‘സ്വാമിസംഗീതമാലപിക്കും താപസ ഗായകനല്ലോ ഞാൻ...’

യേശുദാസിന്റെ  സ്വാമിസംഗീതം ഭക്തലക്ഷങ്ങളുടെ വൃശ്ചിക വ്രതശീലത്തിന്റെ ഭാഗമായിട്ടു നാലു പതിറ്റാണ്ടാവുന്നു. ശബരിമലയിൽ ഭഗവാനെ ‘ഹരിവരാസനം’ പാടിയുറക്കുന്ന ആ ഗന്ധർവ സ്വരമാധുരിയിൽ ഓരോ മണ്ഡലകാലത്തും  പല ഭാഷകളിലായി അയ്യപ്പ സംഗീതത്തിന്റെ ദശപുഷ്പങ്ങൾ വിരിഞ്ഞു. അതിൽ ഇന്നും നിത്യ ഹരിതമായി ഈ ഗാനമുണ്ട്; ‘സ്വാമിസംഗീതമാലപിക്കും...’ ആലപ്പി രംഗനാഥ് എഴുതി ഈണം പകർന്ന ആ ഗാനം ഉൾപ്പെടുന്ന  ആൽബം പുറത്തിറങ്ങി മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും ആ കൂട്ട് ഒത്തുചേരുന്നു; ‘ശ്രീ ധർമ രക്ഷകാ പാഹിമാം’ എന്ന, തരംഗിണിയുടെ പുതിയ അയ്യപ്പഭക്തിഗാന ആൽബം ഈ വൃശ്ചികപ്പുലരിയിൽ അയ്യപ്പഭക്തരിലേക്ക്.

‘വീണ്ടും ദാസേട്ടൻ പാട്ടു ചെയ്യാനായി വിളിക്കുമ്പോൾ വ്രതമെടുത്താണ് അവ എഴുതി ചിട്ടപ്പെടുത്തിയത്‌. പാട്ടു പഠിപ്പിച്ചതൊക്കെ അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിൽ താമസിച്ചാണ്. 10 പാട്ടുകൾ മൂന്നു ദിവസം കൊണ്ട്  റെക്കോർഡ് ചെയ്തു. ഈ പ്രായത്തിലും ആ ശബ്ദത്തിന്റെ  ഗാംഭീര്യം കൂടിയിട്ടേയുള്ളൂ. ഈ ആൽബം കൂടിയാവുമ്പോൾ എന്റെ സംഗീതത്തിൽ ദാസേട്ടൻ  262 പാട്ടുകൾ പാടിക്കഴിഞ്ഞു. കൂടുതലും തരംഗിണിക്കു വേണ്ടിയുള്ള ആൽബം ഗാനങ്ങൾ. അതിൽ പകുതിയിലധികം എഴുതിയതും ഞാൻ തന്നെ. വലിയ അനുഗ്രഹമായി കരുതുന്നു’ - ആലപ്പി രംഗനാഥ് പറഞ്ഞു.

1981 ൽ ആണ് യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി അയ്യപ്പഭക്തിഗാന ആൽബം പുറത്തിറക്കിത്തുടങ്ങുന്നത്. ആദ്യ ആൽബത്തിൽ യേശുദാസ് തന്നെയായിരുന്നു സംഗീത സംവിധാനവും. ഗാനരചനയും സംഗീതവും ഒരു പോലെ വഴങ്ങുന്ന ആലപ്പി രംഗനാഥ് അടുത്ത വർഷം അതിന്റെ ഭാഗമാവുകയായിരുന്നു. ‘സ്വാമിസംഗീതമാലപിക്കും’ പോലെ ‘എല്ലാ ദുഃഖവും തീർത്തു തരൂ’, ‘എൻ മനം പൊന്നമ്പലം’, ‘കന്നിമല, പൊന്നുമല’, ‘മകരസംക്രമ ദീപം കാണാൻ’, ‘ശബരിഗിരിനാഥാ ദേവ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ഈ ആൽബത്തിലേതായിരുന്നു.

‘മനുഷ്യനൊന്നാണെന്ന സത്യം എന്റെ - മണികണ്ഠ സ്വാമി അരുൾ ചെയ്തു...

മത മാൽസര്യങ്ങൾ ഇവിടെ വേണ്ടെന്ന- 

മഹിതോപദേശം ഞാൻ കേട്ടു..’

'സ്വാമിസംഗീതമാലപിക്കും.. എന്ന ഗാനത്തിലെ ഈ വരികൾ ഇന്നത്തെ സാഹചര്യത്തിൽ പ്രവചന തുല്യം കൂടുതൽ തിളക്കമുള്ളതാകുന്നു. യേശുദാസ് തന്റെ കച്ചേരികളിലും ഈ പ്രിയ ഗാനം ആലപിക്കാറുണ്ട്.