അനിരുദ്ധ് വിളിച്ചു വിശാൽ ദഡ്ലാനി വീണ്ടും പാടി

തെന്നിന്ത്യൻ സംഗീതസംവിധായകൻ അനിരുദ്ധിന്റെയും ബോളിവുഡ് ഗായകനായ വിശാൽ ദഡ്ലാനിയുടേയും കൂട്ടുകെട്ട് തമിഴകത്തിന് സമ്മാനിച്ചിരിക്കുന്നത് അടിപൊളി പാട്ടുകളാണ്. വീണ്ടും ഒരു തട്ടുപൊളിപ്പൻ ഗാനവുമായി എത്തുകയാണീ കൂട്ടുകെട്ട്്. തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് നായകനാവുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. നേരത്തെ അനിരുദ്ധ് സംഗീതം നിർവ്വഹിച്ച വണക്കം ചെന്നൈ, കത്തി എന്നീ ചിത്രങ്ങൾക്കുവേണ്ടി വിശാൽ പാടിയിട്ടുണ്ട്.

അനിരുദ്ധിന്റെ ക്ഷണം സ്വീകരിച്ചാണ് വീണ്ടുമൊരു തമിഴ് പാട്ട് പാടിയത്, ഒരു തട്ടുപൊളിപ്പൻ ഗാനമാണ് തല56ലേത്. എന്ന് വിശാൽ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ജങ്കാർ ബീറ്റ്സ്, ദസ്, ബ്ലഫ്മാസ്റ്റർ, ഓം ശാന്തി ഓം, ദോസ്താന, സ്റ്റുഡൻ ഓഫ് ദ ഇയർ, രാവൺ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനാണ് വിശാൽ.

എന്നൈ അറിന്താൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തല നായകനാവുന്ന ചിത്രമാണ് തല56. സിരുതൈ, വീരം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ജയമോഹൻ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് തല 56.