മെസി! സമഗ്രതയുള്ള ഒരു സംഗീത ശിൽപം

ലയണല്‍ മെസി... കൂട്ടുകാരുടെ ലിയോ... ഫുട്‌ബോളിന്റെ ഇതിഹാസം. ഒരിക്കലെങ്കിലും ആ കളി കണ്ടവര്‍ മറക്കില്ല മെസിയെ. കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് മെസി ബുട്ടുകെട്ടുമ്പോള്‍ 23 വര്‍ഷത്തെ കിരീട ദാരിദ്ര്യം തീര്‍ക്കാനുള്ള കളിയായിരിക്കണം അതെന്നായിരുന്നു പ്രാര്‍ഥന. പക്ഷേ ഒന്നും യാഥാർഥ്യമായില്ല. കളിയിലെ 'കളി'യിൽ മെസി തോറ്റുമടങ്ങി. അർജന്റീനയുടെ ജേഴ്സിയണിഞ്ഞ് ഇനി കളിക്കാൻ ഞാനില്ലെന്ന പ്രഖ്യാപനവും നടത്തി. മെസിയെ കുറിച്ചാണ് സമൂഹമാധ്യമങ്ങൾ സംസാരിക്കുന്നത്. കളിക്കു മുൻപും പിൻപും. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. ഗസല്‍ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ ഫേസ്ബുക്കിൽ കുറിച്ചതും അതായിരുന്നു. കളിക്കു മുന്‍പുള്ള മെസിയെ കുറിച്ച് ഷഹബാസെഴുതിയ വാക്കുകൾ ഈ നിമിഷത്തിൽ പ്രസക്തമാകുന്നു. ഒന്നും പറയാതെ, മെസി അർജന്റീനയുടെ ജഴ്‍സിയഴിക്കുമ്പോൾ, ഷഹബാസ് അമനെഴു‌തിയ ആ വാക്കുകളിൽ കളിയാരാധകരുടെ കണ്ണീരു നിറയുന്നു. മെസിയെ സമഗ്രതയുള്ള ഒരു സംഗീത ശില്‌പമെന്നാണ് ഷഹബാസ് അമൻ വിശേഷിപ്പിക്കുന്നത്. വായിക്കാം ആ വരികൾ‌. 

"മെസ്സി ! ഫുട്ബാളില്‍ ഇന്ന് ജീവിച്ചിരിക്കുന്നതിലേക്കും വെച്ച് ഏറ്റവും സമഗ്രതയുള്ള ഒരു സംഗീത ശില്പമാണ്.ഇടങ്കാല്‍ കൊണ്ട് നോട്‌സ് എഴുതുന്നു എന്നത് മാത്രമല്ല .വലംകാലിനാല്‍ നിശ്ശബ്ദതയെ അളന്നു കുറിച്ചു വെക്കുന്നതും കാണേണ്ടത് തന്നെ.അക്കോര്‍ഡിയന്റെ കാറ്റുപാളികളില്‍ കൂടി ഒളിച്ചു കടക്കുന്ന ടാന്‍ഗോ, ബ്യൂണസ് അയേര്‍സിലെ ഒരു തെരുവില്‍ കുട്ടികളോടൊപ്പം നൃത്തം ചെയ്യുകയും പിന്നാലെ ലാ പെര്‍ലാ കടല്‍ത്തീരത്ത് വസ്ത്രങ്ങളൂരി വെച്ച് ,നീല വെള്ളാഴത്തിലേക്ക് ഗ്ലുക് എന്ന് ഊളിയുടുകയും ചെയ്യുമ്പോള്‍ എന്തൊരു സന്തോഷമായിരിക്കും ആകാശത്തിന് എന്ന് സങ്കല്‍പ്പിച്ചുകൊണ്ടായിരിക്കുമോ ഡീ കോര്‍ട്ടില്‍ വെച്ച് അയാള്‍ പന്തിനോട് മിണ്ടുന്നതും പുല്‍ത്തകിടിയില്‍ സ്റ്റഡ്‌സുകള്‍ കൊണ്ട് കോഡ്‌സുകള്‍ എഴുതി വെക്കുന്നതും ? ക്രോസ് ബാര്‍ നോക്കാതെത്തന്നെ മതിലുകള്‍ക്കപ്പുറം അയാള്‍ കുറിക്കുന്ന ഓരോ നോട്ടേഷനും ലണ്ടന്‍ ഫില്ലാര്‍മണിക്ക് അയച്ചു കൊടുത്താല്‍ ഒരു കംബോസ്സറുടെ അംബീഷ്യസ് ടാസ്‌കിനെ ഇത്ര ഈസിയായി മറി കടക്കാമോ എന്നവര്‍ അതിശയിക്കും ! ഒരു പച്ചത്തുള്ളനെപ്പോലെ പുല്‍മൈതാനത്ത് ടിക് ടിക് എന്ന് നടന്നു പോകുന്നത് കണ്ടാല്‍ ക്യാമറ ട്രിക്ക് ആണെന്ന് തോന്നും .സാധാരണ മലയാളത്തില്‍ പറഞ്ഞാല്‍ ലയണല്‍ മെസ്സി ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം തന്നെയാണ് ! ഇളയരാജ നമ്മുടെ കാലത്ത് നമ്മോടൊപ്പം കഴിയുന്നത് കൊണ്ട് നമുക്ക് അത്ര മനസ്സിലാകാത്ത പോലെത്തന്നെ !

കാലില്‍ കുറെ നേരം വെച്ചു പന്ത് ചീഞ്ഞു പോകാതെയും ആപത്തുകാലത്ത് കാലില്‍ നിന്നെടുത്ത് കൂട്ടുകാരന് കൊടുത്തും വെറുതേ നാവു നീട്ടിപ്പായാതെ ദ്രിബ്ലിന്‍ഗിനും പാസ്സിനും ഇടയില്‍ ആവശ്യത്തിനു വിശ്രമിച്ചും മിന്നായമാകുമ്പോള്‍ പെരുമ്മിന്നായമാവുകയും മടിയനാകുമ്പോള്‍ കുഴിമാടിയനാവുകയും ഇടക്കിടക്ക് കുരിശു വരച്ച് കൊണ്‌ജോറിയന്‍ ആകാതെയും അത്യാവശ്യത്തിന് മാനത്തേക്കൊന്ന് നോക്കിയും അതിനൊത്ത് ഭൂമിയളന്നും കൈ വീശി കുറിയ മട്ടില്‍ നടന്നു പോകുന്ന ആ പോക്ക് ,ചരിത്രത്തിലേക്കു തന്നെ !

സ്വര്‍ണ്ണപ്പരസ്യത്തിനെന്നും പറഞ്ഞ് ഭാവിയില്‍ ഇവിടെയെങ്ങാനും വന്ന് ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു.നമുക്ക് ഇഷ്ടമുള്ളവര്‍ മാനം കെടുന്നത് നമുക്കിഷടമല്ല ! അല്ലെങ്കില്‍ വേണ്ട.വേണ്ടാത്തത് ആലോചിക്കണ്ട . എഴുതി വന്നത് പൂര്‍ത്തിയാക്കാം .ഓരോന്നോര്‍ത്താല്‍ ആ ഫ്‌ലോ അങ്ങ് പോകും .ഈ ഭാഗം ഒഴിവാക്കി തുടര്‍ന്ന് വായിക്കുന്നതിനു നന്ദി .

അയാള്‍ക്ക് പന്ത്കിട്ടുമ്പോള്‍മാത്രം അര്‍ജന്റീന ഒരുസമ്പന്നരാജ്യമായിമാറുന്നു .അയാള്‍ കരക്കിരിക്കുമ്പോളാകട്ടെ ഒരു ലോറിക്ക് നോട്ടുമായി പോകണം, ഒരുകിലോ ബീഫിന് ! അര്‍ജന്റീനക്കൊപ്പം നില്‍ക്കണമെങ്കില്‍ ചിലിക്കൊപ്പം നില്‍ക്കണം എന്ന് പറയും പണ്ടുള്ളവര്‍ ! എന്നാലേ,ഓലുണരൂ എന്നാണ് ! ഓരോരോ തിയറികളെയ് ! ഐടന്റ്റിറ്റി രാഷ്ട്രീയവുമായി ചേര്‍ത്തു വെച്ചു നോക്കിയാല്‍ ഫുട്ബാള്‍ എന്ന് പരത്തിപ്പരയരുത് എന്നാണ് ഇപ്പോള്‍ ഉള്ളവര്‍ പറയുക . ചിലിയെങ്കില്‍ ചിലി ,അര്‍ജന്റീനയെങ്കില്‍ അര്‍ജന്റീന !

ശരി . എങ്കില്‍, മെസ്സി !"