പാട്ടുവീഞ്ഞൊഴുകുന്ന ക്രിസ്മസ് കാലം

മണ്ണിലും വിണ്ണിലും നക്ഷത്രങ്ങൾ പുഞ്ചിരി തൂകുന്ന ക്രിസ്മസ് രാവ്. മഞ്ഞിന്റെ മേലാപ്പു പുതച്ചുറങ്ങുന്ന രാവിലേക്കു കാതോർത്താൽ ചിലപാട്ടുകൾ കേൾക്കാം. പഴകും തോറും വീഞ്ഞുപോലെ വീര്യം കൂടുന്നവയാണ് ഈ പാട്ടുകൾ. ഓരോ ക്രിസ്മസ് കാലത്തും അവയ്ക്കു മാധുര്യം ഏറിവരികയാണ്. 

യേശുക്രിസ്തുവിന്റെ ജനനും ജീവിതവും ആസ്പദമാക്കിയുള്ള നിരവധി ഗാനങ്ങൾ മലയാളത്തിലുണ്ട്. പലഗാനങ്ങളും സിനിമഗാനങ്ങളെ വെല്ലുംവിധം പാടിപതിഞ്ഞവ. ഭക്തി സാന്ദ്രമായ വരികളും ഈണവും ഈ ഗാനങ്ങളെ കാലാതീതമാക്കി. അങ്ങനെയുള്ള ചിലഗാനങ്ങളെ ഓർത്തെടുക്കുകയാണ് ഈ ക്രിസ്മസ് കാലത്ത്.

കാവൽ മാലാഖമാരേ....

ഉണ്ണിയേശുവിന്റെ താരാട്ടിൽ അതിമനോഹരമായ ഗാനങ്ങളിലൊന്നാണ് 'കാവൽ മാലാഖമാരെ, കണ്ണടയ്ക്കരുതേ'. എ.ജെ. ജോസഫ് രചനയും സംഗീതവും നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സുജാതയാണ്. 1986ൽ തരംഗിണി ഇറക്കിയ സ്നേഹ പ്രതീകം എന്ന ക്രിസ്മസ് ആൽബം വിൽപനയിൽ റെക്കോർഡിട്ടു. ഇന്നും ആവശ്യക്കാർ ഏറെയാണ്. പലഭാഷകളിലേക്കും പിന്നീട് ഈ ഗാനങ്ങൾ മാറ്റിയിട്ടുണ്ട്. ഗായിക സുജാതയുടെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണ് കാവൽ മാലാഖമാരെ.ഉണ്ണിയേശുവിനോടുള്ള വാത്സല്യം മുഴുവൻ എ.ജെ. ജോസഫ് നിറച്ചു വച്ചത് ഈ ഗാനത്തിലായിരുന്നു. 

കാവൽ മാലാഖമാരെ എന്ന ഗാനത്തിന്റെ പിറവിയെ പറ്റി ഒരിക്കല്‍ എ.ജെ. ജോസഫ് ഇങ്ങനെ പറഞ്ഞു. 'രാത്രി മുറ്റത്ത് ഉലാത്തുകയായിരുന്നു ഞാൻ. നല്ല തണുപ്പുണ്ട്. തരംഗിണിക്കു വേണ്ടി അടുത്ത ക്രിസ്മസ് ആൽബം ഇറക്കണം എന്ന് യേശുദാസ് പറഞ്ഞിരുന്നതു മനസ്സിലുണ്ട്. ഒരുപാട്ടു മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒൻപതു പാട്ടുകൂടി വേണം. അതിന്റെ അസ്വസ്ഥത അലട്ടുന്നുണ്ട്. ശൂന്യമായ മനസ്സുമായി ആകാശത്തേക്കു നോക്കിനിന്നു, നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നു. പെട്ടന്ന് എന്റെ മനസ്സിൽ പാട്ടു വന്നു. വരികളും ഈണവും ഒരേസമയം പിറന്നു.' 

പൈതലാം യേശുവേ...

ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും ഈരടിയാണ് പൈതലാം യേശുവെ. പൈതലാം യേശുവെ ഉമ്മവച്ചുണർത്തിയ ആട്ടടയൻമാരെ സ്മരിക്കുന്നതാണു ഗാനം. ക്രിസ്തീയ ഭക്തി ഗാന ശാഖയിൽ മലയാളിക്കു മറക്കാനാകില്ല ഈ ഗാനം. സിസ്റ്റർ മേരി ആഗ്നസ്, ബ്രദർ ജോൺ കൊച്ചു തുണ്ടിൽ, ഫാദർ മാത്യൂ മൂത്തേടം, ബ്രദർ ജോസഫ് പരംകുഴി, ബ്രദർ മാത്യൂ ആശാരിപറമ്പിൽ, ബ്രദർ ജോസ് വെത്തമറ്റിൽ എന്നിവർ ചേർന്നാണു വരികൾ എഴുതിയത്. ഫാദർ ജസ്റ്റിൻ പനയ്ക്കലിന്റെ സംഗീതത്തില്‍ കെ.എസ്. ചിത്രയുടെ അതിമനോഹര ആലാപനം. 

1984ൽ തരംഗിണി ഇറക്കിയ സ്നേഹ പ്രവാഹം എന്ന ആൽബത്തിലേതാണ് ഈ ഗാനം. ഈ ഗാനം ചിത്ര പാടിയതിനെ പറ്റി ഫാദർ ജസ്റ്റിൻ പനയ്ക്കൽ മനോരമയ്ക്കു നൽകിയ അഭിമുഖത്തൽ ഇങ്ങനെ പറഞ്ഞു. 'പതിനൊന്നു പാട്ട് റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ആൽബത്തിന്റെ നിർമാതാവായ യേശുദാസിനോട് ഈ ഗാനത്തിനു നമുക്കൊരു ഫീമെയിൽ ശബ്ദം വേണം. അപ്പോൾ യേശുദാസാണ് തിരുവനന്തപുരം സംഗീത കോളജിൽ പഠിക്കുന്ന ഒരുകുട്ടിയെ വിളിക്കാമെന്നു പറഞ്ഞ് ചിത്രയെ ഈ പാട്ടപാടാൻ വിളിക്കുന്നത്. അങ്ങനെ ചിത്ര വന്നു. പാട്ടു പഠിച്ചു കഴിഞ്ഞപ്പോൾ ചിത്ര ഈ വരികളുടെ പശ്ചാത്തലത്തെ പറ്റി ചോദിച്ചു. മാതാവിന്റെ മടിയിലെ ഉണ്ണീശോയെ മനസ്സിൽ കണ്ടു പാടിയാൽ മതിയെന്നു പറഞ്ഞു ഞാൻ. ‌അത്ഭുതം ഒറ്റ ടേക്കിൽ തന്നെ പാട്ട് ഓക്കെയായി. യേശുദാസ് വരെ നിരവധി ടേക്ക് എടുത്തു പാടിയപ്പോഴാണ് ഒരു കൊച്ചു പെൺകുട്ടി ഒറ്റടേക്കിൽ പാടിയത്.'  വർഷങ്ങൾക്കിപ്പുറവും ഈ ഗാനം ആസ്വാദക മനസ്സിൽ ഒളിമങ്ങാതെ നിൽക്കുന്നു. 

യഹൂദിയായിലെ ഒരു ഗ്രാമത്തിൽ

ഈ ഗാനം കേൾക്കാതെ ഒരു ഡിസംബറും കടന്നു പോയിട്ടുണ്ടാകില്ല. അത്രയേറെ ആസ്വാദക ഹൃദയത്തിലേക്ക് എത്തിയ ഗാനം. ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ ആലാപനം. അതിമനോഹരമായ വരികൾ. 1986ൽ തരംഗിണി പുറത്തിറക്കിയ സ്നേഹ പ്രതീകം എന്ന ആല്‍ബത്തിലേതാണു ഈ ഗാനം. ഈ ഗാനമായിരുന്നു ആൽബത്തിന്റെ ഹൈലൈറ്റ്. ക്രിസ്മസിന്റെ ഉല്ലാസം മുഴുവനുണ്ടായിരുന്നു ആ വരികളിൽ. ഈ ഒറ്റഗാനത്താൽ വിൽപനയിൽ റെക്കോർഡിട്ടു തരംഗിണിയുടെ കാസറ്റ്. ഗിറ്റാർ ജോസഫ് എന്ന് അറിയപ്പെടുന്ന എ.ജെ. ജോസഫാണ് ഈ ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും. അന്യമതസ്തരെ പോലും ആകർഷിച്ച ക്രിസ്തീയ ഗാനങ്ങളിൽ എറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗാനമാണ് യഹൂദിയായിലെ ഒരു ഗ്രാമത്തിൽ. കാലമെത്ര കഴിഞ്ഞാലും ഈ ഗാനം ഓർക്കാത്ത ഒരു ക്രിസ്മസ് കാലവും മലയാളിക്കുണ്ടാകില്ല എന്നു തീർച്ച

കാലിത്തൊഴുത്തിൽ പിറന്നവനേ...

കൃഷ്ണകൃപാ സാഗരം എഴുതിയ അതേ യൂസഫലി കേച്ചേരിയാണ് കാലിത്തൊഴുത്തിൽ പിറന്നവനേ എന്ന അതിമനോഹരമായ ക്രിസ്തീയ ഭക്തിഗാനവും എഴുതിയത്.1979ൽ പുറത്തിറങ്ങിയ സായൂജ്യം എന്ന സിനിമയിലാണു ഈ ഗാനം ഉള്ളത്. പി സുശീലയുടെ ശ്രുതി മധുരമായ ആലാപനം. കെ.ജെ. ജോയ് ആണ് ഗാനത്തിനു സംഗീതം പകർന്നത്. ദൈവത്തിന്റെ കനിവു തേടുന്ന വരികളിൽ ഭക്തി തുളുമ്പി നിൽക്കുന്നു. യേശുവിനോടുള്ള അപേക്ഷയും കാരുണ്യം തേടലുമാണു ഗാനത്തിന്റെ ഇതിവൃത്തം. ഏതൊരു വിശ്വാസിയുടെയും മനമുരുകിയുള്ള പ്രാർഥനയാണ് ഈ ഗാനം. 

ഇങ്ങനെ ഒറ്റശ്വാസത്തിൽ പറ‍ഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല മനോഹര ഗാനങ്ങളുടെ പട്ടിക. മലയാള സിനിമയിലും അല്ലാതെയും തന്നെ എത്ര ഗാനങ്ങളുണ്ടെന്നതു സംബന്ധിച്ച് ഒരു എത്തുംപിടിയുമില്ല. ക്രിസ്മസ് രാവണഞ്ഞ നേരം, മഞ്ഞു പൊഴിയുന്ന, മാലാഖവൃന്ദം നിരന്നു, രാത്രി രജത രാത്രി, ദൂരെ നിന്നും, അന്നൊരു രാവിൽ, എന്നിവ ഇവയിൽ ചിലതുമാത്രം. ഈ ക്രിസ്മസ് രാവിലും നമുക്ക് കാതോർത്തിരിക്കാം. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾക്കായി...