Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുദ്രമാദേവിയിലെ മൃദുല

Mridula Warrier മൃദുല വാര്യർ

റിയാലിറ്റി ഷോകളിലൂടെ താരമായി മലയാള സിനിമാ സംഗീതത്തിലേക്കെത്തിയ ഗായികയാണ് മൃദുല വാര്യർ. പാട്ടിന്റെ വരികൾക്കപ്പുറം അതിന്റെ ആത്മാവറിഞ്ഞ് ഊറിയിറങ്ങുന്ന മനോഹരമായ ശബ്ദം. സംഗീത ലോകത്തെ മികച്ച സംവിധായകരുടെ പാട്ടുകൾ പാടാൻ കഴിഞ്ഞിട്ടുമുണ്ട് മൃദുലയ്ക്കെന്നത് ആ ശബ്ദത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്. രുദ്രമാദേവിയിൽ ഇളയരാജ സംഗീത സംവിധാനം ചെയ്ത പാട്ടുകളിലാണ് ഏറ്റവുമൊടുവിലായി മൃദുല പാടിയത്. മൃദുലയുടെ പാട്ടു വിശേഷങ്ങളിലേക്ക്... 

ഇളയരാജ പാട്ടുകൾ 

ഇളയരാജയുടെ സംഗീതത്തിൽ പാടാൻ കഴിയുക എന്നത് ഏതൊരു ഗായികയ്ക്കും/ഗായകനും കിട്ടുന്നൊരു നിധി തന്നെയാണ്. അദ്ദേഹത്തോട് നേരിട്ട് ഇടപഴകനായില്ലെങ്കിലും അതൊരു മഹാഭാഗ്യമായി കരുതുന്നു. രണ്ടും അൽപം ബുദ്ധിമുട്ടുളള പാട്ടായിരുന്നു. ഒരെണ്ണം സോളോ ആയിരുന്നു. പാട്ട് നന്നായി പാടാനും കഴിഞ്ഞുവെന്നത് മറ്റൊരു വലിയ സന്തോഷം. അനുഷ്കയാണ് ചിത്രത്തിലെ നായിക. ശബ്ദം അനുഷ്കയ്ക്ക് നന്നായി ഇണങ്ങുന്നുവെന്നാണ് സിനിമയിലെ സീൻ കണ്ടവർ പറഞ്ഞത്. ഓർക്കസ്ട്രേഷനും വിഷ്വലൈസേഷനും അപാരമാണ്. ഇങ്ങനെയുള്ള പാട്ടുകൾ കിട്ടുന്നത് വളരെ അപൂർവമാണ്. 

Kumudam Poove...

ഈ പാട്ടുകൾ വന്ന വഴി 

രുദ്രമാദേവിയുടെ മലയാളം പതിപ്പിലാണ് ഞാൻ പാടിയത്. പാട്ടിന്റെ രചന സുധാംശു സർ ആണ്. രുദ്രമാദേവിയിലെ പാട്ടുകൾ പാടാൻ അദ്ദേഹമാണ് വിളിച്ചത്. എന്റെ പാട്ടുകൾ കേട്ടിട്ട് വിളിച്ചതാണ്. അദ്ദേഹത്തെ എനിക്ക് നേരിട്ട് പരിചയമില്ല. 

ലാലീ ലാലിയ്ക്കു ശേഷം കരിയറൽപം മങ്ങിയോ? 

ഒരിക്കലുമില്ല. കളിമണ്ണിലെ ഈ പാട്ട് ഒത്തിരി ഹിറ്റ് ആയി. പക്ഷേ അതിനു ശേഷം അറുപതോളം ചിത്രങ്ങളിലാണ് പാടിയത്. അതൊരു അച്ചീവ്മെന്റ് അല്ലേ. ലാലീ ലാലി ഒരു ബ്രേക്ക് തന്ന പാട്ടാണ്. ഓർമ്മയുണ്ടോ ഈ മുഖം ഈ മിഴികളിൻ, മിലിയിലെ മഞ്ഞു പെയ്യുമേ, 100 ഡെയ്സ് ഓഫ് ലവിലെ ഹൃദയത്തിൻ നിറമായ് ഒരു സെക്കൻഡ് ക്ലാസ് യാത്രയിലെ അമ്പാഴം തണലിട്ട ഇതൊക്കെ ഒത്തിരി ഹിറ്റ് ആയതാണ്. പക്ഷേ ലാലീ ലാലീ ഇതിനേക്കാൾ ഹിറ്റ് ആയെന്നു മാത്രം. 

Lalee Lalee...

പാട്ടുകാരിയായും ഭാര്യയായുമുള്ള ജീവിതം 

ഭർത്താവ് അരുൺ വാര്യർ ആയുർവേദ ഡോക്ടറാണ്. ഞാൻ കല്യാണത്തിനു മുൻപ് എത്രത്തോളം പാട്ടിൽ ഇൻവോൾവ്ഡ് ആയിരുന്നോ അതുപോലെ ഒരുപക്ഷേ അതിനുമപ്പുറത്താണ് ഇപ്പോൾ. കാരണം അദ്ദേഹം അത്രയ്ക്ക് സപ്പോർട്ട് ആണ്. എന്റെ അച്ഛനും അമ്മയും എത്രത്തോളം സപ്പോർട്ട് തന്നോ അതുപോലെ നോക്കുന്നുണ്ട്. ഞാൻ എഞ്ചിനീയറിങ് കഴിഞ്ഞതാണ്. ജോലിക്കൊപ്പം പാട്ട് കൊണ്ടുപോകാമെന്ന് വിചാരിച്ചപ്പോൾ ഭർത്താവ് ആണ് വേണ്ടെന്ന് പറഞ്ഞത്. പാട്ടില്‍ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് പറഞ്ഞു. അങ്ങനൊക്കെ പറയുന്നൊരാളെ കിട്ടുക ഭാഗ്യമല്ലേ. 

സിനിമാ പാട്ടെന്നല്ല പാടാൻ കിട്ടുന്ന ഒരുവസരവും വേണ്ടെന്ന് വയ്ക്കരുതെന്ന നിർബന്ധമുണ്ട്. എന്റെ സ്റ്റേജ് ഷോകൾക്കും മറ്റും ഭയങ്കര സപ്പോർട്ട് ആണ്. സോഷ്യൽ മീഡിയയിൽ ഇതിന്റെ പ്രൊമോയൊക്കെ നോക്കുന്നത് അദ്ദേഹമാണ്. അതിനായി പ്രത്യേകം ആളുകളെ ഏൽപ്പിച്ചിട്ടുമുണ്ട്. എനിക്കതിനെ കുറിച്ചൊന്നും അറിയുകേം ഇല്ല. 

എഞ്ചിനീയറിങ് പഠിച്ചിട്ട് എന്തിനായിരുന്നു പാട്ടിലേക്ക്? 

എനിക്ക് രണ്ടും ഇഷ്ടമായിരുന്നു. പഠനവും പാട്ടും. എഞ്ചിനീയറിങിലായിരുന്നു താൽപര്യം. അന്ന് അത് രണ്ടും ഒപ്പം കൊണ്ടുപോകാനായി. പക്ഷേ പഠനം കഴിഞ്ഞ് ശരിക്കും ജീവിതത്തിൽ വന്നപ്പോൾ അത് പറ്റാതെയായി. ജോലിയ്ക്കൊപ്പം പാട്ട് പഠിക്കാൻ കഴിയില്ലെന്ന് മനസിലായി. അങ്ങനെ ചെയ്താൽ രണ്ടിലും എങ്ങുമെത്താനാകില്ലെന്ന് തോന്നി. അതുകൊണ്ട് ജോലി നോക്കിയേ ഇല്ല. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ അങ്ങനെ വിചാരിച്ചെങ്കിലും ഭർത്താവിന് ഞാൻ പാട്ടു മാത്രം മുന്നോട്ടുകൊണ്ടു പോകുന്നതിലായിരുന്നു താൽപര്യം. ജോലിയിലേക്ക് പോയാൽ പിന്നീട് പാട്ടിലേക്ക് തിരിച്ചെത്താൻ പാടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലോചിച്ചപ്പോൾ‌ ശരിയാണെന്ന് തോന്നിയതുകൊണ്ട് ജോലി വേണ്ടെന്നു വച്ചു.

പാട്ടിനപ്പുറം എന്താണ്? 

പാട്ടിനപ്പുറം ജീവിതത്തിലൊന്നുമില്ല. പാട്ട് തന്നെയാണ് ജീവിതം. കർണാടിക്കും ഹിന്ദുസ്ഥാനിയും പഠിക്കുന്നു. ഞാനങ്ങനെ ജീവിതത്തിലൊന്നും പ്ലാൻ ചെയ്യുന്ന ആളല്ല. അതിഷ്ടമല്ല. ഇന്നെങ്ങനെയാണോ അങ്ങനെ. കൂടുതലൊന്നും ചിന്തിച്ച് തല പുണ്ണാക്കാറില്ല. ഇതുവരെ ജീവിതത്തിൽ‌ നടന്നതെല്ലാം അപ്രതീക്ഷിതമായിരുന്നു. ഇനിയും അങ്ങനെയാകുന്നതിലാണ് ഇഷ്ടം. കാരണം പ്രതീക്ഷിച്ചിരിക്കാതെ കിട്ടുന്നതിലാണല്ലോ കൂടുതൽ സന്തോഷമുണ്ടാകുക. ഫാഷൻ ഡിസൈനിങ് ഉൾപ്പെടെ പലതും ഇഷ്ടമായിരുന്നു. എല്ലാം കൂടി പഠിക്കാൻ കഴിയിലല്ലോ. ഇപ്പോൾ പാട്ട് മാത്രമാണ്. നാളെ എന്താണെന്ന് അറിയില്ല. ചെയ്യുന്നത് ഏറ്റവും നന്നായിരിക്കണം എന്നു മാത്രമേയുള്ളൂ. 

Mridula Warrier മൃദുല വാര്യർ

സംഗീത ലോകത്തിപ്പോൾ‌ മത്സരങ്ങൾ കൂടിവരികയാണ്. പേടിയുണ്ടോ ശ്രേയാ ഘോഷാിനെ? 

ഒരിക്കലുമില്ല. ഞാനൊത്തിരി ആരാധിക്കുന്ന ഗായികയാണവർ. ഇനിയും ശ്രേയ മലയാളത്തിലൊരുപാട് പാട്ടുകൾ പാടണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എനിക്കും കേൾ‌‌ക്കാമല്ലോ. ഞാൻ പാട്ടുകാരിയും അതോടൊപ്പം പാട്ടിനെ ആരാധിക്കുന്നയാളുമാണ്. ഞാനും കൂടി ഉൾപ്പെട്ട ഫീല്‌ഡിൽ വെല്ലുവിളി കൂടുകയാണല്ലോയെന്ന് ഞാൻ ചിന്തിക്കുന്നില്ല. പകരം അഭിമാനമേയുള്ളൂ. 

ശ്രേയാ ഘോഷാലിന്റെ വളർച്ചയിൽ ഞാൻ പേടിക്കേണ്ട കാര്യമില്ല. കാരണം എനിക്കുള്ള പാട്ടുകൾ എനിക്കു തന്നെ കിട്ടുമെന്നുറപ്പുണ്ട്. പിന്നെന്തിന് പേടിക്കണം. എന്റെ കഴിവുകളും കഴിവില്ലായ്മയും എന്റെ ലെവലുമൊക്കെ എനിക്കറിയാം. ഞാൻ ആരുമായും എന്റെ പാട്ടിനേയോ ശബ്ദത്തേയോ താരതമ്യപ്പെടുത്താറില്ല. നമുക്ക് കിട്ടുന്ന പാട്ടുകൾ ഏറ്റവും നന്നായി പാടിയാൽ മതി എന്നു ചിന്തിക്കുന്നയാളാണ് ഞാൻ. അവസരങ്ങൾ പിന്നെ വന്നോളും. അത്രയേ ഉള്ളൂ, 

റിയാലിറ്റി ഷോകളിലൂടെ വന്നയാളാണ് മൃ‍ദുല. പണവും പ്രശസ്തിയും റിയാലിറ്റി ഷോകളിലൂടെയും മറ്റും എളുപ്പം കിട്ടുന്നതുകൊണ്ട് അങ്ങനെയുള്ള കുട്ടികളിലും പുതിയ ഗായകരിലും അർപ്പണബോധം കുറയുന്നുവെന്നാണ് സംഗീതരംഗത്തെ പ്രമുഖർ പറയുന്നത് മൃദുലയ്ക്കെന്താണ് പറയാനുള്ളത്? 

അവർ പറയുന്നതിൽ കുറേയൊക്കെ ശരിയുണ്ട്. കുറേയാളുകളുണ്ട് അങ്ങനെ. പക്ഷേ എല്ലാവരും അങ്ങനെയല്ല. നമുക്ക് നന്നായി പാടാന്‍ കഴിവുണ്ടെന്ന് പറഞ്ഞിട്ടു കാര്യമില്ല. അതിൽ നന്നായി പഠനം നടത്താതിരുന്നാൽ പ്രാക്ടീസ് ചെയ്യാതിരുന്നാൽ അത് ദോഷം ചെയ്യും. സംഗീതത്തിൽ ശ്രദ്ധിക്കാതെ സ്റ്റേജ് ഷോകളും മറ്റും ചെയ്ത് നടക്കുന്ന ധാരാളം പേരുണ്ട്. പണവും പ്രശസ്തിയും കിട്ടിയപ്പോൾ അതിൽ മുങ്ങിപ്പോയവരെല്ലാം ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആയി പോയിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണങ്ങളിലൊരുപാട് ശരിയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.