മെഴുകുതിരി വെട്ടത്തിലെ പാട്ടുകൾ

മലയാളത്തിന്റെ വെള്ളിത്തിരയിലൂടെ കേട്ട ഗാനങ്ങൾ പോലെ സമ്പന്നമാണ് ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കൂട്ടവും. സമാന്തര സംഗീത ശാഖയെ കാലാതീതമാക്കിയത് ഈ ഗാനങ്ങളാണ്. പള്ളിച്ചുവരുകൾക്കുള്ളിലെ വയലിനോടും ആത്മീയാനുഭങ്ങൾക്ക് സാക്ഷിയാകുന്ന പിയാനോക്കൂട്ടങ്ങളോടും ചങ്ങാത്തം കൂടി ദൈവീക സഞ്ചാരികൾ രചിച്ചും ഈണമിട്ടും പാടിയും നമുക്ക് തന്നവ മാത്രമല്ല. സിനിമയിലുമുണ്ട് മെഴുകുതിരി കത്തിച്ച് മുന്നിൽ വച്ചാൽ കാതിലേക്കങ്ങനെയൊരു പുഴ പോലെ ഒഴുകിയെത്തുന്ന പാട്ടീണങ്ങള്‍. ക്രിസ്തീയ ഭക്തി ഗാന ശാഖ അങ്ങനെയെല്ലാം കൊണ്ടും സമ്പന്നമാണ്. 

വിപ്ലവകാലത്ത്, ബലികുടീരങ്ങളെ അഭിസംബോധന ചെയ്ത, ചന്ദ്രകളഭം ചാർത്തി നിൽക്കുന്ന ഭൂമിയിൽ ഇനിയുമൊരു ജന്മം കൂടി തരുമോയെന്ന് ചോദിച്ച വയലാറിന്റെ തൂലികയിലൂടെയാണ് സിനിമാ ലോകത്തേക്ക് അതിസുന്ദരമായ ക്രിസ്തീയ ഭക്തിഗാനങ്ങളെത്തിയത്. പിന്നെയും വന്നും പാടിയും പോയെങ്കിലും ഇങ്ങനെ കാതിനുള്ളില്‍ മനസിനുള്ളില്‍ നിൽക്കുവാൻ അവയ്ക്ക് സാധിച്ചുവോയെന്ന കാര്യം സംശയമാണ്. എന്നാൽ കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനിടെ മലയാള സിനിമയിലേക്ക് അങ്ങനെ കുറച്ചു ഗാനങ്ങളെത്തി. പിന്നെയും പിന്നെയും കേൾക്കുകയും ഇടയ്ക്ക് മൂളുകയും മനസിനുള്ളിലൊരു കോണിൽ സൂക്ഷിച്ചുവയ്ക്കുകയും ചെയ്ത ഗാനങ്ങൾ. പള്ളിമുറ്റത്തെ ഗ്രാമഫോണുകളിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടവ. ആത്മീയസാന്നിധ്യത്തോടൊപ്പമുള്ള കൂടിച്ചേരലുകളെ അത് പങ്കുവയ്ക്കുന്ന പകരംവയ്ക്കാനില്ലാത്ത സ്നേഹത്തെ കുറിച്ച് പാടിയ പാട്ടുകൾ. മൂന്നിൽ രണ്ടിന്റെയും രചന ഒരാൾ തന്നെയെന്ന അപൂർവ്വത ഇവിടെയുമുണ്ട്. റഫീഖ് അഹമ്മദ്. വയലാറിനു ശേഷം ചലച്ചിത്ര ലോകത്ത് ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സൗന്ദര്യമറിയിക്കുകയാണ് റഫീഖ് അഹമ്മദ്. പള്ളിമുറ്റത്തു ആവർത്തിച്ചു കേൾക്കുന്ന, ഉണ്ണിയേശുവിന്റെ പിറന്നാളിനും, വിശുദ്ധ ഓശാനയുടെ നിമിഷങ്ങളിലും നാം പാടുന്ന പാട്ടുകളായി അവ മാറിക്കഴിഞ്ഞു. 

2013ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളായ ഇമ്മാനുവലിലും, കടൽ കടന്ന് മാത്തൂട്ടിയിലും പിന്നെ പോയവർഷമെത്തിയ ദുല്‍ക്കർ സൽമാന്റെ ചാർലി എന്ന ചിത്രത്തിലുമായാണ് ഈ ഗാനങ്ങള്‍. ഇമ്മാനുവലിലെ എന്നോടു കൂടെ, കടൽ കടന്ന് ഒരു മാത്തൂട്ടിയിലെ രക്ഷകാ, ചാർലിയിലെ സ്നേഹം നീ നാഥാ...എന്നീ ഗാനങ്ങളാണ് നമ്മുടെ മനസുതൊട്ടത്. 

റഫീഖ് അഹമ്മദ്

ഇവിടെ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നതിനിടയിലാണ് ചാർലിയിലേക്ക് ഒരു പാട്ടും കൂടി വേണമെന്ന ആവശ്യമെത്തുന്നത്. തിരക്കിൽ നിന്ന് മാറിയിരുന്നു പെട്ടന്ന് ഈണമിട്ട പാട്ട് ഇത്രയ്ക്കങ്ങ് ശ്രദ്ദേയമാകുമെന്ന് ഗോപീ സുന്ദറും കരുതിയിരുന്നില്ല...നല്ല വാക്കുകള്‍ ഒരുപാട് നേടിത്തന്ന പാട്ട് ഗോപീ സുന്ദറിനും പ്രിയപ്പെട്ടതാണ്. എപ്പോഴും പ്രേക്ഷകന്റെ ഇഷ്ടത്തിന് മുൻതൂക്കം നൽകി പാട്ടൊരുക്കുന്ന സംഗീത സംവിധായകന് തന്റെ സ്വന്തം ഇഷ്ടങ്ങളെ കൂട്ടിയിണക്കി ചെയ്യുവാന്‍, തനിക്കായി പാട്ടൊരുക്കുവാൻ സ്വാതന്ത്ര്യം കിട്ടിയ ചിത്രമായിരുന്നു ചാർലി. അതും ഈ പാട്ടിനെ ഇത്ര മനോഹരമായി സൃഷ്ടിച്ചെടുക്കുവാൻ സഹായിച്ചിരിക്കാം. പിന്നെ ചിത്രത്തിൽ പാട്ടെത്തുന്ന സന്ദർഭവും അതുപോലെയാണ്. ദാ ഇങ്ങനെ...

ഒരു പുഴ ദൂരത്തിരുന്ന് ഇക്കരയുമിരുന്ന് പ്രണയം പങ്കിട്ടവർ. കാത്തിരപ്പിന്റെ വിങ്ങല്‍ മഴയായി പെയ്തിറങ്ങിയിരുന്നു അവരുടെ വലിയ ഇടവേളകളിലെ കൂടിക്കാഴ്ചകള്‍ക്കിടയില്‍. അങ്ങനെയൊരിക്കൽ പെയ്തു തുടങ്ങിയിട്ട് നിർത്താതെ പോയ മഴയത്താണ് അവളെയും വീടിനെയും കൊണ്ട് മഴയെങ്ങോ ഒലിച്ചു പോയത്. അവളെയും തിരഞ്ഞ് നടക്കുകയായിരുന്നു അയാള്‍. അതിനിനിടയിൽ പട്ടാളക്കാരനായി ജീവിത വേഷം കെട്ടി, മറ്റൊരു പെണ്ണും അവന്റെ ജീവിതത്തിലേക്ക് വന്നതേയില്ല. വര്‍ഷങ്ങൾക്കിപ്പുറം അവൾ കന്യാസ്ത്രീയായും അയാള്‍ ഒറ്റയ്ക്കായി പോയവർക്കായി മഞ്ഞു പെയ്യും നാട്ടിലൊരു കൂടാരമൊരുക്കിയും ജീവിതം നയിക്കും നേരത്തായിരുന്നു പിന്നെ കണ്ടത്. അന്നേരത്തേക്കുള്ള ചലച്ചിത്ര ദൂരം കുറച്ചു കളയുന്ന പാട്ട്, അവളിലേക്ക് അവനിലേക്കെത്തിക്കുന്ന പാട്ടാണിത്. 

ഗോപീ സുന്ദറിന്റെ സംഗീത യാത്രയിലേക്ക് കയറിവന്ന പുതിയൊരു ഈണവഴിയായിരുന്നു സ്നേഹം നിറഞ്ഞ ഈ പാട്ട്. അതിന് ശബ്ദമാകാനായത് രാജലക്ഷ്മിക്കും. ഗോപീ സുന്ദറിന്റെയും രാജലക്ഷ്മിയുടെയും പാട്ടു ലോകത്തെ വിഭിന്നതയും പ്രതിഭയും തെളിഞ്ഞു നിൽക്കുന്ന ഗീതമായി അതുമാറി. വരികളല്ല, ആദ്യം ഈണമാണ് രാജലക്ഷ്മിക്ക് സംഗീത സംവിധായകൻ പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അത് മനസിലോടിച്ചപ്പോഴും പിന്നീട് മനസിൽ മൂളിയപ്പോഴും കരുതിയത് പൂർണമായും ഭക്തിഗാനമായിരിക്കുമെന്നാണ്. പക്ഷേ പിന്നീട് ചിത്രം കണ്ടപ്പോൾ അതിലെ പ്രണയത്തിന്റെ സാന്നിധ്യം മനസിലാക്കിയപ്പോൾ ചിരി വന്നുവെന്ന് രാജലക്ഷ്മി പറയുന്നു. 

എഴുതിയ രണ്ടു പാട്ടുകളും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും റഫീഖ് അഹമ്മദിന് അതൊരു അപൂർവ്വതയായി തോന്നുന്നില്ല. ക്രിസ്തീയ ഭക്തി ഗാനം വേണമെന്നു പറഞ്ഞപ്പോൾ എഴുതി നൽകി. ക്രൈസ്തവരായ കൂട്ടുകാരുണ്ട്, പള്ളികളിൽ പോയിട്ടുമുണ്ട് പിന്നെ പള്ളിപ്പാട്ടുകളും ഒരുപാട് കേട്ടിട്ടുണ്ട്. ആ ഒരു പരിചയത്തിലങ്ങ് എഴുതി. റഫീഖ് അഹമ്മദ് പറയുന്നു. എങ്കിലും ഇമ്മാനുവലിലെ എന്നോടു കൂടെ എന്ന പാട്ടിനോട് ഒരൽപം ഇഷ്ടക്കൂടുതലുണ്ട് അദ്ദേഹത്തിന് കാരണം, അത് അഫ്സൽ യൂസഫ് ഈണമിട്ട പാട്ടാണ്. 

നീയല്ലോ രാവിന്റെ കൺപോളയിൽ തൊട്ട് സ്നേഹ പ്രഭാതം വിടർത്തുന്നു... എന്നൊരു വരിയുണ്ട്....ഉൾക്കണ്ണിൻ കരുത്തുകൊണ്ട് പാട്ടൊരുക്കുന്ന അഫ്സലിനൊപ്പം അത് ട്യൂൺ ചെയ്യാനിരുന്ന നേരം ഈ വരിയെത്തിയപ്പോഴൊരു മൗനമായിരുന്നു. റഫീഖ് അഹമ്മദ് ഓർത്തെടുത്തു. ജയറാം രഞ്ജിതും സംഘവുമാണ് ഈ പാട്ട് പാടിയത്. 

രഞ്ജിത് ചിത്രമായ കടൽ കടന്നൊരു മാത്തൂട്ടിയിലെ മാത്തൂട്ടി തീർത്തും സാധാരണമായൊരു ക്രൈസ്തവന്റെ ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരുപാട് സങ്കടവും ആകുലതകളും മനസിൽ നിറയുമ്പോൾ മുൻപിലൊരു ആശ്വാസത്തിനായി ദൈവസാന്നിധ്യം മാത്രമേയുള്ളൂവെന്നറിയും നേരെ അവരുടെ മനസിലേക്കോടിയെത്തുന്ന തിരുനാമകീർത്തനം ഇതു പോലെ തന്നെയാകും. അത്രയേറെ ലളിത സുന്ദരമാണ് ഈ വരികൾ. അനു എലിസബത്ത് എഴുതി ഷഹബാസ് അമൻ ഈണമിട്ട പാട്ട് ശ്വേത മോഹനാണ് പാടിയത്. പെൺസ്വരത്തിന്റെ ചേലിലെത്തിയ പാട്ട് ഇന്നും പള്ളിയ്ക്കുള്ളില്‍ തന്നെയുണ്ട്. അവിടെയുള്ള ഒരുപാടീണങ്ങൾ‌ക്കൊപ്പം. 

ആദ്യ കേഴ്‌വിക്കു ശേഷം പിന്നീടെത്തിയ ഓരോ ക്രിസ്മസ് രാത്രികളിലും‍, നക്ഷത്രക്കൂട്ടങ്ങളെ സാക്ഷിയാക്കി, മഞ്ഞു പെയ്യും രാത്രികളിൽ മെഴുതിരി വെട്ടത്തിൽ നമ്മളീ പാട്ടുകളും ചുണ്ടോടണച്ചു. ഒരായിരം വട്ടം മനസിസുകൊണ്ടേറ്റു പാടി നിർവൃതിയടഞ്ഞു. ഈസ്റ്ററിന്റെ പുണ്യത്തിൽ , കോടമഞ്ഞിൻ പുലരിയിലും പിന്നെ വെയിലാറും നേരവുമുള്ള പള്ളിയാത്രകളിൽ മനസിലങ്ങനെ ഉണർന്നു കേട്ട ദൈവപ്പാട്ടുകളിൽ ഇവയുമുണ്ടായിരുന്നു. ജീവസുറ്റ സിനിമാ സന്ദർഭങ്ങളുടെ അഭാവമാണ്, പഴയകാലത്തെ പാട്ടുകളാണെന്ന പല്ലവിയെ വീണ്ടും വീണ്ടും എത്തിക്കുന്നതെന്ന വാദം നിലനിൽക്കുന്നുണ്ട്. ഒരു പരിധിവരെ അത് ശരിയാണു താനും. പക്ഷേ അപ്പോഴും സംഗീത ചരിത്രത്തിന്റെ പുസ്തകത്തിലേക്ക് കോറിയിടപ്പെടേണ്ട ചില പാട്ടുകളുമുണ്ടെന്ന് നമ്മെ ബോധിപ്പിക്കുകയാണ് ഈ ഗാനങ്ങൾ., ഒന്നു തിരഞ്ഞാൽ ഒന്നുകൂടിയൊന്ന് ശ്രദ്ധിച്ചു കേട്ടാൽ ഇതുപോലെ ചെറിയ ചെറിയ പ്രത്യേകതകള്‍ അവയിൽ കാണുകയും ചെയ്യാം. ഭക്തിഗാനങ്ങളൊരുക്കുമ്പോൾ സാധാരണ പിന്നണിയിലെത്തുന്ന വാദ്യോപകരണങ്ങളുടെ ക്ലീഷേയില്ലാതെ ചലച്ചിത്രത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടു പിറവികൊണ്ട ഗാനങ്ങൾ കാലങ്ങൾക്കും മനസുകൾക്കുമപ്പുറം സഞ്ചരിക്കുമ്പോൾ നമുക്കു പറയാം...ഈണത്തിൽ ചൊല്ലാം...ഇല്ല, പാട്ടിന്റെ നല്ലകാലം, വസന്തം ഇപ്പോഴുമുണ്ട്....