‘മാലോകരെല്ലാരുമൊന്നുപോലെ’

അനവധി ഐതിഹ്യങ്ങളിലൂടെ ഇന്ത്യയിലാകെ അറിയപ്പെടുന്ന മഹാബലി സമത്വസുന്ദരമായ ഒരു സാമൂഹികക്രമം പാലിച്ചിരുന്നു എന്ന പേരിൽ ആദരിക്കപ്പെട്ടിരുന്നു. ഇന്നും ആദരിക്കപ്പെടുന്നത് കേരളത്തിൽ മാത്രമാണ് ‘മാലോകരെല്ലാരുമൊന്നുപോലെ’ എന്ന മനോഹരമായ സ്വപ്നം കേരളത്തിന്റെ പൈതൃകമാണ് –ചരിത്രത്തിൽ ദക്ഷിണേന്ത്യയിൽത്തന്നെ വേറിട്ടൊരു സാംസ്കാരിക പൈതൃകമാണ് കേരളത്തിനുള്ളത്. കുടിലമനസ്കനായ വാമനനോട് വാക്കു പാലിച്ച് സ്വയം നിലം പതിച്ചിട്ടുള്ള മാവേലി ഒരു കേരളീയസ്വഭാവത്തിന്റെ പ്രതീകമാണ്. ഭാഷയുടെ കാര്യത്തിലും ഇതു ശ്രദ്ധേയമാണ്.

വടക്കും തെക്കുമുള്ള ഭാഷാന്യൂനപക്ഷങ്ങൾക്ക് ഉദാരമായി ലഭിക്കുന്ന പരിഗണനകൾ മലയാളിക്ക് നിഷേധിക്കപ്പെടുന്നതിൽ നമുക്ക് അസഹ്യതയൊന്നും ഇല്ല. വാക്കു പാലിക്കുന്നതിന്റെപേരിൽ ഒരു അണക്കെട്ടിന്റെ ഭാരം മുഴുവൻ അന്യസംസ്ഥാനക്കാരനുവേണ്ടി നെഞ്ചിലേറ്റി നിൽക്കുന്ന വേറെ ഏതു സംസ്ഥാനമുണ്ട് ഇന്ത്യയിൽ? ഓണം സ്വയം ത്യജിച്ചും അന്യരെ പോറ്റുന്ന പൈതൃകമാണ്; വിശാലസമത്വബോധത്തിന്റെ ഉത്തമ പ്രതീകം. ഒരുതരത്തിലത് ചിരപുരാതനമായ ഒരു ജനാധിപത്യസംസ്കാരമെന്നും പറയാം. അതിനോടനുബന്ധിച്ച് അനുഷ്ഠാനങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ പഴയ പൈതൃകത്തിന്റെ നിഷേധമാണ്.

പുത്തരിച്ചോറിന്റെ മണത്തിൽനിന്ന് ബ്രാൻഡഡ് കുത്തരി വേവുന്ന മണത്തിലേക്ക്, തൊടിയിലെ കാക്കപ്പൂവിന്റെയും കദളിപ്പൂവിന്റെയുമൊക്കെ സൗമ്യസുഗന്ധത്തിൽനിന്ന് കമ്പോളപ്പൂക്കളുടെ പ്ലാസ്റ്റിക് മണത്തിലേക്ക്, മുറ്റത്തെ മുപ്പിരിക്കയറുകൊണ്ടുകെട്ടിയ ഊഞ്ഞാലിൽനിന്ന് പബ്ലിക് പാർക്കിലെ സ്റ്റീൽചങ്ങലയൂഞ്ഞാലിലേക്ക്, തൂശനിലയിൽ വിളമ്പിയ വിഭവങ്ങളിൽനിന്നു പ്ലാസ്റ്റിക് തൂശനിലയിലെ ഹോട്ടൽ വിഭവങ്ങളിലേക്ക്, അങ്കണത്തിലെ ‘വീരവിരാടകുമാരവിഭോ’ പാടിയുള്ള കുമ്മിയടിയിൽനിന്ന് ടൗൺ ഹാളിലെ മത്സരക്കളികളിലേക്ക് ഓണം ചുവടുമാറ്റിയിരിക്കുന്നു.

എല്ലാറ്റിനുമുപരി ഏതോ കാർ‌ട്ടൂണിൽനിന്നിറങ്ങിവരുംപോലെ ഒരു കുടവയറൻ, ഉണ്ടക്കണ്ണൻ മാവേലി ഓലക്കുടയും പിടിച്ച് നിർവികാരനായി ഒരു കോമാളിയെപ്പോലെ തെരുവിലൂടെ നടക്കുന്നു. ഇവയ്ക്കിടയിലൂടെ നമ്മളും സൂക്ഷ്മമായതൊന്നും സ്പർശിച്ചറിയാനുള്ള കൊമ്പില്ലാത്ത തുമ്പികളെപ്പോലെ സ്വപ്നവിമാനത്തിലേറി സഞ്ചരിക്കുന്നു. ഈ മാറ്റങ്ങൾക്ക് നടുവിൽ മനസ്സിലാക്കപ്പെടാത്തതിന്റെ ദുഃഖവും പേറി കവി മാത്രമിരുന്ന് ചിന്തിക്കുന്നു:‘എന്തിനു ഭാരതധരേ! കരയുന്നു?’