Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരെയും മോഹിപ്പിക്കുന്ന തുടക്കം!

Ayiroor Sadasivan അയിരൂർ സദാശിവൻ

ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ ആദ്യഗാനം. അതും ഒരു സോളോ. അത് ആദ്യ ടേക്കിൽത്തന്നെ ഓകെ ആവുകയും ചെയ്താലോ? ദേവരാജന്റെ സംഗീതത്തിൽ ഒരു കോറസ് പാടുന്നതു ഭാഗ്യമായി കരുതിയിരുന്ന കാലത്താണ് അയിരൂർ സദാശിവനെ തേടി ഇൗ മഹാഭാഗ്യം എത്തിയത്.

പമ്പയാറിന്റെ തീരത്തെ അയിരൂർ ഗ്രാമത്തിൽ ജനിച്ച സദാശിവൻ പന്ത്രണ്ടു വയസ്സായപ്പോഴേക്കും നാടറിയുന്ന പാട്ടുകാരനായി. കെപിഎസി, നാഷനൽ തിയറ്റേഴ്സ്, ചങ്ങനാശേരി ഗീഥ എന്നിവയ്ക്കുവേണ്ടി നാടകഗാനങ്ങൾ പാടിയും ആലുമ്മൂടനുമായി ചേർന്നു ഹാസ്യകഥാപ്രസംഗങ്ങൾ നടത്തിയും വിലസി നടന്ന കാലത്താണ് ഇൗ ശബ്ദം ദേവരാജൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുന്നത്.

‘ജീവിതം അവസാനിക്കുന്നില്ല എന്ന കെപിഎസിയുടെ നാടകത്തിൽ വയലാർ രചിച്ച് ദേവരാജൻ ഇൗണം നൽകിയ ‘താളം നാദം വെളിച്ചം.... എന്ന ഗാനം പാടിയത് അയിരൂരാണ്. ഇൗ ഗാനപഠന കാലത്താണ് അയിരൂരിന്റെ ആത്മവിശ്വാസമുള്ള ആലാപനരീയിൽ മാസ്റ്റർ ആകൃഷ്ടനാവുന്നത്.

ഒരു ദിവസം നിനച്ചിരിക്കാതെ ദേവരാജന്റെ വിളി വരുന്നു. ഉടനെ മദ്രാസിൽ ചെല്ലണം. അതിൽപ്പരം ഒരു സന്തോഷം അക്കാലത്തുണ്ടോ? വുഡ്ലാൻഡ്സ് ഹോട്ടലിൽ മുറി എടുത്തുകൊടുത്തിട്ടു മാസ്റ്റർ പറഞ്ഞു. ‘രണ്ടാഴ്ച വിശ്രമിച്ചോളൂ, അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാൽ മതി. പാട്ടു പഠിക്കാൻ തുടങ്ങും മുൻപു പുതുമുഖ ഗായകരെ പരമാവധി ശാന്തരും പ്രസന്നരും ആക്കുക ദേവരാജന്റെ രീതിയായിരുന്നു.

പതിനൊന്നാം ദിവസം പാട്ട് പഠിക്കാൻ കൊടുത്തു. ‘മരം (1973) എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി രചിച്ച‘മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട്നല്ല ചുവന്ന താമരച്ചെണ്ട് എന്ന പ്രണയഗാനം. പൂർണതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സാക്ഷാൽ ദേവരാജൻ മാസ്റ്റർ ആദ്യ ടേക്ക് കഴിഞ്ഞപ്പോൾ ഓകെ പറഞ്ഞത് അയിരൂർ സദാശിവൻ എന്ന ഗായകനു ലഭിച്ച ഏറ്റവും വലിയ അവാർഡ്.

മുഴക്കവും മാധുര്യവും ഒരുപോലെ സമ്മേളിച്ച ശബ്ദമായിരുന്നു അയിരൂരിന്റെ പ്രത്യേകത. ചിത്രത്തിൽ ഉമ്മർ അവതരിപ്പിക്കുന്ന കഥാപാത്രം ആലപിക്കുന്നതായാണു ഗാനചിത്രീകരണം. ഉമ്മറിന്റെ മുഴക്കമുള്ള ശബ്ദത്തിനു യോജിച്ച ആലാപനം. ആദ്യ ഗാനത്തിൽത്തന്നെ ഭാവം പകർന്നു പാടാൻ തക്ക പ്രതിഭയായിരുന്നു അയിരൂർ.

‘അരുമക്കൈവളക്കൂട്ടം മെല്ലെ കിലുക്കി കൊണ്ടുള്ള നോട്ടം

എന്ന ചരണത്തിലെ ‘മെല്ലെ എന്ന വാക്കിനു നൽകിയിരിക്കുന്ന ഭാവം ശ്രദ്ധിച്ചാൽ മതി ഇൗ ഗായകന്റെ കഴിവറിയാൻ. ആരും പതറിപ്പോകാവുന്ന ആദ്യഗാനത്തിലാണ് ഇൗ പരീക്ഷണം എന്നതും ശ്രദ്ധേയം. അടുത്ത വരിയിൽ ‘വിളയാട്ടം എന്ന വാക്കിനു നൽകിയിരിക്കുന്ന ഭാവവും ആകർഷകം.

ദേവരാജൻ മാസ്റ്റർക്ക് ശരിക്കും ഇഷ്ടമായി. പുതുമുഖ ഗായകരെ നിർമാണക്കമ്പനികൾ ഒട്ടും അടുപ്പിക്കാത്ത അക്കാലത്ത് തൊട്ടടുത്ത മാസം ‘ചായം (സംവിധാനം പി.എൻ. മേനോൻ) എന്ന ചിത്രത്തിൽ രണ്ടു ഗാനങ്ങൾ അയിരൂരിന് ദേവരാജൻ നൽകി. ഗാനരചന വയലാർ. ‘അമ്മേ അമ്മേ...., ശ്രീവൽസം മാറിൽ ചാർത്തിയ.... എന്നിവയായിരുന്നു അവ. രണ്ടും സോളോകൾ. (വയലാറിനു പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായിരുന്നു ‘അമ്മേ അമ്മേ.... സ്വന്തം അമ്മയെ ഓർത്താണ് അദ്ദേഹം ഇത് എഴുതിയത്. പലപ്പോഴും അയിരൂരിനെ വീട്ടിൽ വിളിച്ചുകൊണ്ടുപോയി വയലാർ ഇൗ ഗാനം പാടിപ്പിക്കുമായിരുന്നു.)

മരം റിലീസ് വൈകിയതുകൊണ്ടു ചായമാണ് അയിരൂരിന്റെ പേരിൽ ആദ്യമിറങ്ങിയ ചിത്രം. പ്രതിഭ മാത്രമേ അയിരൂരിന് ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ട മറ്റു കളികളിൽ അദ്ദേഹം തോറ്റു. പാടിയ 26 പിന്നണി ഗാനങ്ങളിൽ 14നും സംഗീതം നൽകിയതു ദേവരാജനാണ്.

‘ദേവരാജൻ മാസ്റ്ററുടെ സ്വന്തം പാട്ടുകാരൻ എന്ന പേരു വീണതുകൊണ്ടു മറ്റു സംഗീതസംവിധായകർ കാര്യമായി പരിഗണിച്ചില്ല. എന്നിട്ടും ദക്ഷിണാമൂർത്തി (മറ്റൊരു സീത, അലകൾ), പുകഴേന്തി (കല്യാണസൗഗന്ധികം), എം.കെ. അർജുനൻ (അജ്ഞാതവാസം, പഞ്ചവടി, രഹസ്യരാത്രി), ആഹ്വാൻ സെബാസ്റ്റ്യൻ (ലവ് മാര്യേജ്), കോട്ടയം ജോയി(പമ്പാനദി) തുടങ്ങിയവരുടെ സംഗീതത്തിൽ അദ്ദേഹം ആലപിച്ചു.

മലയാളത്തിന്റെ നിത്യവിരഹഗാനമായ ‘സന്യാസിനി... കൈവിട്ടുപോയതാണ് അയിരൂരിന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യം. ‘രാജഹംസം എന്ന ചിത്രത്തിൽ വലയാർ രചിച്ച് ദേവരാജന്റെ സംഗീതത്തിൽ ഇൗ ഗാനം പാടി റിക്കോർഡ് ചെയ്തത് അയിരൂരാണ്. സിനിമയിൽ ഗാനചിത്രീകരണം നടത്തിയതുപോലും അയിരൂർ പാടിയ ഗാനം ഉപയോഗിച്ചാണ്. എന്നാൽ പിന്നീട് ഗാനത്തിന്റെ വിപണനാവകാശം മറ്റൊരു കമ്പനിക്കു ലഭിക്കുകയും ഗാനം യേശുദാസിനെകൊണ്ടു മാറ്റി പാടിക്കുകയും ചെയ്തു. പക്ഷേ, നഷ്ടസൗഭാഗ്യങ്ങളെ ഓർത്തു വിലപിക്കാൻ അയിരൂർ തയാറല്ലായിരുന്നു. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു:

‘എന്തുകൊണ്ടാണ് എന്റെ പാട്ട് മാറ്റിയത് എന്നൊന്നും ഞാൻ അന്വേഷിച്ചിട്ടില്ല. അതെച്ചൊല്ലി രണ്ടു റിക്കോർഡിങ് കമ്പനികൾ തമ്മിൽ വഴക്കുണ്ടായതായി കേട്ടിരുന്നു. എന്തായാലും സന്യാസിനിയുടെ ‘ഒറിജിനൽ റിക്കോർഡ് ഇറങ്ങിയിട്ടില്ല. യേശുദാസിന്റെ ശബ്ദത്തിൽ നാം കേൾക്കുന്ന ആ പാട്ട് സിനിമയുടെ ഫിലിമിൽനിന്നു നേരിട്ടു പകർത്തിയതാണ്. അന്നെനിക്കു നിരാശ തോന്നിയിരുന്നു. എന്നാൽ, ഇന്നില്ല. കാരണം അത്ര മനോഹരമായല്ലേ യേശുദാസ് അതു പാടിയിരിക്കുന്നത്.

ചലച്ചിത്ര പരിഷത്തിലെ ചിലരുടെ അഴിമതിക്കഥ പുറത്തുകൊണ്ടുവരാൻ നിമിത്തമായതിനെ തുടർന്ന് അയിരൂരിനും ബ്രഹ്മാനന്ദനും പരിഷത് രഹസ്യ വിലക്ക് ഏർപ്പെടുത്തി. ഇതിൽ മനംമടുത്ത് അദ്ദേഹം മദ്രാസിനോടു വിടചൊല്ലി കേരളത്തിലെത്തി നാടകരംഗത്തും ആകാശവാണിയിലും സജീവമാവുകയായിരുന്നു. പിന്നീട് മദ്രാസിന്റെ മായികലോകത്തു ഭാഗ്യം പരീക്ഷിക്കാൻ ഇൗ പ്രതിഭാശാലി ശ്രമിച്ചിട്ടേയില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.