ആറ്റുവഞ്ചിക്കടവില്‍ പൂത്ത കുങ്കുമപ്പൂവുകള്‍

നല്ല സുറുമ.. നല്ല സുറുമ

കൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി

മന്ദാരക്കണ്ണിണയില്‍

സുന്ദരിമാരണിയും സുറുമ...

നല്ല സുറുമ നല്ല സുറുമ...

ഖാദര്‍. അരനൂറ്റാണ്ട്‌ മുമ്പ്‌ മലയാളിപ്പെണ്‍കിടാങ്ങളുടെ മന്ദാരക്കണ്ണിണകളെ സുറുമയെഴുതിക്കാനെത്തിയവന്‍. ജനപ്രിയ കള്ളന്‍ സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയുടെ നേര്‍പെങ്ങള്‍ നബീസയുടെ മനംകവര്‍ന്ന പെരുങ്കള്ളന്‍. മറുനാട്ടിലും മലനാട്ടിലും പേരുകേട്ട സുറുമ വ്യാപാരി. എന്നാല്‍ കേവലം സുറുമക്കച്ചവടക്കാരന്‍ മാത്രമായിരുന്നില്ല ഖാദര്‍. സുറുമയുടെ പരസ്യപ്പാട്ടിനൊപ്പം നാട്ടാരുടെ മുന്നിലേക്ക്‌ അയാള്‍ അഴിച്ചുവച്ചത്‌ മധുരഗാനങ്ങളുടെ ഒരു വലിയ ഭാണ്ഡക്കെട്ട്‌. അതോടെ മലയാളികളുടെ പ്രണയ - ജീവിത സങ്കല്‍പ്പങ്ങള്‍ ആറ്റുവഞ്ചികളായി പൂത്തുലഞ്ഞു. തങ്കക്കിനാവുകളുടെ താഴ്‌വര നീളെ മധുരപ്രതീക്ഷകളുമായി കുങ്കുമപ്പൂവുകള്‍ പൂത്തു നിന്നു. ജനപ്രിയ ഗാനങ്ങളുമായി ജനപ്രിയകള്ളന്‍ 'കായംകുളം കൊച്ചുണ്ണി' മലയാളക്കരയുടെ ഹൃദയം കവരാനിറങ്ങിയിട്ട്‌ അരനൂറ്റാണ്ട്‌ തികയുന്നു.

ഐതിഹ്യമാലയില്‍ നിന്ന്‌ വെള്ളിത്തിരയിലേക്ക്‌

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ പുസ്‌തകത്താളില്‍ നിന്നും നേരേയിറങ്ങി കായംകുളം കൊച്ചുണ്ണി എന്ന മിത്ത്‌ വെള്ളിത്തിരയില്‍ കയറിപ്പറ്റുന്നത്‌ 1966 ജൂലൈ 29ന്‌. മുഴുപ്പട്ടിണിയില്‍ നിന്നും രക്ഷതേടി എട്ടുവയസ്സുകാരന്‍ കൊച്ചുണ്ണി വീടുവിട്ടിറങ്ങുന്നിടത്താണ്‌ സിനിമയുടെ തുടക്കം. ഉമ്മയേയും അനുജത്തിയേയും പോറ്റാന്‍ അവനൊരു പീടികത്തൊഴിലാളിയായി. ഉമ്മ മരിച്ചപ്പോള്‍ അനുജത്തി നബീസയെ സ്വന്തം തോളത്തിട്ടു വളര്‍ത്തി. പൊന്നാനിക്കാരന്‍ കളരിയാശാന്റെ ശിഷ്യനാവാന്‍ കൊതിച്ചു. പക്ഷേ പണമില്ല. രാത്രികാലങ്ങളില്‍ ഗുരുകുലത്തിനടുത്ത മരക്കൊമ്പിന്മേല്‍ ഒളിച്ചിരുന്ന്‌ പീടികജോലിയില്‍ വീഴ്‌ചവരുത്താതെ പഠനം. പക്ഷേ ഒരുദിവസം കൊമ്പൊടിഞ്ഞു നേരെ വീണത്‌ ഗുരുവിന്‌ മുന്നില്‍. സാമര്‍ത്ഥ്യം തെളിയിച്ച ശിഷ്യനെ അനുഗ്രഹിച്ചു ഗുരുനാഥന്‍. പിന്നെയും തുടരുന്ന കളരി പഠനം. അങ്ങനെയിരിക്കെ പീടികക്കാരനെ സഹായിക്കാന്‍ താക്കോലില്ലാതെ അഭ്യാസമുറകൊണ്ട്‌ പീടികയില്‍ കയറി കൊച്ചുണ്ണി. ശിക്ഷാവിധി ജോലി നഷ്ടം. ഉപജീവനത്തിനുള്ള വഴിയടഞ്ഞപ്പോള്‍ പതിയെ കളവു തുടങ്ങി. വെറുമൊരു മോഷ്ടാവല്ല. പണക്കാരുടെ സ്വത്തപഹരിച്ച്‌ പാവങ്ങളെ ഊട്ടുന്ന ജനപ്രിയ കള്ളന്‍. കൊച്ചുണ്ണി വളര്‍ന്നു; സിനിമയും.

അധികാരികള്‍ക്കും ധനികപ്രമാണികള്‍ക്കും ഒരുപോലെ വെല്ലുവിളിയായി കൊച്ചുണ്ണി. ഒരിക്കല്‍ തന്റെ അനുയായികളുടെ പിടിയില്‍പ്പെട്ട സുറുമ വ്യാപാരി ഖാദറെ കൊച്ചുണ്ണിക്ക്‌ ഏറെയിഷ്ടമായി; പെങ്ങള്‍ നബീസുവിനും. അവരുടെ പ്രണയവും വിവാഹവും. തിരുവനന്തപുരം കൊട്ടാരത്തിലെ അടിച്ചുതളിക്കാരിയായ വാഴപ്പള്ളി ജാനകിയുടെ രംഗപ്രവേശം. അധികാരികളും ജാനകിയും ചേര്‍ന്നൊരുക്കിയ ചതിക്കെണിയില്‍ കുടുങ്ങി കൊച്ചുണ്ണി ജയിലില്‍. ഇരുമ്പഴികള്‍ തകര്‍ത്ത്‌ പുറത്തിറങ്ങി ചതിക്ക്‌ പകരം വീട്ടി തിരികെ നിയമത്തിനു മുന്നില്‍ സ്വയം ഹാജരാകുന്ന കൊച്ചുണ്ണി ശിക്ഷയ്‌ക്കു വിധേയനാകുന്നതോടെ സിനിമ അവസാനിക്കുന്നു.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പഴങ്കഥയ്‌ക്കും നാട്ടകങ്ങളിലും നാട്ടിമ്പുറങ്ങളിലും വാമൊഴിയായി പാടിപ്രചരിച്ച കൊച്ചുണ്ണിയുടെ സാഹസിക കഥനങ്ങള്‍ക്കുമൊപ്പം ഭാവന കൂടി ചാലിച്ച്‌ വേറിട്ട തിരക്കഥയൊരുക്കിയത്‌ ജഗതി എന്‍ കെ ആചാരി. ചിത്രം നിര്‍മ്മിച്ചതും സംവിധാനം ചെയ്‌തതും പി എ തോമസ്‌. കൊച്ചുണ്ണിയുടെ വേഷത്തില്‍ സത്യന്‍. ഖാദറായി വെള്ളിത്തിരയിലെത്തിയത്‌ മറ്റാരുമല്ല ഗാനഗന്ധര്‍വ്വന്‍ സാക്ഷാല്‍ കെ ജെ യേശുദാസ്‌. യേശുദാസ്‌ വേഷമിട്ട മൂന്നാമത്‌ ചിത്രമായിരുന്നു കൊച്ചുണ്ണി. അനാര്‍ക്കലി, കാവ്യമേള എന്നിവയാണ്‌ ആദ്യചിത്രങ്ങള്‍. വാഴപ്പള്ളി ജാനകിയായി സുകുമാരിയും നബീസയായി ഉഷാകുമാരിയും. അടൂര്‍ ഭാസി, തിക്കുറിശി, മണവാളന്‍ ജോസഫ്‌, ടി ആര്‍ ഓമന, കെ പി ഉമ്മര്‍, മുതുകുളം, കടുവാകുളം ആന്റണി തുടങ്ങിയവരും അരങ്ങുണര്‍ത്തി.

മധുരഗാനങ്ങള്‍

ഏഴുഗാനങ്ങളായിരുന്നു ചിത്രത്തില്‍. പി ഭാസ്‌കരന്റെയും അഭയദേവിന്റെയും വരികള്‍ക്ക്‌ ഈണമൊരുക്കിയത്‌ ബി എ ചിദംബരനാഥ്‌. ഖാദറിന്റെയും നബീസുവിന്റെയും പ്രണയത്തിനൊപ്പമാണ്‌ ചിത്രത്തിലെ ഭൂരിഭാഗം പാട്ടുകളും വളരുന്നത്‌. മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ക്കൊപ്പം നബീസ തുള്ളിച്ചാടി ആറ്റിറമ്പിലേക്ക്‌ പോകുമ്പോഴാണ്‌ 'ആറ്റുവഞ്ചിക്കടവില്‍ വച്ച്‌' എന്ന ഗാനത്തിന്‌ അരങ്ങുണരുന്നത്‌. ശാരീരം കൊണ്ടും ശരീരം കൊണ്ടും പുഴക്കരയിലെ മരത്തിലും പൂഴിപ്പരപ്പിലുമൊക്കെ പ്രണയത്തിന്റെ വ്യത്യസ്‌ത ഭാവങ്ങള്‍ അടയാളപ്പെടുത്തി ഇന്നും അമ്പരപ്പിക്കുന്നു യേശുദാസ്‌.

യമുനാ കല്യാണി രാഗത്തില്‍ ചിട്ടപ്പെടുത്തിയ 'കുങ്കുമപ്പൂവുകള്‍ പൂത്തു' എന്ന ഗാനം മലയാളത്തിലെ പ്രണയഗാനശേഖരത്തിലെ നാഴികക്കല്ലുകളിലൊന്നാണ്‌. 'കുങ്കുമപ്പൂവുകളില്‍' എസ്‌ ജാനകിക്കൊപ്പം ശാരീരവും ഉഷാകുമാരിക്കൊപ്പം ശരീരവുമായി വീണ്ടും ദാസേട്ടന്‍. ഖാദറിന്റെ സുറുമയുടെ പരസ്യഗാനമായ 'സുറുമ നല്ല സുറുമ' ഹാസ്യാത്മകത കൊണ്ടും കഥപറച്ചിലിനു സമാനമായ ലളിതമായ ക്രാഫ്‌റ്റുകൊണ്ടും ഇന്നും അനുവാചകരെ ആകര്‍ഷിക്കുന്നു. സുകുമാരി അവതരിപ്പിച്ച വാഴപ്പള്ളി ജാനകി എന്ന നെഗറ്റീവ്‌ കഥാപാത്രത്തിനു വേണ്ടി ബി വസന്ത ശബ്ദം നല്‍കിയ ഗാനമാണ്‌ 'കാര്‍ത്തിക വിളക്കു കണ്ടു പോരുമ്പോള്‍'. വഞ്ചിപ്പാട്ടിന്റെ താളം. ഇടയില്‍ മനോഹരമായ ഹമ്മിംഗ്‌. മലയാളത്തില്‍ കേവലം ഇരുന്നൂറില്‍ താഴെ ചലച്ചിത്ര ഗാനങ്ങള്‍ മാത്രമാണ്‌ ബി വസന്ത പാടിയിട്ടുള്ളത്‌. അതില്‍ കൂടുതല്‍ ചിദംബരനാഥിനു വേണ്ടിയും.

വസന്തയുടെ കരിയറിലെ സുന്ദരഗാനമാണ്‌ 'കാര്‍ത്തിക വിളക്ക്‌'. ഒരു ഗാനം കൂടിയുണ്ട്‌ വസന്തയുടേതായി ചിത്രത്തില്‍. 'പടച്ചോന്റെ കൃപ കൊണ്ട്‌ നിന്നെ കിട്ടി' എന്ന താരാട്ട്‌. വരികളെഴുതിയത്‌ മലയാളക്കരയെ പലപ്പോഴും പാട്ടുപാടി ഉറക്കിയ അതേ അഭയദേവ്‌. കൊച്ചുണ്ണിക്കു വേണ്ടി അദ്ദേഹമെഴുതിയ ഏകഗാനമാണ്‌ 'പടച്ചോന്റെ കൃപ'. കമുകറ പുരുഷോത്തമന്റെ ശബ്ദത്തിനൊപ്പം കൊച്ചുണ്ണി കാണുന്ന ദാര്‍ശനികതയാണ്‌ 'പടച്ചവന്‍ പടച്ചപ്പോള്‍ മനുഷ്യനെപ്പടച്ചു' എന്ന ഗാനം. സത്യനൊപ്പം യേശുദാസ്‌ ഈ ഗാനരംഗത്തും കടന്നു വരുന്നുണ്ട്‌. 'വിറവാലന്‍ കുരുവീ' എന്നു തുടങ്ങുന്ന ജാനകിയമ്മയുടെ ഗാനം നബീസയുടെ പ്രണയ സന്ദേഹങ്ങളില്‍ പ്രകൃതിയിലെ വിവിധ ഘടകങ്ങളെ സന്ദേശവാഹകരാക്കുന്നു. 

ലളിതം സുന്ദരം

പി ഭാസ്‌കരന്റെ തനതു ഗ്രാമീണ ശൈലിയാണ്‌ കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങളെ ഇന്നും ജനപ്രിയമാക്കുന്നത്‌. ലളിത സുന്ദരമായ പദങ്ങള്‍. സാധാരണക്കാരന്‌ ഗ്രഹിക്കാവുന്ന ബിംബകല്‍പ്പനകള്‍. കഥാപശ്ചാത്തലവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ചിദംബരനാഥിന്റെ കരുത്തുറ്റ സംഗീതം. ആറ്റുവഞ്ചികളും കുങ്കുമപ്പൂവുകളുമൊക്കെ പൂത്തു നില്‍ക്കുന്നത്‌ മലയാളിയുടെ പ്രണയസാമ്രാജ്യത്തിന്റെ താഴ്‌വരയിലാണ്‌. കാറ്റ്‌ വന്ന്‌ തള്ളുന്നത്‌ ഒരു തലമുറയുടെ ഓര്‍മ്മകളുടെ കതകിലാണ്‌.