ഹരിപ്രസാദ് ചൗരസ്യക്കിന്ന് 77-ാം ജന്മദിനം

ഓടക്കുഴലിൽ മാസ്മര പ്രപഞ്ചം സൃഷ്ടിക്കുന്ന പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യക്കിന്ന് 77-ാം ജന്മദിനം. തന്റെ സംഗീതത്തിന്റെ മനോഹാരിതകൊണ്ട് ലോകം കീഴടക്കിയ ഹരിപ്രസാദ് ചൗരസ്യ സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അലഹബാദിലെ ഒരു കുടുംബത്തിലാണ് ജനിച്ചത്. ആറാം വയസിൽ മാതാവു മരിച്ചു. ഗുസ്തിക്കാരനായിരുന്ന പിതാവിന് മകനേയും ഗുസ്തിക്കാരനാക്കാനായിരുന്നു താൽപര്യം. കുറച്ചു കാലം പിതാവുമൊന്നിച്ച് ഗുസ്തി അഭ്യസിച്ചെങ്കിലും സംഗീതമാണ് തന്റെ വഴിയെന്ന് ഹരിപ്രസാദ് ചൗരസ്യ തിരിച്ചറിയുകയായിരുന്നു.

പതിനഞ്ചാം വയസ്സിൽ അയൽക്കാരനായിരുന്ന പണ്ഡിറ്റ് രാജാറാമിൽ നിന്നു വായ്പ്പാട്ടും പിന്നീട് പണ്ഡിറ്റ് ഭോലാനാഥിന്റെ കീഴിൽ ബാംസുരിയും അഭ്യസിച്ചു. തുടർന്ന് ആകാശവാണിയിൽ പ്രവർത്തിക്കുമ്പോഴാണ് ഉസ്താദ് അലാവുദ്ദീൻ ഖാന്റെ പുത്രിയായ അന്നപൂർണ്ണാദേവിയെ പരിചയപ്പെടുന്നതും അവരുടെ ശിഷ്യത്വം സ്വീകരിക്കുന്നതും. ഓടക്കുഴൽ വാദനത്തിലെ പരമ്പരാഗതശൈലിയിൽ പുതിയ ആശയങ്ങളും മാറ്റങ്ങളും വരുത്തിയ ചൗരസ്യ ലോകരാഷ്ട്രങ്ങളിലെല്ലാം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. 

പണ്ഡിറ്റ് ശിവകുമാർശർമയുമായി ചേർന്ന് ചൗരസ്യയും 'ശിവ് ഹരി' എന്നപേരിൽ സിനിമകൾക്കുവേണ്ടി സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചാന്ദ്‌നി, ഫാസ്ലേ, ലംഹേ, സിൽസില, ഡർ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ എന്നും അനശ്വരമാണ്. 1981 ൽ പുറത്തിറങ്ങിയ അരവിന്ദന്റെ പോക്കുവെയിൽ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് ഹരിപ്രസാദ് ചൗരസ്യയായിരുന്നു. ശക്തി എന്ന ഫ്യൂഷൻ സംഘത്തിലൂടെ യഹൂദി മെനൂഹിൻ അടക്കമുള്ള അതുല്യപ്രതിഭകളുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റിയ ചൗരസ്യ ജുഗൽബന്ദികളുടെ ചക്രവർത്തിയായി. നെതർലാൻഡ്‌സിലെ റോട്ടർഡാം മ്യൂസിക് കോൺസർവേറ്ററിയിലെ ലോക സംഗീത വിഭാഗത്തിൽ ആർട്ട് ഡയറക്ടറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ജോൺ മെക്ലാഫ്‌ളിൻ, ജൻ ഗാർബാരേക്, കെൻ ലാബർ തുടങ്ങിയ വിദേശ സംഗീതഞ്ജരോടൊപ്പം ചൗരസ്യ വേദി പങ്കിട്ടിട്ടുണ്ട്.

2000 ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഹരിപ്രസാദ് ചൗരസ്യയെ എൻ.ഡി.ടി.വി. ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന 25 ആഗോള പ്രതിഭകളിലൊരാളായി 2013ൽ തിരഞ്ഞെടുത്തിരുന്നു. പത്മഭൂഷൺ, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, കൊണാർക്ക് സമ്മാൻ, നോർത്ത് ഒറീസ്സ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് തുടങ്ങി എണ്ണമറ്റ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.