മരിക്കുന്നതിന് മുൻ‌പ് എനിക്ക് കവിതയെഴുതാനായല്ലോ...

മരിക്കുന്നതിന് മുൻ‌പ് എനിക്ക് കവിതയെഴുതാനായല്ലോ....ഒഎൻവി സർ പറഞ്ഞ ആ വാക്കുകൾ മനസില്‍ മുഴങ്ങുന്നു. അറംപറ്റിയപോലുള്ള വാക്കുകൾ.ഒഎൻവി അവസാനമായി പാട്ടുകളെഴുതിയത് വിനോദ് മങ്കരയുടെ ചിത്രമായ കാംബോജിക്ക് വേണ്ടിയായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ആ നിമിഷങ്ങളെ കുറിച്ച് മനോരമ ഓൺലൈനുമായി വിനോദ് മങ്കര സംസാരിക്കുന്നു.

കാംബോജി എന്ന ചിത്രത്തിലേക്കുള്ള പാട്ടുകൾക്കായാണ് ഞാൻ അദ്ദേഹത്തെ സമീപിച്ചത്. സംഗീതാത്മകമായ എന്റെ ചിത്രത്തിന് കവിത പോലുള്ള പാട്ടുകളെഴുതി തരുവാൻ അദ്ദേഹത്തെ കൊണ്ടേ സാധിക്കൂ. എന്നാലേ ഒരു പൂർണത വരൂ എന്നെനിക്ക് അറിയാമായിരുന്നു. ഞാനും എം ജയചന്ദ്രനും കൂടി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ശാരീരികമായി അവശതയിലായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമത്തിലേക്ക് ചികിത്സക്കായി പോകാനിറങ്ങുകയായിരുന്നു അന്ന്. വലതുകൈ അനക്കാൻ വയ്യാത്ത അവസ്ഥ. ചിത്രത്തിന്റെ പശ്ചാത്തലമൊക്കെ എഴുതി പാട്ട് വരുന്ന സന്ദർഭമൊക്കെ സാഹിത്യപരമായി എഴുതിക്കൊണ്ടാണ് പോയത്. എപ്പോഴുമങ്ങനെയാണ്. ഞാൻ അങ്ങനെ എഴുതിക്കൊണ്ട് ചെല്ലുന്നത് വായിക്കാൻ അദ്ദേഹത്തിന് ഇഷ്ടവുമായിരുന്നു. ഇത്തവണയും ആ പതിവിന് മാറ്റം വരുത്തിയില്ല. അതുകൊണ്ടാകണം ആദ്യം ചെറിയ മടിയുണ്ടായെങ്കിലും അദ്ദേഹം പാട്ടുകൾ എഴുതി തരാമെന്ന് സമ്മതിച്ചത്.

പക്ഷാ ഇപ്പോഴൊന്നും പാട്ടുകൾ പ്രതീക്ഷിക്കരുത് എന്നും പറഞ്ഞിരുന്നു. എനിക്കും അതിൽ കുഴപ്പമൊന്നുമില്ലായിരുന്നു. എപ്പോൾ തന്നാലും മതി. അദ്ദേഹത്തിന്റെ കവിത എനിക്ക് എന്റെ ചിത്രത്തിൽ വേണം. അതിനായി കാത്തിരിക്കുവാൻ എനിക്ക് മടിയില്ലായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒത്തിരി സന്തോഷം തോന്നി. പക്ഷേ അധിക ദിവസം കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പത്നി വിളിച്ചു. പാട്ടെഴുതി വച്ചിട്ടുണ്ട്. ആശുപത്രിയിലെത്തണം. നേരിട്ട് കണ്ട് പാട്ടുകൾ കൈമാറണമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. ഇത്രവേഗം അദ്ദേഹം പാട്ടുകളെഴുതി തരുമെന്ന് കരുതിയേ ഇല്ല. ആശുപത്രിയിലെത്തുമ്പോൾ ക്ഷീണിതനായിരുന്നു അദ്ദേഹം. മൂന്നു പാട്ടുകളായിരുന്നു ഞാൻ ആവശ്യപ്പെട്ടിരുന്നത്. മൂന്നും അദ്ദേഹം എഴുതിക്കഴിഞ്ഞിരുന്നു. പൊട്ടിയ കൈവച്ച് വേദന സഹിച്ച് ആ പാട്ടുകൾ എഴുതി തീര്‍ത്തു. പാട്ട് പറഞ്ഞുകൊടുത്ത് എഴുതിച്ചാൽ ഒരു സുഖമുണ്ടാകില്ല അദ്ദേഹത്തിന്. പത്നി പിന്നീട് പാട്ടുകൾ പകർത്തിയെഴുതി തന്നു. ഇത്രവേഗം പാട്ട് തയ്യാറാക്കിയതിൽ എനിക്ക് അത്ഭുതത്തോടെ നിന്ന എന്നോട് അദ്ദേഹമിങ്ങനെയാണ് പറഞ്ഞത്,

ഞാൻ കാരണം നിങ്ങളുടെ ചിത്രം വൈകരുത്. അതാണ് വേഗം എഴുതിയത്...അദ്ദേഹത്തിൽ നിന്ന് വീണ്ടും ആ സ്നേഹം അനുഭവിക്കാനായി. പതിവിൽ നിന്നും വ്യത്യസ്തമായൊരു കൂടിക്കാഴ്ച പോലെ തോന്നി. തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. ഞാൻ കവിതയെഴുതും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടുള്ള ഇഷ്ടം വേറെ...ഇനിയില്ല എന്നോർക്കുമ്പോൾ വല്ലാത്ത വിങ്ങൽ.

തയ്യാറാക്കിയത്: ലക്ഷ്മി