Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടുപെണ്ണായി മിയ; അഴകേറെ ഈ പ്രണയ ഗാനത്തിന്

mia-unni-mukundan-song

ഒരിക്കലെങ്കിലും ചെന്നെത്തിയിട്ടുണ്ടെങ്കിൽ പിന്നെ പ്രണയിക്കാതിരിക്കാനാകില്ല കാടിനെ. ഈ പാട്ടും അതുപോലെയാണ്. മനസ്സിലേക്കു പ്രണയം മാത്രം പകരുന്ന ഹൃദയഹാരിയായ ഈണം. പിന്നെയും കേൾക്കാൻ തോന്നുന്ന പ്രണയഗാനം. കാടുതേടിയുള്ള യാത്രയിൽ ആദ്യം കാണുന്ന കാഴ്ചയോടു തോന്നുന്ന അതേയിഷ്ടം തോന്നും ഈ ഗാനത്തോടും. ഇര എന്ന ചിത്രത്തിലേതാണീ ഈ പ്രണയപ്പാട്ട്. 

ഒരു മൊഴി പറയാം...എന്ന വരികളിൽ തുടങ്ങുന്ന ഗാനത്തിനു സംഗീതം ഗോപി സുന്ദറിന്റേതാണ്. വരികൾ ബി.കെ.ഹരിനാരായണനും. വിജയ് യേശുദാസും മൃദുല വാര്യറും ചേർന്നാണീ പാട്ടു പാടിയത്. ഗോപി സുന്ദറിന്റെ മധുരതരമായ മെലഡികള്‍ക്കൊപ്പം ഇനി ഈ ഗാനത്തേയും ചേർത്തുവയ്ക്കാം. ഒരിടവേളയ്ക്കു ശേഷമാണ് മൃദുല വാര്യറുടെ സ്വരഭംഗിക്കും ആലാപനമികവിനും ചേർന്നൊരു പാട്ട് മലയാളികള്‍ കേൾക്കുന്നതും. പാട്ടിന്റെ വരികളും സംഗീതവും പോലെ ഹൃദ്യമാണു ദൃശ്യങ്ങളും. കാട്ടുപെണ്ണായി മിയയും കാടിൻ കാഴ്ചകൾക്കൊപ്പം അവളേയും പ്രണയിച്ചു മനസ്സോടു ചേർക്കുന്നയാളായി ഉണ്ണി മുകുന്ദനുമെത്തുന്നു. കാടിന്റെ ഭാവഭേദങ്ങളുെട പശ്ചാത്തലത്തിൽ അവർ പ്രണയിച്ചു നടക്കുന്ന കാഴ്ചയും പാട്ടു പോലെ നമുക്കിഷ്ടമാകും. 

സൈജു എസ്.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ് ആണു മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. വൈശാഖും ഉദയകൃഷ്ണയും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണിത്. മനോരമ മ്യൂസിക് ആണു പാട്ട് പുറത്തിറക്കിയത്.