കൊച്ചിയുടെ ഭായ്

ചെളി കൊണ്ട് ഉരുളയുരുട്ടി സ്റ്റേജിനു നേരെ വലിച്ചെറിഞ്ഞവർ മൈക്കിലൂടെ ഒഴുകിയെത്തിയ ഗാനം കേട്ട് അതേ കൈകൊണ്ടു താളമിട്ട് ആർപ്പുവിളിച്ചു. പാടിയത് എച്ച്.മെഹ്ബൂബ് ഭായി. കൊച്ചിയുടെ ജനകീയ പാട്ടുകാരൻ.വൈപ്പിനിലായിരുന്നു സംഭവം. ഓർക്കസ്ട്ര എത്താൻ വൈകിയതിനാൽ ഗാനമേള ആരംഭിക്കാൻ വൈകി. കർട്ടൻ ഉയർന്നതും രോഷാകുലരായ നാട്ടുകാർ പ്രതികരിച്ചതു ചെളിവാരിയെറിഞ്ഞായിരുന്നു. മെഹ്ബൂബ് ഭായി ഒട്ടും പതറിയില്ല. ജനത്തിന്റെ മനസ്സറിഞ്ഞ് ഒരു പാട്ടങ്ങു കാച്ചി: ‘പ്രേമമെന്നാൽ എന്ത്, അത് മനുഷ്യനെ പരിവെട്ടിക്കറക്കണ പിരാന്ത്..’

ജനം കയ്യടിച്ചു. ഭായി ജനത്തെ കയ്യിലെടുത്തു. അതായിരുന്നു ഭായി. പറയുന്നതു ഭായിയോടൊപ്പം വർഷങ്ങളോളം പാടാൻ ഭാഗ്യം ലഭിച്ച കിഷോർ അബു. ആസ്വാദകരുടെ മനസ്സറിഞ്ഞ് അവർക്കുവേണ്ടി പാടിയ ഗായകനായിരുന്നു മെഹ്ബൂബ് ഭായിയെന്നു കിഷോർ അബു പറയുന്നു.

ഒത്തിരി ദുരിതകാലങ്ങൾ ജീവിതത്തിൽ അനുഭവിച്ച പാട്ടുകാരനായിരുന്നു മെഹ്ബൂബെന്നു 30 വർഷം ഭായിക്കൊപ്പം ഗാനമേളകളിലും സംഗീത കൂട്ടായ്മകളിലും പാടിനടന്ന ജൂനിയർ മെഹ്ബൂബ് പറയുന്നു. എറണാകുളത്തു നിന്നു ഹർമോണിയം പെട്ടിയും തബലയും ചുമന്നു മട്ടാഞ്ചേരി വരെ രാത്രി നടന്നെത്തേണ്ടിവന്ന അനുഭവവും ഭായിക്ക് ഉണ്ടായിട്ടുണ്ട്. എറണാകുളം ടൗൺഹാളിലായിരുന്നു ഗാനമേള. ഗാനമേള കഴിഞ്ഞപ്പോൾ സംഘാടകരെ കാണാനില്ലായിരുന്നു. തിരിച്ചുപോരാൻ വണ്ടിക്കൂലി ഇല്ലാത്ത അവസ്ഥ. പിന്നെ നടക്കുകയല്ലാതെ മാർഗമില്ലായിരുന്നു. സംഗീതത്തിനു വേണ്ടിയായിരുന്നു ഭായിയുടെ ജീവിതം, സമ്പത്തിനു വേണ്ടിയായിരുന്നില്ല– ജൂനിയർ മെഹ്ബൂബ് ഓർക്കുന്നു.

നാലു വയസ്സു മുതൽ മെഹ്ബൂബിനൊപ്പം പാടിത്തുടങ്ങിയ ജൂനിയർ മെഹ്ബൂബ് ഇപ്പോൾ കൊച്ചിയിലെ അറിയപ്പെടുന്ന ഗായകനാണ്. മെഹ്ബൂബിന്റെ ഗാനങ്ങൾ ആലപിക്കുന്നതിൽ കൂടുതൽ താൽപര്യം കാട്ടുന്ന ജൂനിയർ മെഹ്ബൂബിനു ഭായി കൊടുത്ത ഉപദേശമിതാണ്: ‘ഒരാളുടെ പാട്ടുകൾ അനുകരിക്കുന്ന ഗായകനാകരുത്. സ്വന്തമായ ശൈലിയിലൂടെ പാടണം.’ ഫോർട്ട്കൊച്ചി പട്ടാളം ദേശത്തു സാധാരണ ദഖ്നി കുടുംബത്തിൽ ജനിച്ച മെഹ്ബൂബിനു പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അക്കാലത്തു ലഭിച്ചിരുന്നുള്ളൂ. സൈഗാൾ, മുകേഷ്, റഫി, കിഷോർകുമാർ ഇവരുടെയെല്ലാം ഗാനങ്ങൾ മെഹ്ബൂബിന് ഇഷ്ടമായിരുന്നു. കൊച്ചിയിലെ മെഹ്ഫിലുകളിലും തട്ടിൻപുറങ്ങളിലും കല്യാണവീടുകളിലും ഭായി ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. കല്യാണത്തലേന്നു നേരം പുലരുംവരെ ഭായി പാടും. ആസ്വാദകർ ഉറക്കമിളച്ചു ഭായിക്കൊപ്പം ചേമട്ടാഞ്ചേരിയിലെയും ഫോർട്ട്കൊച്ചിയിലെയും വില്ലിങ്ഡൻ ഐലൻഡിലെയും കാഴ്ചകളെല്ലാം ഭായി പാടിയ പാട്ടുകളിൽ നിറഞ്ഞുനിന്നു.

ഗാനരചയിതാക്കളായ മേപ്പള്ളി ബാലനും നെൽസൺ ഫെർണാണ്ടസിനുമൊപ്പം അവർ രചിച്ച ഗാനങ്ങൾക്കു തന്റേതായ ഈണം നൽകി ഭായി പാടിയപ്പോൾ അതു ഹിറ്റായി. വില്ലിങ്ഡൻ ഐലൻഡിലെ കമ്പനിയുടെ ഉദ്ഘാടനത്തിനു മെഹ്ബൂബ് ഭായി പാടിയ പാട്ട് കൊച്ചിക്കാരുട മനസ്സിൽ എന്നും തത്തിക്കളിക്കുന്നതാണ്. കായലിനരികെ കൊടികൾ പറത്തി കുതിച്ചുപൊങ്ങിയ കമ്പനികൾ, കച്ചവടത്തിനു കച്ചമുറുക്കി കനത്തുനിൽക്കും കമ്പനികൾ... ജീവിതത്തിന്റെ അവസാന നാളുകളിൽ ഒരുകൂട്ടം സ്നേഹിതരുടെ സഹായം കൊണ്ടുമാത്രമാണ് അദ്ദേഹം ജീവിച്ചത്. വളരെ താമസിച്ചായിരുന്നു ഭായിയുടെ വിവാഹം. മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളി കബർസ്ഥാനിലാണു ഭായിയെ കബറടക്കിയത്. മരിച്ച് 35 വർഷം കഴിഞ്ഞിട്ടും കൊച്ചിക്കാരുടെ മനസ്സിൽ മെഹ്ബൂബ് ഭായി ഇന്നും ജീവിക്കുന്നു, തന്റെ അനശ്വരമായ ഗാനങ്ങളിലൂടെ...