കട്ട കൂതറ സോങുമായി തിരോന്തരം ബോയ്സ്, തള്ളെ വെറൈറ്റി തന്നെ!!

ലാലേട്ടന്റെ വീടാണിതെന്ന അവകാശ വാദവുമായി തിരുവനന്തപുരത്ത് നിന്ന് ഒരു കൂട്ടം ബോയ്സ്. തിരോന്തരം ബോയ്സ്. കക്ഷികൾ ഇറക്കിയ മ്യൂസിക്കൽ വിഡിയോയിലാണ് ഈ വാദമുള്ളത്. ഈ പരാമർശം അൽപം കലിപ്പാകാൻ സാധ്യതയുള്ളതിനാൽ നേരെ കാര്യത്തിലേക്കു വരാം. എൽബിഡബ്ല്യു എന്ന സിനിമയിലെ പ്രൊമോഷൻ പാട്ടാണിത്. ദാണ്ട, ദേണ്ട, ദോണ്ട, തള്ളേ കലിപ്പ് തീരണിലല്ലാ തുടങ്ങി തിരുവനന്തപുരത്തിന്റെ തനിനാടൻ ചേലെല്ലാമുള്ള പാട്ട് . എൽബിഡബ്ല്യു എന്ന സിനിമയിലേതാണിത്. തിരുവനന്തപുരം ശൈലിയിൽ പാട്ടിറങ്ങുമ്പോഴുള്ള പതിവ് വാക്കുകളുടെ പ്രയോഗം തന്നെയെങ്കിലും സംഗതി തകർപ്പൻ.

ഇത് മാത്രമല്ല, എന്ദരോ മഹാനുഭാവുലു എന്ന ത്യാഗരാജ കീർത്തനം സംഗീത ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ കീർത്തനങ്ങളിലൊന്നാണ്. ആ കീർത്തനത്തെ എന്തരോ മഹാനുഭാവലൂ എന്ന് മാറ്റിപ്പാടി ഇത് ഞങ്ങൾ തിരോന്തരംകാരുടെ ദേശീയ ഗാനമാണെന്ന് പറഞ്ഞത് സുരാജ് വെഞ്ഞാറമൂടാണ്. എന്നാലിനി കടമെടുത്ത് ഞങ്ങളുടെ പാട്ടെന്ന് പറയണ്ട തിരുവനന്തപുരത്തുള്ളവർ. ഞങ്ങൾടെ ഭാഷാ ശൈലിയിലെ പാട്ട് സിനിമയിലില്ലേയെന്ന പരാതിയും തിരോന്തരത്തിനിനി .ഈ ഗാനം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്.

മൂന്ന് മിനുട്ട് 55 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലെ താളം അടിച്ചുപൊളിയുടേത് തന്നെ. ഓൾ മലയാളീസ് ഇൻ ദ വേൾഡ് എന്നൊക്കെ വിളിച്ച് കലിപ്പ് സ്റ്റൈലിൽ തുടങ്ങുന്ന പാട്ടിന് വരികൾ ഒരു പെൺമനസിന്റേതാണ്. ഷാഹിദാ ബഷീർ. ഈണം ഷാ ബ്രോസ്, പാടിയത് ഷബീർ. അദ്വൈദ് ക്രിയേഷൻസിന്റെ ബാനറിൽ ബിഎൻ ഷജീർ ഷാ സംവിധാനം ചെയ്ത് ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ചിത്രമാണിത്.