അനാര്‍ക്കലിക്ക് വിദ്യാസാഗറിന്റെ സംഗീതം

വിദ്യാസാഗര്‍

മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സച്ചി - സേതു. ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം കുട്ടുകെട്ട് പിരിഞ്ഞിരുന്നു. സച്ചി ഒറ്റക്ക് തിരക്കഥയെഴുതി റണ്‍ ബേബി റണ്‍, ചേട്ടായീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകനാവുകയാണ്. സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അനാര്‍ക്കലിക്ക് വിദ്യാസാഗറാണ് സംഗീതം നല്‍കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം വിദ്യാസാഗര്‍ ഈണം പകരുന്ന ചിത്രമാണ് അനാര്‍ക്കലി.

സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ബിജു മേനോന്‍, കബീര്‍ ബേദി, പ്രിയല്‍ ഗോര്‍, മിയ, രാജീവ് മേനോന്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, മധുപാല്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. റഫീഖ് അഹമ്മദ്, രാജീവ് നായര്‍, മനോജ് മുന്‍താഷിര്‍ തുടങ്ങിയവരാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. മാജിക്ക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലക്ഷദ്വീപ്, കൊച്ചി, പൂനൈ, ലഖ്‌നൗ, കുട്ടനാട് എന്നിവിടങ്ങിലായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം അടുത്തമാസം തീയേറ്ററിലെത്തും.