Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഗര ഗീതങ്ങളുടെ ചക്രവര്‍ത്തി

vidyasagar

കിനാവുകളുടെ പടിവാതിലിൽ പിന്നെയും പിന്നെയും വന്ന് ശ്രുതിമീട്ടുന്ന ഒരു നൂറ് ഗാനങ്ങൾ തന്നിട്ടുണ്ട് വിദ്യാസാഗറെന്ന സംഗീതജ‍ഞൻ. എല്ലാം കാലാതീതമായ മെലഡികൾ. ഏറ്റവുമൊടുവിലായി എം ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തതിൽ വിദ്യാസാഗറിന്റെ പാട്ടുമുണ്ട്. മനസിനെ അകലങ്ങളിലേക്ക് ഒരുപാട് നിറങ്ങളുള്ള ഒരു പട്ടം പോലെ പ്രണയാർദ്രമായി കൊണ്ടുപോകുമെന്നതാണ് ഈ ഗീതങ്ങള്‍ക്കുള്ളിലെ ചേല്. സാഗരം പോലുള്ള മെലഡികൾ സമ്മാനിച്ച പ്രിയ സംഗീതജഞനിന്ന് സന്തോഷ ജന്മദിനം. ഈ ദിനത്തില്‍ ആശംസകളർപ്പിച്ചു കൊണ്ട് അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം ആ പാട്ടുകളെ ഓർത്തെടുക്കുക എന്നതു തന്നെയാണ്.

പിന്നെയും പിന്നെയും ആരോ കിനാവിന്റെ...

മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവും.. താനേ തുറക്കുന്ന ജാലകച്ചിലിൽ നിന് തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം....മഞ്ഞുതൊടുന്ന പ്രണയ ഭാവത്തിനെ ഇതിലും മനോഹരമായി മറ്റൊരു രചയിതാവ് എഴുതിയിട്ടുണ്ടോ. ഗിരീഷ് പുത്തഞ്ചേരി മലയാളത്തിന്റെ കാൽപനിക ചിന്തകളിലെ രാജാവാണെങ്കില്‍ അതിൽ ഈണം നിറക്കുന്ന ചക്രവർത്തിയാണ് വിദ്യാസാഗർ. അതിന് ഈ ഒരൊറ്റ ഉദാഹരണം മതി. കൃഷ്ണഗുഡിയിലെ പ്രണയഗീതങ്ങളെന്ന ചിത്രത്തിലെ ഗാനം. പിന്നെയും പിന്നെയും ആരോ കിനാവിന്റെ....

എത്രയോ ജന്മമമായ്

ജന്മങ്ങളിൽ നിന്ന് ജന്മങ്ങളിലേക്ക് നീളുന്ന പ്രണയം...ദൂരതീരങ്ങളേയും മൂകതാരങ്ങളേയും സാക്ഷിയായുള്ള പ്രണയം. ആ ആഴത്തെ ഉൾക്കൊണ്ട് തന്നെയാണ് ശ്രീനിവാസും ചിരിയുടഞ്ഞു വീഴുന്ന നാദത്തിൽ സുജാതയും പാടിത്തീർത്തത്. വയലിന്റെ മാന്ത്രികത നിഴലിക്കുന്ന ഗാനം മലയാളത്തിലെ മറ്റൊരു സുന്ദര പ്രണയഗീതം. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിലേതാണീ ഗാനം. വരികള്‍ ഇവിടയും പുത്തഞ്ചേരി കുറിച്ചു.

ഓ ദിൽറൂബ

പാവാടത്തുമ്പ് പാറിച്ച് വിജനതയിലൂടെ ഓടിയകലുന്ന പഴംങ്കഥകളിലെ രാജകുമാരി. അവളുടെ പാദസരത്തില്‍ നിന്നൂർന്ന് വീണ മഴത്തുള്ളികൾ ആ മണ്ണിനെ നനുത്തതാക്കി. പ്രണയത്തിന്റെ ഒരായിരം മുത്തുകളവിടങ്ങളിൽ ചിതറി വീണു അവളുടെയും അവന്റെ കഥ പറയാൻ. ഈ പാട്ട് കേട്ട് കഴിയുമ്പോൾ മനസിനുള്ളില്‍ ഇങ്ങനൊരു കുഞ്ഞികഥ പിറവികൊള്ളില്ലേ...കൈതപ്രമാണ് അഴകിയ രാവണനിലെ ഈ പാട്ടെഴുതിയത്.

ആരോ വിരൽമീട്ടി

മനസിന്റെ മൺവീണയിൽ ശ്രുതി മീട്ടിയ വിദ്യാസാഗറിലൂടെ നമ്മൾ കേട്ട മറ്റൊരു ഗാനം. കടലാസു തുണ്ടിലേക്ക് മനസിലെ പ്രണയമങ്ങനെ പെയ്തിറങ്ങുമ്പോൾ അത് അവനിലേക്ക് എത്തുമോയെന്നറിയാതെ കാത്തിരിക്കുമ്പോൾ കലാലയങ്ങളിലെ മരച്ചില്ലകളൊരുക്കുന്ന തണലിടങ്ങൾക്കു താഴെയിരുന്ന് ചിന്തകളിലേക്ക് പ്രണയം പടർത്തുമ്പോൾ ഇതല്ലാതെ മറ്റേത് ഈണം....വരികൾ പുത്തഞ്ചേരിയുടേതു തന്നെ. ഇലപൊഴിഞ്ഞ് വീണ് കിടക്കുന്ന മനസിന്റെ വഴിയിടങ്ങളിലിരുന്ന് വീണ്ടും പുത്തഞ്ചേരി കവിത രചിക്കുന്നത് ഈ വരികളിലെ മനോഹാരിത നമുക്കത്രയേറെ ഇഷ്ടമായതുകൊണ്ടാണ്.

കരളേ നിൻ കൈപിടിച്ചാൽ

തൂവെള്ള ചേല കാറ്റിനോട് താളം പിടിക്കുന്ന, വെള്ളരിപ്രാവ് പരിഭവിച്ച് കുറുകുന്ന, മഞ്ഞയും കറുപ്പും ഇഴചേർന്ന നിറമുള്ള ആ മുറിക്കുള്ളിലിരുന്ന് പാതിരാവിന്റെ പകുതിയിൽ, ആരും അറിയാതെ പാടുന്ന സംഗീതോപകരണത്തിന്റെ ജന്മാന്തര ബന്ധം പറഞ്ഞ ചിത്രമായിരുന്നു അത്. ഒരു ഈണം ‌തീർക്കുന്ന നിഗൂഢ വഴികളിലൂടെ സഞ്ചരിച്ച ചിത്രമായിരുന്നു ദേവദൂതൻ. പാട്ടിനായി പിറന്ന ചലച്ചിത്രം. അതിന് സംഗീതമൊരുക്കാൻ വിദ്യാസാഗറിനപ്പുറം മറ്റൊരാളില്ലെന്നതിനുള്ള തെളിവായിരുന്നു ആ ഗീതങ്ങള്‍.

ആന്ധ്രാപ്രദേശിലെ വിസിയനഗരത്തിൽ‌ 1963 മാർച്ച് രണ്ടിനായിരുന്നു വിദ്യാസാഗറിന്റെ ജനനം. മൂന്നാം വയസിലേ സംഗീത ജീവിതമാരംഭിച്ചു. ചലച്ചിത്രത്തിൽ മൂന്ന് പതിറ്റാണ്ടോളം പിന്നിട്ട സംഗീതയാത്രക്കിടയിൽ 250 ഓളം ചിത്രങ്ങൾക്ക് ഈണമിട്ടു. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നിരവധിപ്രാവശ്യം ഈ സംഗീതജ്ഞനെ തേടിയെത്തിയിട്ടുണ്ട്.

Your Rating: