വന്ദേ മുകുന്ദ ഹരേ...

ഒരു കുടുംബത്തിലെ എല്ലാവർക്കും പാടാനുള്ള കഴിവുണ്ടാകുക. മൂന്നുപേരും ഒന്നിനൊന്നു പ്രശസ്തരാകുക. സിനിമാ സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും ശ്രദ്ധേയ സാന്നിധ്യങ്ങളാകുക. എം.ജി. രാധാകൃഷ്ണനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും കുറിച്ചു പറയുവാൻ ഇതിലും നല്ലൊരു മുഖവുരയില്ല. എം.ജി. രാധാകൃഷ്ണന്‍, െക.ഓമനക്കുട്ടി, എം.ജി. ശ്രീകുമാർ. വ്യക്തിമുദ്ര പതിപ്പിച്ച ജ്യേഷ്ഠനും ‌ഇളയ സഹോദരങ്ങളും പ്രൗഢമായ പാട്ടുചരിത്രത്തിന്റെ ഏറ്റവും മനോഹരമായൊരു ഏടാണ്. നമ്മൾ ആത്മാവിൽ കുടിയിരുത്തിയ ഈണങ്ങളെപ്പോലെ. എം.ജി. രാധാകൃഷ്ണനെന്ന വല്യേട്ടൻ ഓർമയായിട്ട് ഇന്ന് ആറു വർഷം തികയുകയാണ്.

കർണാട്ടിക് സംഗീതത്തിലുള്ള അപാരമായ ജ്ഞാനത്തെ ലളിതസംഗീതത്തിലേക്കു മാറ്റിയെഴുതി ഘനശ്യാമസന്ധ്യാ സുന്ദരമായ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞനാണ് അദ്ദേഹം. ഓ മൃദുലേയെന്ന പാട്ടും പഴനിമല മുരുകനു പള്ളിവേലയെന്ന ചടുലഗാനവും ചെയ്തത് ഒരേയാൾ. ഇന്നും കലോത്സവ വേദികളെ വിട്ടൊഴിഞ്ഞിട്ടില്ലാത്ത ലളിത ഗാനങ്ങളുടെ സ്രഷ്ടാവും മറ്റാരുമല്ല. കാവാലം നാരായണപ്പണിക്കരുമായി ചേർന്നു തയാറാക്കിയ ലളിതഗാനങ്ങൾ ഇന്നും ഒളിമങ്ങാതെ കേൾവിക്കാരനൊപ്പമുണ്ട്. 

സിനിമാ സംഗീതത്തിലും ആകാശവാണിയുടെ പാട്ടിടത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒരുപോലെ, ഇത്രയധികം വ്യാപരിച്ച മറ്റൊരാളില്ല. ‘പ്രണയ വസന്തം തളിരണിയുമ്പോൾ’ എന്ന ഗാനത്തിലൂടെ കെ.എസ്. ചിത്രയെന്ന വാനമ്പാടിയെ ആദ്യമായി മലയാളത്തിനു പരിചയപ്പെടുത്തിയതും എം.ജി. രാധാകൃഷ്ണൻ തന്നെ. 38 വർഷം നീണ്ട ആകാശവാണി ജീവിതത്തിനിടയിലൊരുക്കിയ ലളിതഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും സംഗീതപ്രേമികളുടെ മനസ്സിൽ എന്നേക്കുമായി ഇടംപിടിച്ചവയാണ്.

പതിരില്ലാത്ത ഈണങ്ങളും സൗമ്യമായ വർത്തമാനങ്ങളുമായി സംഗീതലോകത്തെ സമ്പന്നമാക്കിയ പ്രതിഭ 1940 ജൂലൈ 29ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് ജനിച്ചത്. അച്ഛൻ മലബാർ കൃഷ്ണൻ നായ‌ർ അറിയപ്പെടുന്ന ഹാർമോണിയം വാദകനും അമ്മ കമലാക്ഷിയമ്മ ഹരികഥാ കലാകാരിയുമായിരുന്നു. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടുതവണ അദ്ദേഹത്തെത്തേടിയെത്തി.

മികച്ച ഗായകനുമായിരുന്നു എം.ജി. രാധാകൃഷ്ണന്‍. ദേവാസുരമെന്ന ചിത്രത്തിലെ ആ ശ്ലോകം. ‘തനിക്കു തരാൻ, തന്നോടു പറയാൻ എന്റെ കയ്യിൽ ഒന്നുമില്ലെടോ നീലകണ്ഠാ.. നാവാമുകുന്ദന് കൊടുത്തതിന്റെ ബാക്കി ഇത്തിരി നിവേദ്യണ്ട്...അതിന്നാ സ്വീകരിക്ക’ എന്നു പറഞ്ഞു ‘വന്ദേ മുകുന്ദ ഹരേ’... എന്നു പാടിത്തുടങ്ങുന്ന പെരിങ്ങോടനെ ഓർമയില്ലേ? പെരിങ്ങോടനു ശബ്ദമായത് മറ്റാരുമല്ല. എം.ജി. രാധാകൃഷ്ണൻ കടന്നുപോയപ്പോൾ മനസിൽ മുഴങ്ങിയതും അതുതന്നെ.