധപ്പെട്ട് നിയമാവലികൾ മനസിലാക്കിയശേഷം വ്യത്യസ്തമായി എന്തുചെയ്യാൻ കഴിയുമെന്നു ചിന്തിച്ചു. അങ്ങനെയാണ് വർക് ഷോപ്പ് മ്യൂസിക്കിന്റെ പിറവി. ബെംഗളുരുവിലെ ഒരു വർക് ഷോപ്പിലെത്തി കാറിന്റെ യന്ത്രസ‍ാമഗ്രികൾ ശേഖരിച്ചു രൂപമാറ്റം വരുത്തി റെക്കോർഡ് ചെയ്തപ്പോൾ ഉഗ്രൻ ഓർക്കസ്ട്ര രൂപപ്പെട്ടു.

അങ്ങനെയാണ് മത്സരത്തിൽ ആദ്യ 17ൽ എത്താൻ സാധിച്ചത്. ഗദ്ദാമ, ഷാർജ ടു ഷാർജ, റെഡ് ചില്ലീസ് തുടങ്ങി ഒട്ടേറെ സിനിമകൾക്കായി പശ്ചാത്തല ശബ്ദ വൈവിധ്യമൊരുക്കാൻ ഇദ്ദേഹം പ്രയത്നിച്ചിട്ടുണ്ട്. ലോയ്ഡ് എന്ന സുഹൃത്ത് സംവിധാനം ചെയ്ത സംഗീത പരിപാടി സമൂഹ മാധ്യമങ്ങളിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ് അൻവർ.