ഓണപ്പരീക്ഷയുടെ തലേന്ന്

ശ്രീകുമാരൻ തമ്പി

തമ്പിയെ നമ്പിയാൽ മതി കണക്കിനു ജയിക്കാൻ എന്ന് വിശ്വസിച്ച ഒരു സുഹൃത്ത് ശ്രീകുമാരൻ തമ്പിക്കുണ്ടായിരുന്നു. ഹരിപ്പാട് ബോയ്സ് ഹൈസ്കൂളിൽ ഒൻപതിലോ പത്തിലോ പഠിക്കുമ്പോൾ ശ്രീകുമാരൻ തമ്പിയുടെ സഹപാഠിയായിരുന്ന ആ സുഹൃത്തിന്റെ പേര് ശിവരാമൻ. പാവം ശിവരാമൻ. പഠനത്തിൽ വളരെ പിന്നോട്ടാണ്. പോരാത്തതിന് അന്തർമുഖനും. സദാ ദുഃഖഭാവമാണ് ശിവരാമന്. കൂട്ടുകാർ അവനോട് എന്തെങ്കിലും മിണ്ടുന്നത് തന്നെ കളിയാക്കാൻ മാത്രം. ഒന്നുകിൽ അവന്റെ ഉടുപ്പിനെ. അല്ലെങ്കിൽ അവന്റെ മണ്ടത്തരങ്ങളെ.

ഇവരുടെ ക്ലാസിൽ തന്നെയാണ് ശിവരാമന്റെ അകന്ന അമ്മാവനായ രാജപ്പനും പഠിച്ചിരുന്നത്. രാജപ്പന് ശിവരാമനോട് തീരെ താൽപ്പര്യമില്ലായിരുന്നു. ശ്രീകുമാരൻ തമ്പിയുടെ സിനിമയുടെ പേരു പോലെ തന്നെ, ബന്ധുക്കൾ ശത്രുക്കൾ. ശിവരാമനെ പഠനത്തിൽ എപ്പോഴും സഹായിക്കാൻ തമ്പി മാത്രമേ ക്ലാസിൽ താൽപ്പര്യം കാണിച്ചിരുന്നുള്ളൂ. കണക്ക് പറഞ്ഞു തരാമോ എന്നു ചോദിച്ച് ശിവരാമൻ തമ്പിയുടെ അടുത്തെത്തും. ക്ലാസിൽ പഠനത്തിൽ തമ്പിയായിരുന്നു നല്ല തമ്പി അഥവാ ഒന്നാമൻ. സിലിണ്ടറിന്റെ വ്യാസം കാണുന്നതും വൃത്തത്തിന്റെ വിസ്തീർണം കാണുന്നതുമൊക്കെ ചോദിച്ച് ശിവരാമൻ എത്തുമ്പോൾ സസന്തോഷം തമ്പി പറഞ്ഞുകൊടുക്കും. ആരോടും പറയരുതെന്നു പറഞ്ഞായിരുന്നു ശിവരാമൻ തമ്പിയെ സംശയങ്ങളുമായി സമീപിച്ചിരുന്നത്.

തമ്പിയോട് അവൻ ഓണപ്പരീക്ഷയടുത്തപ്പോൾ പറഞ്ഞു, ഇത്തവണ എനിക്ക് പരീക്ഷയ്ക്ക് മൊട്ടയായിരിക്കുമെന്ന്. ‘ശിവരാമൻ പേടിക്കാതെ. ഞാൻ സഹായിക്കാം. കുറച്ചു മാർക്കൊക്കെ നമുക്ക് ഒപ്പിക്കാം’ എന്നു പറഞ്ഞ് തമ്പി ധൈര്യം കൊടുത്തു. ശിവരാമൻ ക്ലാസിൽ രണ്ടു മൂന്നു ദിവസം വന്നില്ല. തമ്പി രാജപ്പനോട് ചോദിച്ചപ്പോൾ,

അറിയില്ല പനിയാണെന്നു തോന്നുന്നു എന്നാണ് പറഞ്ഞത്. തമ്പി മാത്രമേ ക്ലാസിൽ ശിവരാമനെ അന്വേഷിച്ചിരുന്നുള്ളൂ താനും. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങൾ ബാക്കിയായിട്ടും ശിവരാമൻ വരാതായതോടെ തമ്പി വീണ്ടും രാജപ്പനോട് വിവരം തിരക്കി. ശിവരാമന് മഞ്ഞപ്പിത്തമാണെന്നും ആദ്യം പനിക്ക് ചികിൽസിച്ചെന്നുമാണ് രാജപ്പൻ പറഞ്ഞത്. പരീക്ഷ എഴുതാൻ സാധ്യതയില്ലെന്നും പറഞ്ഞു. പക്ഷേ പരീക്ഷയുടെ തലേദവിസം തമ്പി കേട്ടത് ശിവരാമന്റെ മരണ വിവരമാണ്. അവന്റെ തീരെ ചെറിയ വീടിന്റെ മുൻവശത്ത് നിലത്ത് പായയിൽ കിടത്തിയിരിക്കുന്ന മൃതദേഹത്തിനു പ്രദക്ഷിണം വയ്ക്കുന്ന സഹപാഠികളിൽ ഒരാളായി ശ്രീകുമാരൻ തമ്പിയും. അതിനുശേഷം ഓണപ്പരീക്ഷ എന്നു കേൾക്കുമ്പോഴൊക്കെ തമ്പിക്ക് ശിവരാമന്റെ മുഖമാണ് ഓർമയിലെത്തുക. ശ്രീകുമാരൻ തമ്പിയുടെ ഹൃദയസരസ്സിൽ ഒരു വിരഹപുഷ്പമായി ഇന്നും ശിവരാമനുണ്ട്.