പ്രതിഭയിൽ പാരമ്പര്യം ശ്രുതിചേർന്ന സംഗീതം

രാധിക തിലക്

ഏഴുവയസിൽ തുടങ്ങിയ സംഗീത സാധനയുടെ ബലം, അനിഷേധ്യമായ സംഗീത പാരമ്പര്യം. രാധിക തിലക് എന്ന ഗായിക സിനിമയുടെ സംഗീതലോകത്ത് എത്താനുള്ള കാരണങ്ങളിൽ പ്രധാനം ഇതു രണ്ടുമായിരുന്നു. ചുരുങ്ങിയകാലം മാത്രം സിനിമയുടെ പിന്നണിലോകത്തു തിളങ്ങിയ രാധിക പക്ഷേ, ഒരുപിടി നല്ല ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ചു. അതിനേക്കാളേറെ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ആ മനോഹര ശബ്ദത്തിൽ നാം കേട്ടു.

ആകാശവാണിയിലും ദൂരദർശനിലും രാധികയുടെ ശബ്ദത്തിൽ കേട്ട ഒട്ടേറെ ലളിതഗാനങ്ങൾ അക്കാലത്ത് മലയാളികളുടെ ഇഷ്ട പട്ടികയിലുണ്ടായിരുന്നു. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ ദ്വാപരയുഗത്തിന്റെ എന്ന ഗാനവും മലയാള പഴമതൻ എന്നു തുടങ്ങുന്ന ഗാനവുമൊക്കെ ശ്രദ്ധേയമായി.

കുട്ടിക്കാലത്തു മോഹിനിയാട്ടത്തിലായിരുന്നു രാധികയുടെ ശ്രദ്ധ. സംഗീതത്തിലേക്കു വഴിതിരിച്ചുവിട്ടതാകട്ടെ ചിൻമയ വിദ്യാലയത്തിലെ പ്രിൻസിപ്പലായിരുന്ന കാമാക്ഷി ബാലകൃഷ്ണനും. പാട്ടിലോ നൃത്തത്തിലോ- ഏതെങ്കിലും ഒന്നിൽ ഏകാഗ്രത വേണമെന്ന ടീച്ചറുടെ ഉപദേശത്തെ തുടർന്നാണു രാധിക സംഗീതവുമായി മുന്നോട്ടുപോയത്.

പാട്ടു കുടുംബമായിരുന്നു രാധികയുടേത്. അച്ഛൻ ജയതിലകന്റെ അമ്മ തങ്കക്കുട്ടി രവിവർമയും സഹോദരി സുധാവർമയും സംഗീതകച്ചേരികൾ നടത്തിയിരുന്നു. അമ്മയുടെ സഹോദരിയുടെ മകൾ സുജാത പ്രശസ്ത ഗായിക. ജി. വേണുഗോപാൽ ഉൾപ്പെടെയുള്ള ഗായകരും ബന്ധുക്കളുടെ പട്ടികയിൽ. പ്ലസ്‌ ടു കഴിഞ്ഞ സമയത്താണ് ആദ്യത്തെ സ്‌റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ജി. വേണുഗോപാലിനൊപ്പം രാധിക ദുബായിൽ പോകുന്നത്.

രാധിക തിലക് എന്ന പേരിലെ ഉത്തരേന്ത്യൻ സാമ്യം പലർക്കും കൗതുകമായിരുന്നു. പി. ജയതിലകൻ എന്നാണു രാധികയുടെ പിതാവിന്റെ പേര്. ഉപരിപഠനത്തിനായി ഉത്തരേന്ത്യയിൽ ചെന്നപ്പോഴാണു രാധികയുടെ പേര് സുഹൃത്തുക്കളും അധ്യാപകരും ചേർത്തു തിലക് ആക്കിയത്. ഉത്തരേന്ത്യക്കാരിയെന്ന ധാരണയിൽ സ്റ്റേജ് ഷോകളിൽ പലരും തന്നെ സമീപിച്ചിരുന്നുവെന്നു രാധിക പല വേദികളിലും പറഞ്ഞിരുന്നു. സിനിമയിലും സ്റ്റേജ് ഷോകളിലുമായി സജീവമായിരുന്ന കാലത്താണു രാധിക ദുബായിലേക്കു ചേക്കേറുന്നത്. ഏതാനും വർഷം മുൻപു നാട്ടിൽ തിരിച്ചെത്തി. പിന്നീടു സജീവമാകാൻ മടിച്ചു. രോഗം പോലും അധികമാരെയും അറിയിക്കാതെ ജീവിച്ചു. രാധികയുടെ മരണം സംഗീതലോകത്തു ഞെട്ടലുണ്ടാക്കുന്നതും അതുകൊണ്ടുതന്നെ.