റസൂലേ നിൻ കനിവാലേ...

പാരാകെ പാടുകയായ്

വന്നല്ലോ റബ്ബിൻ ദൂതൻ

റസൂലേ നിൻ കനിവാലേ

റസൂലേ നിൻ വരവാലേ...

വെള്ളിത്തിരയിൽ ഉമ്മർ പാടിയപ്പോൾ യേശുദാസിന്റെ ശബ്ദത്തിനൊപ്പം കേരളം മുഴുവൻ താളം പിടിച്ചു. നമ്മുടെ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയുമൊക്കെ ഗാനമാണ് ‘ റസൂലേ നിൻ കനിവാലേ...’ ഇസ്ലാം സംസ്കാരത്തിലെ പദങ്ങൾ ഉപയോഗിച്ചു യൂസഫലി കേച്ചേരി എഴുതിയ വരികളുടെ അർഥം മനസിലാകാത്തവർ ഒട്ടേറെ. പക്ഷേ അതൊന്നും ഈ ഗാനം പരക്കെ ആസ്വദിക്കുന്നതിനു തടസമായില്ല. കാരണം ഒറ്റക്കേൾവിക്കു തന്നെ അനുവാചകരെ ആഹ്ലാദാനുഭവത്തിലേക്ക് ഉയർത്തുന്നതായിരുന്നു ഈ ഗാനത്തിന്റെ സംഗീതം. വ്യത്യസ്തവും പ്രസാദാത്മകവുമായ ഈ സംഗീതം ചിട്ടപ്പെടുത്തിയത് ആരാണെന്നോ? സാക്ഷാൽ യേശുദാസ് ! അതേ, ഗാനഗന്ധർവൻ യേശുദാസ് തന്നെയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത് എന്നതു പലർക്കും കൗതുകകരമായ അറിവ്.

ബോബൻ കുഞ്ചാക്കോ സംവിധാനം ചെയ്ത സഞ്ചാരി (1981) യിലേതാണ് ഈ ഹിറ്റ് ഗാനം ഇതടക്കം സഞ്ചാരിയിലെ ഏഴു പാട്ടിന്റെയും ഈണം ദാസിന്റേതാണ്. ഖവ്വാലിയും മാപ്പിള സംഗീതവും ചേർത്തു യേശുദാസ് നടത്തിയ ഫ്യൂഷൻ പരീക്ഷണം വിജയമായി. റസൂൽ എന്നാൽ പ്രവാചകൻ. മുഹമ്മദ് നബിയുടെ പ്രകീർത്തനങ്ങളാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. കാരുണ്യക്കതിർ വീശി(ഈ കൈകളിൽ), ആയിരം കാതമകലെയാണെങ്കിലും(ഹർഷബാഷ്പം), അള്ളാവിൻ കാരുണ്യമില്ലെങ്കിൽ (യതീം), നാദാപുരം പള്ളിയിലെ (തച്ചോളി അമ്പു), പതിനാലാം രാവുദിതച്ചത്(മരം) തുടങ്ങി മാപ്പിള പശ്ചാത്തലത്തിലുള്ള ഒട്ടേറെ ഗാനങ്ങൾ നമുക്കുണ്ട്. പക്ഷേ അവയിൽ നിന്നെല്ലാം വേറിട്ട ശൈലിയിലുള്ള സംഗീതമാണ് യേശുദാസ് ‘ റസൂലേ..ക്ക് ഒരുക്കിയത് ഭക്തിക്കപ്പുറം ഊർജസ്വലതയാണ് ഈ സംഗീതത്തിന്റെ മുഖമുദ്ര. ഏതാനും സിനിമകൾക്കു കൂടി യേശുദാസ് സംഗീതം നൽകിയിട്ടുണ്ടെങ്കിലും ഏറ്റവും ഹിറ്റായ ഗാനം ‘ റസൂലേ..’ ആണ്.

യേശുദാസിലെ സംഗീത സംവിധായകന്റെ റേഞ്ച് വ്യക്തമാക്കുന്ന മറ്റൊരു സിനിമ ‘അഴകുള്ള സെലീന’ (1973) യാണ്. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനരചന വയലാറിന്റേത്. ഇതിലെ ഏഴു പാട്ടും വളരെ വ്യത്യസ്തമായ ശൈലികളിൽ യേശുദാസിനു പാശ്ചാത്യ സംഗീതത്തിലുള്ള അറിവു വ്യക്തമാക്കുന്നതാണ് അദ്ദേഹം തന്നെ പാടിയ ‘ ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയ... എന്ന ഗാനം മലയാള സംഗീത ശാഖയിൽ വെസ്റ്റേൺ ശൈലിയിൽ ചെയ്ത ആദ്യപാട്ടായി ഇതു പരിഗണിക്കാം.

ഇതിൽ ബി വസന്തയുമൊത്ത് യേശുദാസ് പാടിയ ‘ പുഷ്പഗന്ധി.. മികച്ച യുഗ്മഗാനമാണ്. യേശുദാസിന്റെയും പി സുശീലയുടെയും മികച്ച മെലഡികളായ മരാളികേ യും താജ്മഹൽ നിർമിച്ച രാജശിൽപിയും ഇതേ ചിത്രത്തിലേതാണെന്നറിയുമ്പോഴാണ് സംഗീത സംവിധായകനെന്ന നിലയിൽ ദാസിന്റെ റേഞ്ച് വ്യക്തമാകുന്നത്.

1973 ൽ ജീസസിനു വേണ്ടി ഭരണിക്കാവ് ശിവകുമാർ എഴുതിയ ‘ഗാഗുൽത്താ മലകളേ...’ ഹൃദ്യമായ ശോകസംഗീതം നൽകിദാസ് ആലപിച്ചു.1981ൽ താറാവിലെ തക്കിടുമുണ്ടൻ താറാവ് (ഒ എൻവി) ഏറെ ജനകീയമായ ഗാനമാണ് അതേ വർഷം തന്നെ പുറത്തിറങ്ങിയ പൂച്ചസന്യാസിയിലെ ‘ ഇവനൊരു സന്യാസി പൂച്ച സന്യാസി(മങ്കൊമ്പ് ഗോപാലകൃഷ്ണൻ) യും ഹിറ്റായി. സംഗീതത്തിന്റെ സ്കൂൾ പരി‌ഗണിച്ചാൽ ദാസിന്റെ ചായ്​വ് ദേവരാജനോടാണെന്നതു സ്പഷ്ടമാണ്. അതു മനഃപൂർവമാകണമെന്നില്ല. ദേവരാജന്റെ കീഴിൽ നൂറുകണക്കിനു പാട്ടുകൾ പാടിക്കഴിഞ്ഞാണു ദാസ് സംഗീതസംവിധായകനാവുന്നത്. പാട്ടു പഠിപ്പിച്ചു പാടിപ്പിക്കുന്ന ദേവരാജൻ ശൈലി മറ്റൊരാളുടെ സംഗീതബോധത്തെ സ്വാധീനിക്കുക സ്വാഭാവികം മാത്രം.

തീക്കനൽ (1976-വയലാർ), ഉദയം കിഴക്കു തന്നെ (1974-രചന ശ്രീകുമാരൻ തമ്പി), അഭിനയം(1981- കെ വിജയൻ), മൗനരാഗ(1983-ശ്രീകുമാരൻ തമ്പി, ഗോപകുമാർ) കനകച്ചിലങ്ക കിലുങ്ങികിലുങ്ങി (1985-മങ്കൊമ്പ്, പൂവച്ചൽ, കെ വിജയൻ) തുടങ്ങിയവയും യേശുദാസ് ഈണം നൽകിയ ചിത്രങ്ങളാണ്.

യേശുദാസിനു വേണ്ടി മറ്റാരോ ആണു സംഗീതം ചെയ്യുന്നതെന്ന അടക്കം പറച്ചിലുകൾ അക്കാലത്തു സിനിമയുടെ അണിയറയിൽ സജീവമായിരുന്നു. ഗായകൻ എന്ന നിലയിലുള്ള തിരക്കും അസൂയക്കാരുടെ കുശുകുശുപ്പുകളും അദ്ദേഹത്തെ സംഗീത സംവിധാനത്തിൽ നിന്നും മാറ്റി നിർത്തിയെന്നു കരുതാം മറ്റു പല ഗായകരുടെയും സൗമനസ്യങ്ങൾ അനുഭവിച്ചിട്ടുള്ള യേശുദാസ് തന്റെ സംഗീതത്തിൽ മറ്റൊരു ഗായകനും അവസരം കൊടുത്തില്ല എന്ന സങ്കടം പലരും പറഞ്ഞുകേൾക്കാറുണ്ട്.