ഈണങ്ങളിലൂടെ വിരിഞ്ഞ 'വെള്ളൈ പൂക്കൾ'

നമ്മുടെ താളങ്ങൾ വിദേശികൾ ഏറ്റുപാടുന്നതു കേൾക്കുവാൻ എപ്പോഴുമൊരു കൗതുകമില്ലേ. അമേരിക്കക്കാരിയായ കരോളിനും ഏബെലുമടങ്ങുന്ന വാദ്യോപകരണ സംഘം വെള്ളൈപ്പൂക്കളെന്ന റഹ്മാന്‍ പാട്ടിനെ വായിക്കുമ്പോൾ അനുഭവപ്പെടുന്നതു കൗതുകം മാത്രമല്ല. സംഗീതത്തിന്റെ അനുപമമായ സാന്നിധ്യം കൂടിയാണ്. സ്ട്രിങുമായി കരോളിനും വയലിനുമായി ഏബെലും  മനോജും പിന്നെ കീബോർ‍ഡുമായി കീതനും ഒന്നുചേർന്നു തീര്‍ത്ത നാദപ്രപഞ്ചത്തിൽ വിരിഞ്ഞു വന്നു കൈക്കുടന്ന നിറയെ വെള്ളൈപ്പൂക്കൾ. 

കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലേതാണീ പാട്ട്. വൈരമുത്തുവിന്റെ വരികൾ‌ പാടിയതും റഹ്മാൻ തന്നെ. റഹ്മാനെ തേടി ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം പ്രാവശ്യമെത്തിയതും ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്.

റഹ്മാന്‍‌ ഗാനങ്ങളിൽ എന്നും കവർ വേർഷനുകളിറങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് കന്നത്തിൽ മുത്തമിട്ടാലിലെ പാട്ടുകളിൽ. അക്കൂട്ടത്തിൽ ഏറ്റവും മനോഹരമെന്നു വിശേഷിപ്പിക്കാം ഈ വിഡിയോയെ.