പ്രേമത്തിലെ പുതിയ പാട്ടിനും പണി കൊടുത്ത് ട്രോളൻമാർ

പ്രേമം തെലുങ്ക് പതിപ്പ് ആണു ട്രോളന്‍മാരുടെ ഇപ്പോഴത്തെ ആഘോഷങ്ങളിലൊന്ന്. ചിത്രത്തിലെ മൂന്നാം ഗാനം എത്തിയതിനു പിന്നാലെയും ട്രോളൻമാർ പണി തുടങ്ങി. മലയാളിയായ അനുപമ പരമേശ്വരനാണ് ഈ പാട്ടിന്റെ രംഗത്തിലുള്ളത്. 

പതിവായി ഞാൻ അവളെ കാണാൻ പോകാറുണ്ടേ എന്ന പാട്ടിന്റെ തെലുങ്ക് വേർഷനാണിത്. നാഗചൈതന്യയുടെ ഡാൻസ് ആണ് ട്രോളൻമാരുടെ മുഖ്യ വിഷയം. പാട്ടിന്റെ ടീസറാണ് ഇപ്പോഴെത്തിയത്. ഈ സിനിമയുടെ ട്രെയിലറും മറ്റു രണ്ടു ഗാനങ്ങളും എത്തിയപ്പോഴും അതിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകളുടെ വലിയ നിരയായിരുന്നു.

നായകന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിൽ നടക്കുന്ന പ്രണയമാണ് പ്രേമം എന്ന ചിത്രം പറഞ്ഞത്. ഇതിൽ ആദ്യത്തെ പ്രണയത്തെ കുറിച്ചുള്ള രംഗങ്ങളിലാണ് അനുപമ പ്രത്യക്ഷപ്പെടുന്നത്. മേരി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മേരിയോട് തന്റെ പ്രണയം പറയുവാനായി നായകൻ നടത്തുന്ന രസകരമായ കാര്യങ്ങൾ ദൃശ്യവൽക്കരിച്ച പാട്ടായിരുന്നു പതിവായി ഞാൻ അവളെ കാണാൻ പോകാറുണ്ടേ എന്നത്. അൽഫോൺസ് പുത്രനാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്. ചന്ദൂ മൊണ്ടേടി ആണ് തെലുങ്ക് വേര്‍ഷന്റെ സംവിധാനം.