അന്ന് അവർ പറഞ്ഞു: രവീന്ദ്രൻ മാഷ് കോപ്പി അടിച്ചു

'മാമാങ്കം പലകുറി കൊണ്ടാടി, നിളയുടെ തീരങ്ങൾ...' കാലം തെറ്റിപ്പെയ്യുന്ന മഴപോലെയാണു ചിലപാട്ടുകൾ. തികച്ചും അപ്രതീക്ഷിതമായിരിക്കും ആ പിറവി. പക്ഷേ, ഒരു കാലത്തിന്റെയാകെ ചിത്രവും പേറിക്കൊണ്ടുള്ള ആ വരവ് പലപ്പോഴും കാലാതീതമാകും. അങ്ങനെ എത്തിയ പാട്ടിനെല്ലാം പിറകിൽ ഒരു കഥയുണ്ടാകുമെന്നു തീർച്ച. 

സമൂഹമാധ്യമങ്ങൾ ഇത്രയധികം പ്രചാരത്തിലില്ലാതിരുന്ന കാലത്താണ് തരംഗിണിയുടെ വസന്തഗാനങ്ങളുടെ പട്ടികയില്‍ ആ ഗാനം എത്തുന്നത്. നൂറ്റാണ്ടുകളുടെ പഴമയും പേറികൊണ്ടായിരുന്നു വരവ്. ദൃശ്യങ്ങളിലില്ലെങ്കിലും  ആ സംഗീതം നിണമൊഴുകിയ നിളാതീരത്തിന്റെ നൂറ്റാണ്ടുകൾക്കു മുന്‍പത്തെ ചിത്രം മനസ്സിൽ വരച്ചിടും. വരികളിൽ ബിച്ചു തിരുമല ചരിത്രം കുറിച്ചപ്പോൾ, സംഗീതംകൊണ്ടു മലയാളിയുടെ മനസ്സിൽ കാലഘട്ടം ചിത്രീകരിച്ചു അനശ്വര സംഗീത സംവിധായകൻ രവീന്ദ്രൻ. 

പാട്ടിന്റെ തുടക്കത്തിലെ കുതിരക്കുളമ്പടിയും വാൾപയറ്റും ശംഖൊലിയുമെല്ലാം ആസ്വാദക ഹൃദയത്തെ ആവാഹിച്ചത് നൂറ്റാണ്ടുകൾക്കു പിന്നിൽ രക്തക്കറ പുരണ്ട തിരുന്നാവായയിലെ മാമാങ്കത്തറയിലേക്കാണ്.  കാലത്തിനിപ്പുറവും മലയാളിയുടെ ചുണ്ടിലുള്ള ഈ പാട്ടിന്റെ പിറവിക്കു പിന്നിൽ ഒരു കഥയുണ്ട്.

ഒരിക്കൽ രവീന്ദ്രൻ മാഷ് തന്നെ ആ കഥ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: 'വെളുപ്പിനു മൂന്നു മണിക്കാണ് ഒരു ഇൻസ്പിരേഷനിൽ ആ ഗാനത്തിന്റെ പിറവി. അതിന്റെ വരികൾ നോക്കുമ്പോൾ യുദ്ധത്തിന്റെ പശ്ചാത്തലമാണെന്നു മനസ്സിലായി. പെട്ടന്നു പാടി നോക്കിയപ്പോൾ ആ വരികൾക്കു ചേർന്നൊരു ഈണം ലഭിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെല്ലാം സ്റ്റുഡിയോയിൽ തന്നെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. പെട്ടന്ന് അവരെ വിളിച്ചുണർത്തി ചിരട്ട സംഘടിപ്പിക്കാൻ പറഞ്ഞു. എന്നിട്ട് അതുകൊണ്ടു നിലത്തു ശബ്ദമുണ്ടാക്കിയപ്പോൾ കുതിര കുളമ്പടി പോലെയായിരുന്നു. ഉച്ചയ്ക്ക് ചോറുകൊണ്ടു വന്ന പാത്രവും തവിയും എല്ലാം ഉണ്ടായിരുന്നു. അതുപയോഗിച്ച് അങ്ങോട്ടും ഇങ്ങോട്ടും തട്ടി ശബ്ദവും ഒരു കരച്ചിലും ബഹളവുമെല്ലാം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ ശബ്ദമെല്ലാം ശരിയായി. ഉടനെ ആ അസമയത്തു തന്നെ മാവേലിക്കര കൃഷ്ണൻകുട്ടി സാറിനെ വിളിച്ചു. അപ്പോൾ കിട്ടിയ ട്യൂണിനെ പറ്റി പറയുകയും ഇപ്പോൾ റെക്കോർഡ് ചെയ്തില്ലെങ്കിൽ കൈവിട്ടുപോകുമെന്നും അദ്ദേഹത്തോടു പറഞ്ഞു. തുടർന്നു പുലർച്ചെ നാലുമണിയോടെ റെക്കോർഡ് ചെയ്ത ഗാനമാണ് മാമാങ്കം പലകുറി കൊണ്ടാടി.' 

ഒരുകാലത്ത് സിനിമാ ഗാനങ്ങളെക്കാൾ ഹിറ്റായ ഗാനമായിരുന്നു ഇത്. കേരളം ഈ ഗാനം മറക്കാതിരിക്കാൻ പിന്നിട് രവീന്ദ്രൻ മാഷ്  മാമാങ്കത്തിലെ ബിജിഎം നന്ദനത്തിലെ ആരും ആരും എന്ന ഗാനത്തിൽ ഉൾപ്പെടുത്തിയിരുന്നു. അന്ന് വിവിധ കോണുകളിൽ വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. ചിലർ പറഞ്ഞതു രവീന്ദ്രനും കോപ്പിയടിക്കാൻ തുടങ്ങി എന്നായിരുന്നു. തന്റെ തന്നെ ഗാനമാണ് മാമാങ്കം എന്ന് അറിയാത്തവരാണു വിമർശനവുമായി എത്തിയതെന്നായിരുന്നു മാഷുടെ മറുപടി. 

അകാലത്തിൽ സംഗീത ലോകത്തോടു വിടപറഞ്ഞ രവീന്ദ്രൻ മാഷുടെ ഓർമകളിൽ ആദ്യം എത്തുന്ന ഗാനങ്ങളിൽ ഒന്നാണ് മാമാങ്കം പലകുറി കൊണ്ടാടി. കാലാനുസൃതമാകുന്ന സംഗീതത്തിൽ കാലാതീതമായി തിളങ്ങുകയാണു ഈ ഗാനം. പഴമയെ അൽപം പ്രണയിക്കുന്ന മലയാളിയുടെ കാതുകള്‍ കേൾക്കുന്നു യേശുദാസിന്റെ സ്വരമാധുരിയിൽ ഈ രവീന്ദ്ര സംഗീതം.

മാമാങ്കം, പലകുറി കൊണ്ടാടി...

നിളയുടെ തീരങ്ങൾ... നാവായിൽ