പ്രണയഗാനം പാടി വിജയ് യേശുദാസും മധുശ്രീയും

മണ്ണപ്പം ചുട്ടുകളിച്ചും അതിരുകളില്ലാതെ വേർതിരിവുകളില്ലാതെ എല്ലാത്തിനേയും സ്നേഹിച്ചും കഴിഞ്ഞ ആ നിഷ്കളങ്കമായ കാലം. ബാല്യം. ഓരോ മനുഷ്യനും ഏറ്റവുമധികം ഓർക്കുവാൻ ഇഷ്ടപ്പെടുന്ന ഈ കാലത്തെ കുറിച്ചുള്ളതാണ് കാപ്പിരിത്തുരുത്ത് എന്ന ചിത്രത്തിലെ ഒരു ഗാനം. ബാല്യത്തിലേ ഒപ്പമുള്ള പ്രണയത്തിന്റെ ഓർമകളെ കുറിച്ചു പാടിയ പ്രണയഗാനത്തിന്റെ ഏറ്റവും മനോഹരമായ വശം അതിന്റെ ആലാപന ഭംഗിയാണ്. വിജയ് യേശുദാസും മധുശ്രീ നാരായണനും ചേർന്നാണീ ഗാനം പാടിയത്. മനോരമ മ്യൂസിക് ആണു ഗാനം പുറത്തിറക്കിയത്. 

പണ്ടത്തെ കല്യാണ വീടുകളെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങൾ. കേൾക്കാൻ കൊതിച്ച വരികളും. ലളിതമായ വരികൾക്ക് നെഞ്ചോടു ചേർന്നിരിക്കുന്ന ആലാപനം.  രാത്രിയിൽ കടലോരത്ത് ഒറ്റയ്ക്കിരുന്ന് കേൾക്കുവാൻ തോന്നുന്നൊരു ഈണത്തിന്റെ ചേലുണ്ട് റഫീഖ് യൂസഫിന്റെ സംഗീതത്തിന്. മേപ്പള്ളി ബാലന്റേതാണു വരികൾ. മധുശ്രീയും വിജയ് യേശുദാസും ചേർന്നു പാടുന്ന രണ്ടാമത്തെ സിനിമാ ഗാനമാണിത്. 2014ൽ പുറത്തിറങ്ങിയ ഒറ്റമന്ദാരം എന്ന ചിത്രത്തിൽ ഇരുവരും ചേർന്നു പാടിയ ആരു വാങ്ങുമിന്നാരു വാങ്ങും എന്ന പാട്ടും ഇതുപോലെ ഹൃദയം തൊടുന്നതായിരുന്നു. 

സഹീർ അലി സംവിധാനം ചെയ്യുന്ന ചിത്രം 20 20 മൂവീ ഇന്റർനാഷണലിന്റെ ബാനറിൽ അഹമ്മദ് പാലപ്പറമ്പിലാണു നിർമ്മിക്കുന്നത്.