Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളു പൊള്ളുന്ന വേദനയാണ് ഈ പാട്ടുകള്‍!

x-default x-default

അവരെ പലപ്പോഴും നാം വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല.  കേന്ദ്രകഥാപാത്രങ്ങളുടെ വെള്ളിവെളിച്ചങ്ങളില്‍ പ്രഭ മങ്ങിയ നക്ഷത്രങ്ങള്‍ പോലെയാണ് അവര്‍ പല സിനിമകളിലും പ്രത്യക്ഷപ്പെടുന്നത്.  അവരെത്രെ ഹാസ്യകഥാപാത്രങ്ങളെന്നും ഉപകഥാപാത്രങ്ങളെന്നും അറിയപ്പെടുന്നത്

മുഖ്യകഥാപാത്രങ്ങളുടെ താടിക്കും മോടിക്കും  മേമ്പൊടി ചേര്‍ക്കാന്‍ മാത്രമേ അവരെ മലയാള സിനിമ കൂടുതലായും ഉപയോഗിച്ചിട്ടുമുള്ളൂ. പക്ഷേ അപൂര്‍വ്വം ചില ചലച്ചിത്രകാരന്മാര്‍ ഈ പതിവുരീതികളില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ധൈര്യപ്പെടുന്നവരാണ്.  ഗാനങ്ങള്‍ നായകന്റെയോ നായികയുടെയോ  മാത്രം സ്വന്തമെന്ന് കരുതിയിരുന്ന ചില അലിഖിത നിയമങ്ങളില്‍ നിന്ന് മാറിചവിട്ടി ഇത്തരക്കാര്‍ക്കും പാട്ടുകള്‍ സമ്മാനിക്കാന്‍ മലയാളസിനിമയിലെ ആദ്യകാലം മുതല്‍ക്ക് ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നത് കാണാതെ പോകുന്നില്ല. 

എന്നാല്‍ അത്തരം പാട്ടുകള്‍ ഭൂരിപക്ഷവും അടൂര്‍ഭാസിയുടെ കോമഡി ട്രാക്കിലുള്ള പാട്ടുകളായിരുന്നു എന്നതാണ് സത്യം..പക്ഷേ  നായകന്റെ വേദനകളിലേക്കും സന്തോഷങ്ങളിലേക്കും മാത്രം  ശ്രദ്ധ പതിപ്പിച്ചിരുന്ന പ്രേക്ഷകലോകത്തിന്, അവരിലൊരാളായി താദാത്മ്യം പ്രാപിക്കാന്‍ വളരെയെളുപ്പത്തില്‍ സാധിക്കുമാറ് ഈ ഉപകഥാപാത്രങ്ങളുടെ ചുണ്ടുകളിലേക്കും പാട്ടിന്റെ ഈണം തിരുകിവയ്ക്കാന്‍ ചില ചലച്ചിത്രകാരന്മാര്‍ സന്നദ്ധരായതിന്റെ സ്മാരകമാണ് മലയാള സിനിമയിലെ ചില അനശ്വരഗാനങ്ങള്‍. വേദനയും തിരസ്‌ക്കരണവും  നിറഞ്ഞ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളെ അടയാളപ്പെടുത്തിക്കൊണ്ട് നമ്മെ അതുവരെ ചിരിപ്പിച്ച് മാത്രം കടന്നുപോയിരുന്ന ഹാസ്യഅഭിനേതാക്കള്‍ ഇളം മുറ  കീറും പോലെ ഉള്ളില്‍ നിന്നുള്ള സങ്കടത്തില്‍ നിന്ന് പാടി അഭിനയിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും പുതിയ അനുഭവമായി മാറുകയായിരുന്നു.

അത്തരത്തിലുള്ള ഒരു ഗാനമാണ് വാര്‍ത്ത എന്ന സിനിമയിലെ ഇന്നലെകള്‍ ഇതുവഴിയെ പോയി എന്ന ഗാനം.  മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ച ഈ സിനിമയില്‍ ഈ ഗാനം പാടി അഭിനയിക്കുന്നത് ഹാസ്യതാരമായി അതുവരെ പ്രേക്ഷകര്‍ ശീലിച്ചുപോന്നിരുന്ന കുതിരവട്ടം പപ്പു എന്ന അതുല്യ നടനായിരുന്നു എന്നതായിരുന്നു സത്യം. മുറിവുകളില്‍ വിരല്‍മുനകള്‍ മൂടി പഴയമുളം കുഴലായ് ആ കഥാപാത്രം പാടുമ്പോള്‍ ആസ്വാദകഹൃദയങ്ങളിലുടെയാണ് നൊമ്പരമാം പുഞ്ചിരി കടന്നുപോയത്. 

ഇന്നലെകള്‍ ഇതുവഴിയെ പോയി

നൊമ്പരമാം പുഞ്ചിരിയും തൂകി

മുറിവുകളില്‍ വിരല്‍മുനകള്‍ മൂടി

പഴയമുളം കുഴലായ് ഞാന്‍ പാടാം

പാടാം രാവില്‍ ഈ രാവില്‍

 എന്നാണ് ബിച്ചുതിരുമലയുടെ വരികള്‍ ആരംഭിക്കുന്നത്. 

ജീവിതദു:ഖത്തിന്റെ ഏകാന്തനിമിഷങ്ങളില്‍ ചുണ്ടുവരണ്ടൊഴുകുകയായ് ഈ ഗാനം. കുരുടന് കൂരിരുളും പാലൊളിയും തുല്യം എന്ന തത്ത്വചിന്ത കഥാപാത്രത്തിന്റെ മാനസികാവസ്ഥയുടെ കൃത്യമായ പ്രതിഫലനമാണ്. 

കുരുടന്‍ ഞാന്‍ കനവുകളെന്‍ സ്വന്തം

കൂരിരുളും പാലൊളിയും തുല്യം

തലമുകളില്‍ മുകിലിഴയും മാനം

കാല്‍ക്കീഴില്‍ മണലെരിയും തീരം

ആശകളാകെയുമോര്‍മ്മയില്‍ മൂടിപ്പാടാം

കേള്‍ക്കുന്ന മാത്രയില്‍ സുന്ദരമെന്ന് ആര്‍ക്കും തോന്നിയാലും  ആ പാട്ടിന്റെ പിന്നിലെ ഹൃദയവേദന അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. ഓരോ സങ്കടപ്പാട്ടുകള്‍ക്ക് പിന്നിലും  രക്തംപൊടിഞ്ഞ ജീവിതാനുഭവങ്ങളുണ്ട്.അയാള്‍ പി്ന്നിട്ടുവന്ന കനല്‍പ്പാതകളുടെ ചൂടുണ്ട്. എന്നിട്ടും അങ്ങനെ പാടുന്നത് ഉള്ളിന്റെ ചൂടു കുറയ്ക്കാനാണ് എന്നതാണ് സത്യം.

ചുണ്ടുവരണ്ടൊഴുകുമീ ഗാനം

സുന്ദരമെന്നാരു പറഞ്ഞാലും

നെഞ്ചെരിയും നേരമിടും താളം

ശ്രുതിലയമായ് തോന്നിയിരുന്നാലും

ഉള്ളിതുപൊള്ളിയ വേദനയാറ്റാന്‍ പാടാം

പാടാം പാടാം ഈ രാവില്‍

 1986 ല്‍ പുറത്തിറങ്ങിയ വാര്‍ത്തയിലെ ഈ ഗാനം യേശുദാസിന്റെ  മനോഹരമായ ശബ്ദത്തിലാണ് നാം കേള്‍ക്കുന്നത്.  എറ്റി ഉമ്മര്‍ ആണ് ഹൃദയഹാരിയായി ഈ ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നതും. വര്‍ഷമെത്ര പിന്നിട്ടാലും എന്നും നമ്മെ വന്നുതൊടുന്ന ഗാനങ്ങളിലൊന്നാണിത്.

വാര്‍ത്തയിലെ പപ്പുവില്‍ നിന്ന്് ടിവി ചന്ദ്രന്റെ കഥാവശേഷനില്‍  എത്തുമ്പോള്‍ ഇന്ദ്രന്‍സ് എന്ന അതുല്യപ്രതിഭയുടെ ചുണ്ടുകളില്‍ നിന്നാണ് ഉള്ളുലയ്ക്കുന്ന പാട്ട് പിറവിയെടുത്തിരിക്കുന്നത്. തീക്ഷ്്ണമായ അമ്ലമഴയുടെ പൊള്ളലില്‍  വല്ലാത്തൊരു ഭാവുകത്വത്തിലേക്ക് ഈ ഗാനത്തിനൊപ്പം നമ്മളും രൂപാന്തരപ്പെടുന്നു. ജീവിതത്തില്‍ ആശിച്ചുമോഹിച്ച് കാത്തിരുന്നിട്ടും അപ്രതീക്ഷിതമായ വിധിയുടെ വിളയാട്ടത്തില്‍ പലതും നഷ്ടമായ ഏതൊരാളെയും വേട്ടയാടുന്നതാണ് ഈ ഗാനത്തിന്റെ വരികള്‍. 

തപ്തനിശ്വാസങ്ങളും വ്യഥിതമാനസങ്ങളും ചേര്‍ന്ന് നമ്മുടെ ആത്മാവിനെ പോലും നെടുവീര്‍പ്പില്‍ ഉലയ്ക്കുവാന്‍ ത്രാണിയുള്ളതാണ  ഈ ഗാനം.

കണ്ണുനട്ട് കാത്തിരുന്നിട്ടും

എന്റെ കരളിന്റെ കരിമ്പുതോട്ടം

കട്ടെടുത്തതാരാണ്

പൊന്നുകൊണ്ടു വേലികെട്ടിട്ടും

എന്റെ കല്ക്കണ്ട കിനാവുപാടം

കൊയ്‌തെടുത്തതാരാണ്?

അധികാരപ്രമത്തതയുടെയും  കയ്യൂക്കിന്റെയും കഠിനകാലങ്ങളില്‍ നിസ്സഹായന് നഷ്ടമാകുന്നത് അവന്റെ തന്നെ സ്വപ്‌നങ്ങളാണ്. ആരൊക്കെയോ കൂടി  അവന്റെ സ്വ്പനങ്ങളെ അപഹരിക്കുകയും പിന്നെ നിര്‍ദ്ദയം അവനെ വലിച്ചെറിയുകയും ചെയ്യുന്നു.  അത്തരം തിരസ്‌ക്കരണങ്ങളുടെ ഉണങ്ങിവരണ്ടകാലത്ത്  തന്റെ തന്നെ ജീവിതത്തെ നോക്കി പാടുമ്പോള്‍ അവന് കരയാതിരിക്കാന്‍ കഴിയുമോ?

കുമ്പിളില്‍ വിളമ്പില്‍ പൈമ്പാല്‍ എന്നോര്‍ത്ത് ഞാന്‍

അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു

അന്നത്തെ അന്തിയില്‍ അത്താഴപാത്രത്തില്‍ അമ്മ തന്‍ കണ്ണീരോ

തിളച്ചിരുന്നു

അങ്ങനെ ഞാന്‍ അന്നും കരഞ്ഞിരുന്നു

മക്കളെ പോറ്റാന്‍ ഉടുമുണ്ട് അഴിക്കേണ്ടിവരുന്ന നിസ്സഹായയായ ഒരമ്മയുടെ ചിത്രമാണ് ഇവിടെ സംവിധായകന്‍ പകര്‍ത്തിയിരിക്കുന്നത്. അന്തിയിലെ അത്താഴപാത്രത്തില്‍ അങ്ങനെ അമ്മയുടെയും മകന്റെയും കണ്ണീര് തിളച്ചുമറിയുന്നു. 

2004 ല്‍ ഇറങ്ങിയ കഥാവശേഷനില്‍ പി. ജയചന്ദ്രന്‍ വിദ്യാധരന്‍ ടീം ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

അറബിക്കഥ എന്ന ലാല്‍ജോസ് സിനിമയിലുമുണ്ട് ഒരു അപ്രധാനകഥാപാത്രം പാടുന്ന ശ്രദ്ധേയമായ ഗാനം. തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  എന്ന് തുടങ്ങുന്ന യേശുദാസ് പാടുന്ന ഈ ഗാനം സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് സാദിഖ് എന്ന നടനാണ്. അനില്‍ പനച്ചൂരാനും ബിജിബാലുമാണ് ഇതിനെ നമുക്കായി സമ്മാനിച്ചിരിക്കുന്നത്.

പിന്നെയും പിന്നിലേക്ക് പോകുകയാണെങ്കില്‍ മറ്റൊരു ഗാനത്തെ നാം കണ്ടുമുട്ടുന്നത് പാദസരം എന്ന സിനിമയിലാണ്. ടിജി രവി പാടി അഭിനയിച്ചിരിക്കുന്ന ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ ഒരിക്കലും ഞാനുണരുകയില്ല എന്ന ഗാനത്തെ മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങളിലൊന്നായി പല ഗാനനിരൂപകരും ചേര്‍ത്തിട്ടുണ്ട് ഏപി ഗോപാലനും ദേവരാജനും ചേര്‍ന്നാണ് ഈ ഗാനത്തെ അവിസ്മരണീയമാക്കിയിരിക്കുന്നത്.

 ആ വരികള്‍  തുടര്‍ന്ന് ഇങ്ങനെയാണ്.

വസന്തം ഉദ്യാനവിരുന്നിനില്ലെങ്കില്‍

കുസുമങ്ങളിവിടെ മലരുകില്ലാ

കടലില്‍ മനസ്സ്തുടിച്ചില്ലെങ്കില്‍

കാറ്റും കുളിരും വീശുകില്ല

കദനത്തിന്‍ പത്മചിതയില്ലെങ്കില്‍

കങ്കേളി പുഷ്പങ്ങള്‍ വിടരുകയില്ല

ഹിമഗിരി ഹൃദയം ഉരുകിയില്ലെങ്കില്‍

ഹരിതാഭ ഭൂമിക്ക് ഗംഗയില്ലാ

നീയെന്ന സത്യം മുന്നിലില്ലെങ്കില്‍

എന്നിലെ ദു:ഖം ഉണരുകില്ല

ഗാനങ്ങള്‍ വെറുതെ കേട്ടുപോകാനുള്ളവയല്ല അവ അനുഭവിപ്പിക്കേണ്ടവയാണ് എന്ന് വീണ്ടും നമ്മെ ഓര്‍മ്മപ്പെടുത്തുന്നവയാണ് ജീവിതഗന്ധിയായ ഈ അനശ്വരഗാനങ്ങള്‍.