ലാവണ്യ ഗീതവുമായി ശ്യാം

ശ്യാമമേഘങ്ങൾക്കു സംഗീതത്തിന്റെ ചിറകു നൽകിയ സംഗീത സംവിധായകനാണു സാമുവൽ ജോസഫെന്ന ശ്യാം. മലയാള സിനിമയിലെ എത്രയോ മധുര മനോഹര ഗാനങ്ങളുടെ സൃഷ്‌ടാവ്. ഡെയ്‌സിയിലെ ‘ഓർമതൻ വാസന്ത...’, ‘തേൻമഴയോ...’, നിറക്കൂട്ടിലെ ‘പൂമാനമേ...’, നാടോടിക്കാറ്റിലെ ‘വൈശാഖ സന്ധ്യേ...’, അധിപനിലെ ‘ശ്യാമമേഘമേ നീ...’ അങ്ങനെ ശ്യാമിന്റെ എത്രയോ ഗാനങ്ങൾ ചുണ്ടിൽ ഈണമാകുന്നു.

സിനിമയിൽ നിന്ന് കുറച്ചു കാലമായി വിട്ടു നിൽക്കുമ്പോഴും ശ്യാമിന്റെ ജീവിതം സംഗീതം തന്നെയായിരുന്നു. ക്രിസ്ത്യൻ കൾച്ചറൽ അക്കാദമിയെന്ന സന്നദ്ധ സംഘടനയ്ക്കു രൂപം നൽകി സംഗീതം കൊണ്ടു അശരണർക്ക് അത്താണിയൊരുക്കുന്ന സന്നദ്ധ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയിലും ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ അദ്ദേഹം സാന്നിധ്യമറിയിച്ചു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ സാമൂഹിക വിഷയം പ്രമേയമാക്കി, ശ്യാം സംഗീത സംവിധാനം നിർവ്വഹിച്ച സംഗീത ആൽബം ‘ലാവണ്യഗീതം’ ഇന്നു കേരളോൽസവത്തിൽ പുറത്തിറങ്ങുന്നു. സംഗീത ആൽബമെന്നാൽ വെറുതെ കുറച്ച് പാട്ടുകളാണെന്നു കരുതരുത്. പാട്ടിനൊപ്പം തന്നെ പുരോഗമിക്കുന്ന കഥയും അനുഭവങ്ങളും ചേർന്നതാണ് ഈ ‘ലാവണ്യഗീതം’.

ലാവണ്യഗീതം

ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതകഥയാണു ലാവണ്യഗീതം എന്ന സംഗീത ആൽബത്തിലൂടെ പറയുന്നത്. ഒരു റിട്ട. സർക്കാർ ജീവനക്കാരൻ ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും രണ്ടു പെൺമക്കൾക്കുമൊപ്പം ജീവിക്കുന്നു. അവരുടെ ജീവിതവും, അവർക്ക് ചുറ്റുപാടുമുള്ളവരുടെ ജീവിതവുമാണ് ഈ സംഗീത ആൽബത്തിലുള്ളത്. മക്കൾ പ്രകാശവും ശബ്ദവും കണ്ണുകളും നാദവുമെല്ലാമാകുന്ന ജീവിതമാണു ലാവണ്യഗീതം.

ജീവിതത്തിലെ കയറ്റിറക്കങ്ങൾ നിശ്ചയിക്കുന്നതു നമ്മളല്ലെങ്കിലും, പ്രതിസന്ധികളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാനുള്ള ഊർജമാണ് ‘ലാവണ്യഗീതം’ എന്ന സംഗീത ആൽബത്തിലെ ഗാനങ്ങൾ. അതിൽ പ്രണയമുണ്ട്, പ്രാർഥനയുണ്ട്, കരുതലുണ്ട്, രാജ്യസ്നേഹമുണ്ട്, സന്തോഷമുണ്ട്, സങ്കടമുണ്ട്... അങ്ങനെ എല്ലാം ചേർന്നൊഴുകുകയാണു ലാവണ്യഗീതത്തിൽ.

സർഗ സംഗീതം...

പൂവച്ചൽ ഖാദർ രചിച്ച ഒൻപതു ഗാനങ്ങളാണ് ആൽബത്തിലുള്ളത്. സംഗീത സംവിധായകൻ ശരത്, രവിശങ്കർ, യാസിൻ നിസാർ, പ്രഭാകർ, സ്നേഹ സൈമൺ എന്നിവരാണു ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സഹാന ക്രിയേഷൻസാണ് ആൽബത്തിന്റെ നിർമാണം. ഒരു ജീവിത കഥയാണു ‘ലാവണ്യഗീതം’ എന്ന സംഗീത ആൽബത്തിലൂടെ പറയുന്നതെന്ന് ശ്യാം പറഞ്ഞു. ഒരു ചെറിയ സിനിമ തന്നെ. ആ കഥയിലെ ചില സംഭവങ്ങൾ. അതിനിടയിൽ കടന്നു വരുന്ന ഗാനങ്ങൾ. സംഭവങ്ങളും ഗാനങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. അങ്ങനെ വ്യത്യസ്തമായാണ് ഈ സംഗീത ആൽബത്തെ സമീപിച്ചിട്ടുള്ളതെന്ന് ശ്യാം പറ‍ഞ്ഞു.

സംഗീത ആൽബത്തിലെ കഥയ്ക്കു രൂപം നൽകിയതും ശ്യാം തന്നെയാണ്. വെറുതെ കുറച്ചു ഗാനങ്ങൾ എന്നതിനു പകരം വേറിട്ട രീതിയിൽ അതിനെ സമീപിക്കാനാണു ശ്രമിച്ചത്. വരികളും ഈണവും കഥയിലെ സന്ദർഭത്തിനു പൂർണമായും യോജിച്ചു നിൽക്കുന്ന രീതിയിലുള്ളതാണ്. നമുക്കു ചുറ്റും, നമ്മൾ പലപ്പോഴും കാണുന്ന ജീവിതങ്ങൾ തന്നെയാണ് ഇവിടെയുമുള്ളത്. അതിനെ സംഗീതത്തിലൂടെ സമീപിക്കുന്നുവെന്നുമാത്രം, ശ്യാം പറയുന്നു.