അച്ഛന്റെ മകള്‍: ദയ ബിജി ബാൽ

മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകനാണ് ബിജിബാൽ മികച്ച പശ്ചാത്തല സംഗീതജ്ഞനുള്ള പുരസ്‌കാരം മൂന്ന് വട്ടം കരസ്ഥമാക്കിയ ബിജിബാൽ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമ സംഗീതരംഗത്തേയ്ക്ക്് എത്തുന്നത്. മികച്ച സംഗീതം കൊണ്ടും ആലാപനം കൊണ്ടും മലയാളിയുടെ മനം കവർന്ന ബിജിബാലിന്റെ മകൾ ദയയും അച്ഛന്റെ വഴിയെ പിന്നണി ഗാന രംഗത്ത്് ശ്രദ്ധേയയാകുന്നു.

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന കുഞ്ഞുശബ്‌ദം മലയാളികളുടെ മനസ്സിലായിരുന്നു തൊട്ടത്. ഒരു കുഞ്ഞിന്റെ കൊഞ്ഞലും മാധുര്യവുമുണ്ടായിരുന്ന ഈ ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിയ ദയ ബിജിപാല്‍ അച്ഛന്റെ തന്നെ മ്യൂസിക്ക് ലേബലായ ബോധി സൈലന്റ് സ്‌കെയ്പ്പ് പുറത്തിറങ്ങിയ വിഡിയോയിലൂടെയാണ്‌ പ്രശസ്‌തയാകുന്നത്.

വമ്പന്‍ ഹിറ്റായിരുന്ന മലയാള ചിത്രം വെള്ളിമൂങ്ങയിലെ വെള്ളാരം കണ്ണുള്ള വെള്ളി മൂങ്ങ, സർ സിപിയിലെ കട്ടുറുമ്പിനും കാതുകുത്തണം, ജിലേബിയിലെ സൈക്കിൾ വന്നു തുടങ്ങിയ ഗാനങ്ങൾ ആലപിച്ച് തന്റെ പ്രതിഭ എന്താണെന്ന് ഈ ആറ് വയസുകാരി തെളിയിക്കുകയായിരുന്നു.

നിലവില്‍ ജസ്റ്റിൻ പ്രഭാകരന്റെ സംഗീതത്തിൽ കുഞ്ഞിരാമയാണത്തിലെ പാവാട എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ദയ സംഗീതലോകത്ത് കുട്ടിതാരമായി മാറിയത്. നേരത്തെ ആലപിച്ചിട്ടുള്ള ഗാനങ്ങളെല്ലാം മറ്റ് കുട്ടിഗായകരുടെ കോറസ് പാടുകയായിരുന്നുവെങ്കിൽ ആദ്യമായാണ് ദയ ഒറ്റക്ക് പിന്നണി പാടുന്നത്. അച്ഛന്റെ സംഗീതത്തിലല്ലാതെ പാടുന്നതും ആദ്യം.

ചേർത്തല ഗോവിന്ദൻകുട്ടി മാസ്റ്ററുടെ കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട് ദയ. ഓണം വന്നല്ലോ എന്ന ഗാനം യൂട്യൂബിൽ കണ്ടാണ് കുഞ്ഞിരാമായണത്തിലെ ഗാനം ആലപിക്കാൻ മകളെ തിരഞ്ഞെടുത്തതെന്ന് ബിജിബാൽ പറഞ്ഞു. ഗാനത്തിന്റെ വരികൾ എഴുതിയ മനു മഞ്ജിത്താണ് ഗാനം ആലപിക്കാൻ ദയയെ ക്ഷണിച്ചത്. കൊച്ചു കുട്ടിയായതുകൊണ്ട് ഒരു പരീക്ഷണം എന്ന രീതിയിൽ പാടിപ്പിച്ചുനോക്കാം എന്ന്് ബിജിബാൽ സംഗീതസംവിധായകൻ ജസ്റ്റിനോട് പറഞ്ഞെങ്കിലും ദയയുടെ ആലാപനം നിർമ്മാതാക്കൾക്കും സംവിധായകനും ഇഷ്ടപ്പെടുകയും ചിത്രത്തിൽ ഉൾപ്പെടുത്തുകയുമായിരുന്നു.