മിടുക്കി ഇടുക്കിക്ക് വയലിന്റെ മാന്ത്രികത നിറച്ചപ്പോൾ

സാഹിത്യവും സംഗീതവും അതീവ സുന്ദരമാം വിധം കൂടിക്കലർന്നപ്പോൾ മാത്രമേ സിനിമാ സംഗീതം കാലാതീതമായിട്ടുള്ളൂ. പഴയ പാട്ടുകളാണ് ഏറെ മനോഹരമെന്ന് മലയാളി എപ്പോഴും പറയുന്നതിനു കാരണവും ഇതുതന്നെയാണ്. ഇടുക്കിയെന്ന മലനാടൻ സുന്ദരിയേയും അവിടത്തെ ജനജീവിതത്തിന്റെ ശ്വാസത്തേയും വരികളാക്കി റഫീഖ് അഹമ്മദ് എഴുതി ബിജിബാൽ ഈണമിട്ട പാട്ടിനെ നമ്മളിത്രയേറെ ഇഷ്ടപ്പെട്ടതും ഇക്കാരണം കൊണ്ടുതന്നെ. ലളിത സംഗീതത്താൽ ബിജിബാൽ ഈണമിട്ട് പാടിയ പാട്ടിനെ ഏത് വാദ്യോപകരണങ്ങളിൽ വായിച്ചാലും സുന്ദരമായിരിക്കും. ഗായികയായ രൂപ വയലിനിൽ ഈ ഈണത്തെ പകർത്തി വായിച്ചപ്പോൾ അതേറെ ഹൃദ്യമായതും അതുകൊണ്ടു തന്നെ. ഒരു മിനുട്ട് 47 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോ ശ്രദ്ധ നേടുന്നു. വയലിനിൽ പാട്ടു വായിക്കുന്ന വിഡിയോ രൂപ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ആഷിഖ് അബു നിർമ്മിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഇടുക്കിയെ കുറിച്ചുള്ള മലമേലേ തിരിവച്ച് പെരിയാറിന്‍ തളയിട്ട് എന്നു തുടങ്ങുന്ന പാട്ടുൾപ്പെടെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസില്‍, അലൻസിയർ ലോപ്പസ്, സൗബിൻ, അനുശ്രീ, അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.