സംഗീത സംവിധായകർ പാട്ടുകാരായപ്പോൾ

രാഘവൻ മാസ്റ്റർ, എം എസ് ബാബുരാജ്, എം ജയചന്ദ്രൻ

ഈ പാട്ടുകളൊന്നും പാടിയത് പാട്ടുകാരായി പേരെടുത്തവരൊന്നുമല്ല. പക്ഷേ സംഗീതം ലോകം കണ്ട പ്രതിഭകൾ തന്നെയായിരുന്നു അവർ. പാട്ടുകാരനപ്പുറം സംഗീത ലോകത്ത് സഞ്ചരിച്ചവർ. ഈണത്തിനു പിന്നിലെ സംഗീത സംവിധായകൻ. പക്ഷേ ഇടയ്ക്കെപ്പോഴെ മൈക്കിനു മുന്നിലേക്ക് അവരെത്തി. ആ കടന്നുവരവ് വേറിട്ട പാട്ടുകൾ നമുക്ക് സമ്മാനിച്ചു. ഈ പാട്ടുകളെ കുറിച്ച് ഇപ്പോഴെന്തിനാണ് പറയുന്നതെന്നല്ലേ. നമ്മൾ ഇപ്പോൾ ഏറ്റവുമധികം കേൾക്കാനിഷ്ടപ്പെടുന്ന ഇടുക്കിയെ കുറിച്ചുള്ള ആ സുന്ദരി പാട്ട് പാടിയത് ബിജിബാലെന്ന സംഗീത സംവിധായകനാണ്. ബിജിബാൽ ഇതിനു മുൻപും പാടിയിട്ടുണ്ട്. അങ്ങനെ സംഗീത സംവിധായകർ പാട്ടുകാരയപ്പോൾ പിറന്ന ഒരു കൂട്ടം നല്ല ഗാനങ്ങളിലേക്ക്....

പ്രാണസഖീ ഞാൻ വെറുമൊരു

സംഗീതത്തിന്റെ ലോകത്ത് വിശുദ്ധ ഈണങ്ങളുമായി സഞ്ചരിച്ച് നീങ്ങിയ പ്രതിഭകളെയെല്ലാം നമ്മൾ മാസ്റ്റർ എന്നു വിളിച്ചു. സ്നേഹം നിറഞ്ഞ ആദരവോടെ ലാളിത്യം നിറഞ്ഞ ആ ജീവിതങ്ങളെയും ഗാനങ്ങളേയും നെഞ്ചേറ്റി. പക്ഷേ ഒരാൾ ഇതിനെല്ലാം അപ്പുറത്തായിരുന്നു. അയാളെ മാസ്റ്ററെന്നു വിളിച്ചില്ല. അകലെ നിന്ന് കണ്ടില്ല. നെഞ്ചോടു ചേർത്തുവച്ചു ആ സംഗീതത്തെയും മുഖത്തെയും. അയാളുടെ പേരാണ് ബാബുക്ക. എം എസ് ബാബുരാജ് സംഗീത സംവിധാനം നിർവഹിച്ച പാട്ടുകൾ എന്നു പറയുന്നതിനേക്കാൾ ബാബുക്കയുടെ പാട്ടെന്നു കേൾക്കുന്നതിലും എഴുതുന്നതുമായിരുന്നു നമുക്ക് ഇഷ്ടം.

മനസിലും ജീവിതത്തിലും സൂക്ഷിച്ച ബംഗാളിയായ ജാൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് സാബിർ ബാബുരാജ്. വിശപ്പടക്കാൻ ബാല്യത്തിൽ തെരുവുഗായകനായ ബാബുരാജ്. മറ്റൊരു സംഗീത പ്രതിഭയ്ക്കും നൽകാത്ത ഇഷ്ടം നൽകി മലയാളി അടുത്തിരുത്തിയ ബാബുക്ക. ബാബുക്ക സംഗീതം നൽകിയ പാട്ടുകളിലധികവും ശബ്ദമായത് ദാസേട്ടനായിരുന്നു. ദൈവീകമായ സ്വരഭംഗി തൊട്ട ആ പാട്ട് പിന്നീട് പലഗായകരും പാടിയിട്ടും എവിടെയോ എന്തോ ഒരു സുഖമില്ലായ്മയേ മലയാളിക്ക് കിട്ടിയുള്ളൂ.

പക്ഷേ പ്രതിഭാധനനായ സംഗീത സംവിധായകന്റെ തലക്കനമില്ലാതെ കല്യാണവീടുകളിലും സുഹൃത്തുക്കൾക്കുമിടയിലിരുന്ന് തന്റെ ഹാർമോണിയത്തിൽ വിരലോടിച്ച് ഇതിൽ പല ഗാനങ്ങളും ബാബുരാജ് പാടിയിരുന്നു. സുഹൃത്തുക്കൾ തന്നെ റെക്കോർഡ് ചെയ്ത ആ ഗാനം ദാസേട്ടന്റെ പാട്ടുകേട്ട അതേ ഇഷ്ടത്തോടെ നമ്മൾ കേട്ടാസ്വദിച്ചു. ഗായകൻ തന്നെ പാട്ടായി മാറുന്ന അപൂര്‍വത.

ജീവസ്സുറ്റ ഈണങ്ങൾ തീർത്ത സംഗീത സംവിധായകൻ ഗായകനും അതിനേക്കാളുപരി ഹാർമോണിയ പെട്ടിയുടെ മനസ് കീഴടക്കിയ മനുഷ്യനും കൂടിയാണ് ബാബുക്കയെന്നും കൂടിയാണ് ഈ പാട്ടുകൾ നമ്മോട് പറഞ്ഞത്. ബാബുരാജ് പാടുന്നു എന്ന പേരിൽ മനോരമ മ്യൂസിക് ഈ പാട്ടുകളെ സാധാരണക്കാരിലേക്കെത്തിച്ചു. അഴിമുഖമെന്ന ചിത്രത്തിലെ ഒരു ഗാനം സിനിമയിൽ പാടിയതും ബാബുക്ക തന്നെ.

കായലരികത്ത് വലയെറിഞ്ഞപ്പം

കായലരികത്ത് വലയെറിഞ്ഞപ്പം വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരിയെന്ന് പ്രണയിനിയെ വിശേഷിപ്പിച്ചത് ഭാസ്കരൻ മാസ്റ്ററാണ്. ഒട്ടും പകിട്ടില്ലാത്ത ആ വരികൾക്ക് അതുപോലുള്ള സംഗീതമെഴുതി രാഘവൻ മാസ്റ്റർ. സ്വന്തം ശബ്ദം നൽകുകയും ചെയ്തു. 1954ൽ പുറത്തിറങ്ങിയ നീലക്കുയിലെന്ന ചിത്രത്തിലെ ഈ പാട്ട് ഇന്നും നമ്മളുടെ കാതിൽ മുഴങ്ങുന്നു. നീലക്കുയിലിന് മലയാള സിനിമാ ചരിത്രത്തിലെ സ്ഥാനമെന്താണെന്ന് ആവർത്തിച്ചെഴുതേണ്ട കാര്യമില്ല. അതേ സ്ഥാനമാണ് ഈ ഗാനത്തിനും. ഉറൂബ് എഴുതി രാമു കാര്യാട്ടും പി ഭാസ്കരനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമാ ചരിത്രത്തിൽ പുതു ചരിത്രമെഴുതി. സംഗീതത്തിലും.

പുതുനൂറ്റാണ്ടിലെ പ്രണയ ചിന്തകളിൽ പോലും ഈ ഗാനം മുഴങ്ങുന്നു. ഓർക്കസ്ട്രയിൽ തിരുത്തലുകൾ വരുത്തി നവലോകത്തെ തകർപ്പൻ ബാൻഡുകൾ പോലും ഏറ്റെടുത്തു ഈ ഗാനം. മലയാള സംഗീതത്തിന് ഒരാമുഖമെഴുതിയ സംഗീത സംവിധായകനാണ് കെ രാഘവൻ. മലയാളത്തിന് സ്വന്തമെന്ന് പറയാവുന്ന സംഗീതം സമ്മാനിച്ചു രാഘവൻ മാസ്റ്റർ. ബാല്യം വിട്ടിട്ടില്ലാത്ത മലയാള ചലച്ചിത്രത്തിലെ സംഗീതത്തിന് തനതായൊരു സംഗീത ശൈലി പകർന്ന രാഘവൻ മാസ്റ്റർ ഗായകനായപ്പോഴും പിറന്നത് എക്കാലത്തേയും മികച്ച ഗാനങ്ങൾ. കാലമേറെ കടന്നിട്ടും കാതിൽ നിന്നകലാത്ത സംഗീതം.

വന്ദേ മുകുന്ദ ഹരേ

ബിജിബാൽ, എം ജി രാധാകൃഷ്ണൻ, ജാസീ ഗിഫ്റ്റ്

കെടന്നുപോയീന്ന് ഞാൻ വിശ്വസിക്കില്ലെടോ തനിക്കു തരാൻ തന്നോടു പറയാൻ എന്റെ കയ്യിലൊന്നുമില്ലെടോ നീലകണ്ഠാ....നാവാമുകുന്ദന് കൊടുത്തതിന്റെ ബാക്കി ഇത്തരി നിവേദ്യമുണ്ട്. അതിന്നാ സ്വീകരിക്കുക...കൺനിറഞ്ഞ് ഇടക്ക കൊട്ടി പെരിങ്ങോടൻ പാടിത്തുടങ്ങി...വന്ദേമുകുന്ദ ഹരേ...

അഭിനയംകൊണ്ട് മോഹൻലാൽ അതിശയിപ്പിച്ച ചിത്രമായിരുന്നു ദേവാസുരം. നായക സങ്കൽപത്തിൽ മംഗലശേരി നീലകണ്ഠനെ പോലെ തലയെടുപ്പുള്ള മറ്റൊരാളുണ്ടോ. ഇല്ലെന്നു തന്നെ പറയാം. പുരുഷ വീറിന്, പെൺചിലങ്കയുടെ ശൗര്യത്തിന് സൗഹൃദത്തിന്റെ ആഴത്തിന് കുറ്റബോധത്തിന് വീഴ്ചകള്‍ക്ക് അങ്ങനെ ഒരുപാടൊരുപാട് തീവ്ര രംഗങ്ങളിലൂടെ കടന്നുപോയ ആ ചിത്രത്തെ കുറിച്ച് ഓർക്കുമ്പോൾ മനസിൽ ഈ പാട്ട് തുടികൊട്ടുന്നില്ലേ. മലയാള ചലച്ചിത്രത്തിലെ ഒറ്റക്കൊമ്പൻ കഥാപാത്രം മംഗലശേരി നീലകണ്ഠന് തെമ്മാടിയായ സുഹൃത്ത് പാടിക്കൊടുക്കുന്ന പാട്ട്. രഞ്ജിത് സംവിധാനം ചെയ്ത ദേവാസുരമെന്ന ചിത്രത്തിലെ ഏറ്റവും തീവ്രമായ രംഗവും ഇതുതന്നെയല്ലേ.

ഇന്നും മനസിന്റെ ഇടനാഴികളിലെവിടെയോ പെരിങ്ങോടന്‍ ഇടയ്ക്ക കൊട്ടി പാടുന്നില്ലേ. തിരിഞ്ഞു നടക്കുന്ന പെരിങ്ങോടൻ വിങ്ങലാകുന്നില്ലേ. ഈ രംഗത്തിന് ജീവൻ നൽകിയ ഒടുവിൽ ഉണ്ണികൃഷ്ണനും ആ ശ്ലോകത്തിന് ശബ്ദമായ പ്രതിഭയും ഇന്നു നമ്മോടൊപ്പമില്ല. സംഗീതത്തിലെ പാണ്ഡിത്യത്തിലൂടെ മലയാള ചലച്ചിത്രത്തിന് കുറേ ഗാനങ്ങൾ സമ്മാനിച്ച സംഗീതജ്ഞൻ. എം ജി രാധാകൃഷ്ണൻ.

രാക്കിളി തൻ

മതത്തിന്റെ വേലിക്കെട്ടുകൾ പച്ചയായ മനുഷ്യ സ്നേഹത്തിനു മുന്നിൽ സ്ത്രീത്വത്തിന്റെ മനസാക്ഷിക്കു മുന്നിൽ‌ ഒന്നുമില്ലാതായി തീരുന്നൊരു പ്രമേയം പങ്കിട്ട ചിത്രമാണ് കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം. പെയ്തുതീരാത്ത പെരുമഴക്കാലം പോലുള്ള ജീവിതങ്ങളെ അനാവരണം ചെയ്ത ചിത്രത്തിൽ മഴയുടെ താളവും ആഴവും പോലുള്ള സംഗീതം പകർന്നത് എം ജയചന്ദ്രനാണ്. ജയചന്ദ്രൻ തന്നെ പാടിയ ഒരു പാട്ടുണ്ട് ഇതിൽ. രാക്കിളി തൻ വഴി മറയും നോവിൻ പെരുമഴക്കാലം. ഈണങ്ങളുടെ ഋതുഭേദങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനുള്ളിലെ പാട്ടുകാരനും അത്രത്തോളം ഹൃദ്യമാണെന്ന് ‌പറഞ്ഞുതന്ന പാട്ട്. ഇതേ പാട്ട് സുജാത മോഹനും ചിത്രത്തിൽ പാടിയിട്ടുണ്ട്.

ലജ്ജാവതിയേ

ചലച്ചിത്ര സംഗീതത്തിൽ സംവാദങ്ങൾക്ക് വഴിവച്ച പാട്ടായിരുന്നു അത് ലജ്ജാവതിയേ...പ്രണയിനിയെ കുറിച്ച് നാടൻ ചേലുള്ള വരികളിൽ ഡപ്പാംകൂത്തിന്റെ ചേലുള്ള ഈണങ്ങൾ പകർന്ന് മലയാളത്തിന് വേറിട്ടൊരു സംഗീത രുചി സമ്മാനിച്ച ഗാനം. ഫോർ ദി പീപ്പിളെന്ന ചിത്രത്തിലേതായിരുന്നു ഈ ഗാനം. സംഗീത സംവിധായകനായ ജാസീ ഗിഫ്റ്റ് തന്നെയായിരുന്നു ഈ പാട്ട് പാടിയത്. ജയരാജ് സംവിധാനം ചെയ്ത ചിത്രം സമൂഹത്തിലെ അനീതിക്കെതിരെ വേറിട്ട വഴിയിലൂടെ പൊരുതിയ നാല് വിദ്യാർഥികളുടെ ചിത്രമാണ്.

ഗായകന്റെ ശബ്ദത്തെ കുറിച്ചുള്ള സങ്കൽപങ്ങള്‍ക്കെല്ലാം അതീതമായിരുന്നു ജാസിയുടേത്. പാട്ട് വൻ ശ്രദ്ധ നേടിയെങ്കിലും അതുപോലെ തന്നെ വിമർശനങ്ങളും നേടി. ജാസിയുടെ ശബ്ദം തന്നെയായിരുന്നു ഏറ്റവും വലിയ പ്രശ്നം. പക്ഷേ പാട്ടിന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയിൽ ഒന്നുതന്നെ. ജാസി പിന്നെയും പാടി സംഗീത സംവിധാനവും ചെയ്തു. തെലുങ്കിലും കന്നഡയിലും തമിഴിലും തന്റേതായ വ്യക്തിമുദ്ര പതിപിച്ചു ജാസി.

ഇടുക്കി

ഇടുക്കിയുടെ ചന്തത്തെ കുറിച്ചും ആ നാടിന്റെ തുടിപ്പുകളെ കുറിച്ചുമുള്ള പാട്ട്. മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ ആ പാട്ട് നമ്മളിന്ന് ഏറ്റവുമിഷ്ടത്തോടെ മൂളുന്നത്. റഫീഖ് അഹമ്മദിന്റെ കാവ്യാത്മകമായ വരികൾക്ക് ഈണമിട്ടതും പാടിയതും ബിജിബാലാണ്. ഏറെക്കാലത്തിനു ശേഷമാണ് ഒരു ഗാനത്തെ കുറിച്ച് ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നതെന്ന് പറയാം. ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച ചിത്രമാണ് മഹേഷിന്റെ പ്രതികാരം.

അതിനു കാരണം അത്രയേറെ ജീവിത ഗന്ധിയായ വരികളാണ് പാട്ടിന്റേത്. ഈണമിട്ടതിനു ശേഷം വെറുതെ ബിജിബാൽ പാടിവയ്ക്കുകയായിരുന്നു. പിന്നീട് ചിത്രത്തിൽ ഈ ഗാനം ഉപയോഗിക്കുകയായിരുന്നു. അത്രയേറെ ഈ ശബ്ദം ഈ പാട്ടിന് ചേരുന്നതുകൊണ്ടു തന്നെ. പാലേരി മാണിക്യമെന്ന ചിത്രത്തിൽ പാലേറും നാടായ പാലേരീല് എന്ന ഗാനം പാടി തന്റെയുള്ളിലെ ഗായകന്റെ പ്രതിഭയറിയിച്ചിരുന്നു ബിജിബാൽ.