പത്തുവർഷങ്ങൾക്കു ശേഷം, ഭാവലയങ്ങളുമായി ലതിക

പാട്ടിന്റെ ഭാവലയങ്ങളുമായി കേൾവിക്കാരന്റെ കാതുകൾക്കു ഗൃഹാതുരത്വമേകാൻ പത്തുവർഷങ്ങൾക്കു ശേഷം ഗായിക ലതികയുടെ പാട്ടുകളെത്തുന്നു. ബൽറാം സംവിധാനം ചെയ്ത ‘സൂര്യഭദ്രം’ എന്ന ചിത്രത്തിലെ ‘മനസ്സിൽ കൊളുത്തിയ ഒറ്റവിളക്കിൻ നാളം…’ എന്ന ഗാനമാണ് ലതിക ആലപിച്ചത്.

വിഭ്രാന്തിയുള്ള മകൻ, അവനെ കാണാതെ കാത്തിരിക്കുന്നൊരമ്മ… ഗാനപശ്ചാത്തലം പറഞ്ഞപ്പോൾ തന്നെ ഗായിക ലതികയുടെ ശബ്ദം കഥാപാത്രത്തെ ആവാഹിച്ചു. നിമിഷങ്ങൾക്കകം വളരെ ഉച്ചസ്ഥായിലുള്ള ഗാനം റെക്കാഡ് ചെയ്യപ്പെട്ടു. പാടി പതിഞ്ഞവരുടെ പ്രത്യേകതയതാണെന്ന് സംഗീതസംവിധായകരായ സതീഷും വിനോദും പറയുന്നു. ധർമ്മവതി രാഗത്തിലാണ് ഗാനം ചിട്ടപെടുത്തിയിട്ടുള്ളത്. അപൂർവമായാണ് ഈ രാഗം മലയാളസിനിമയിലുള്ളതെന്ന് ഗായിക ലതികയും. നീണ്ട പത്തുവർഷത്തെ ഇടവേള കഴിഞ്ഞാണ് ലതിക വീണ്ടും മലയാളത്തിൽ സജീവമാകുന്നത്. സിനിമയുടെ സന്ദർഭത്തിനുവേണ്ടുന്ന തേങ്ങലും വേദനയും ലതികയുടെ ശബ്ദത്തിൽ ഭദ്രമായിരുന്നു. പാട്ടിന്റെ റെക്കാഡിങ്ങ് വേളയിൽ ചിത്രത്തിലെ മറ്റൊരു ഗാനം ആലപിക്കുവാൻ ഗായകൻ ജയചന്ദ്രനും എത്തിയിരുന്നു. അദ്ദേഹം വളരെ നല്ല പ്രോത്സാഹനമാണ് തന്നതെന്നും ലതിക പറഞ്ഞു.

സ്വാതി തിരുന്നാൾ സംഗീതകോളേജിൽ നിന്നും വിരമിച്ച ശേഷം സിനിമയിൽ സജീവമാകുന്ന ലതിക ആദ്യം ‘പി.കെ.റോസി’ എന്ന ചിത്രത്തിലെ പാട്ടുപാടുന്നതായിരുന്നു റിപോർട്ടുകൾ, പക്ഷെ ആദ്യം റെക്കാഡ് ചെയ്തത് സൂര്യഭദ്രത്തിലെ പാട്ടായിരുന്നു. ഗാനങ്ങൾ എഴുതിയത് കെ.വി.ശ്രീധരനാണ്. ഗാനങ്ങൾ റെക്കാഡ് ചെയ്തത് തൃശൂർ ശ്രീരാഗിലാണ്.

ചിത്രം: സൂര്യഭദ്രം

സംഗീതം: സതീഷ് വിനോദ്

ഗാനരചന: കെ.വി.ശ്രീധരൻ

ആലാപനം: ലതിക

.....

മനസ്സിൽ കൊളുത്തിയ ഒറ്റവിളക്കിൻ നാളം

വീണുടഞ്ഞൊരീ സോപാനത്തിൽ

സംവത്സരങ്ങളായ് കാത്തുകാത്തിരിക്കയായ്

ഒന്നിങ്ങു വന്നെങ്കിലെൻ മകനേ….

.....

ആയിരം ജന്മങ്ങൾ നേദിച്ചു നേടിയ പുണ്യജന്മമല്ലേ

അകതാരിൽ കോവിലിലൊരന്തിത്തിരിയായി

കൂരിരുൾ വീഴ്ത്തിയല്ലോ

തേങ്ങലടക്കാൻ കഴിയാത്ത വേദന

തന്നു നീയെങ്ങോ മറഞ്ഞു നില്പൂ

.....

ചിരകാലമായി പൂവിട്ടു പൂജിച്ച

ദേവകളൊക്കെയും മിഴിയടച്ചു

എന്നു ഞാൻ ഈ ഊന്നുവടിയിൽ

നിന്നടർന്നൊടുങ്ങീടുമെന്നറിയില്ലാ…

പ്രളയാന്തരം ഓരാലിലമേലെ നീ

ഒഴുകീടുമോ എന്റെ കണ്ണാ…

.....

എൻ മടിത്തട്ടിൽ മയങ്ങേണ്ട മണിവർണ്ണൻ

വിഭ്രാന്തി തൻ തീരത്തലയുകയോ സ്നേഹ

പാലാഴികടഞ്ഞമ്മ പ്രാണനുമായി

നീ വരുവോളം കാത്തിരിക്കും വഴി

കണ്ണുമായ് തൃപ്പടിയിൽ കാത്തിരിക്കും…