Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നും ഇന്നും ഇന്ത്യൻ സിനിമയുടെ പ്രിയങ്കരി

salma-ahga സൽമ ആഗ അന്നും ഇന്നും. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നടി എന്നതിനപ്പുറം ഗായികയും കൂടിയാണിവർ. ഒരിക്കൽ ലതാ മങ്കേഷ്കറെ പിന്തള്ളി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട് ഈ പാക് വംശജ.

കടുംനിറമുള്ള ഖരാരയും നിറയെ വളകളും ജുംകയുമണിഞ്ഞ, പാതി കൂമ്പിയ വെള്ളാരംകണ്ണുകളിൽ വിഷാദത്തിന്റെ അലകടൽ ഒളിപ്പിച്ച നിലോഫർ... സ്ക്രീനിൽ സൽമ ആഗയുടെ മുഖം ആദ്യമായി തെളിഞ്ഞ നിമിഷം മുതൽ ഒരുതലമുറ സ്വയംമറന്നു പ്രണയിക്കുകയായിരുന്നു, നിക്കാഹ് എന്ന ചിത്രത്തിലെ ആ കഥാപാത്രത്തെയും നായികയെയും. പിൽക്കാലത്ത് ഗായികയായും നായികയായും തിളങ്ങിയെങ്കിലും 34 വർഷം മുൻപിറങ്ങിയ ആദ്യചിത്രം തന്നെയാണ് സൽമ ആഗ എന്ന പേരിനൊപ്പം ഇന്നും ആദ്യം ഓർമിക്കപ്പെടുന്നത്. 

ഇന്ത്യയിൽ തുടരും

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡിന് അപേക്ഷിച്ചതിലൂടെയാണ് പാക് വംശജയായ സൽമ ആഗ ഒരിടവേളയ്ക്കുശേഷം വീണ്ടും വാർത്തയിലെത്തിയത്. നിയന്ത്രണമില്ലാതെ ഇന്ത്യയിൽ വരാനും പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ തന്നെ പരിധിയില്ലാതെ താമസിക്കാനും അനുമതി നൽകുന്നതാണ് ഈ രേഖ. ബ്രിട്ടിഷ് പൗരത്വമുള്ള സൽമ തന്റെ വലിയൊരു സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിലാണ്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ നേരിൽകണ്ട് അവർ നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, അദ്നൻ സാമി ഇന്ത്യൻ പൗരത്വം നേടിയതിനു പിന്നാലെ സൽമ ആഗ ഒസിഐ സ്വന്തമാക്കിയതു പാക്കിസ്ഥാനിലാകെ വലിയ ചർച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിരിക്കുകയാണ്.

പാരമ്പര്യം തെറ്റിക്കാതെ

സോമി അലി മുതൽ സെബ ഭക്ത്യാർ വരെ ആധുനിക ബോളിവുഡ് സിനിമയിൽ വിജയം നേടിയ പാക് വംശജരായ നായികമാർ പലരുണ്ടെങ്കിലും അവരിൽ ഒന്നാം സ്ഥാനത്ത് സൽമ ആഗയാണ്. 1982ൽ പുറത്തിറങ്ങിയ ബി.ആർ.ചോപ്രയുടെ നിക്കാഹ് എന്ന ചിത്രമാണ് ഈ പ്രശസ്തി സമ്മാനിച്ചത്. അമൃത്‌സറിലെ പത്താൻ വിഭാഗത്തിൽ നിന്നുള്ള സൽമ ലണ്ടനിലാണു വളർന്നത്. മുത്തച്ഛൻ ജുഗൽ കിഷോർ മെഹ്റയും മുത്തശ്ശി അൻവാരി ബീഗവും മുപ്പതുകളിൽ ഹിന്ദി സിനിമയിലെ സാന്നിധ്യമായിരുന്നു. മാതാവ് നസ്റീൻ ആഗ 1946ൽ കെ.എൽ.സൈഗളിനൊപ്പം ഷാജഹാൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. സൽമ ആഗയുടെ മകൾ സാഷയും സമീപകാലത്തു ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 

ഗായിക, നായിക

ഹിന്ദുസ്ഥാനിയിലെ കിരാന ഖരാനയിൽ പ്രാവീണ്യം നേടിയിട്ടുള്ള സൽമയെ സിനിമയിൽ അവതരിപ്പിക്കാൻ ബന്ധുകൂടിയായ രാജ് കപൂർ ആഗ്രഹിച്ചിരുന്നു. അന്നുപക്ഷേ, വീട്ടുകാർക്കു താൽപര്യമില്ലായിരുന്നു. ഒരു ചടങ്ങിൽവച്ച് സൽമയെ കാണാനിടയായ സംവിധായകൻ ബി.ആർ.ചോപ്രയാണ് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ആദ്യമായി തിരക്കിയത്. പാട്ടുപാടാനാണെങ്കിൽ തയാറാണെന്നു പറഞ്ഞ സൽമയോട് പാടി അഭിനയിക്കാൻ അവസരം തന്നാലോ എന്നായിരുന്നു ചോപ്രയുടെ മറുചോദ്യം. പതിനേഴാമത്തെ വയസ്സിൽ, വീട്ടുകാരുടെ എതിർപ്പു മറികടന്നാണു ലണ്ടനിൽനിന്നു മുംബൈയിലെത്തി ബന്ധുവിനൊപ്പം താമസിച്ച് സൽമ നിക്കാഹിൽ അഭിനയിച്ചത്. 

തുടക്കം ഗംഭീരം

1982ൽ ഇറങ്ങിയ നിക്കാഹ് ഒട്ടേറെ കാരണങ്ങളാൽ ഇന്നും ശ്രദ്ധേയമായ സിനിമയാണ്. മുസ്‌ലിം സമുദായത്തിലെ ത്വലാഖ് എന്ന വിവാഹമോചന സമ്പ്രദായത്തെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ആദ്യമായി അവതരിപ്പിച്ച ചിത്രമാണിത്. മതനേതാക്കളുടെ എതിർപ്പു മറികടന്ന്, സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ധൈര്യപൂർവം ചോപ്ര ചിത്രം ഒരുക്കുകയായിരുന്നു. സമ്പന്ന മുസ്‌ലിം കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച നായികാപ്രാധാന്യമുള്ള കഥയുടെ ഏറ്റവും വലിയ കരുത്ത് മുഖ്യവേഷം അഭിനയിച്ച സൽമ തന്നെയായിരുന്നു. പ്രണയവും വൈകാരികതയുമെല്ലാം അവർ തിരശ്ശീലയിൽ തീവ്രാനുഭവമാക്കി. ചിത്രത്തിനായി രവി ബോംബെ ഈണമിട്ട ഗാനങ്ങളും ജനപ്രിയമായി. ഇതിൽ നാലു ഗാനങ്ങൾക്കു സ്വരം പകർന്നതും സൽമ ആഗയാണ്. ദിൽ കെ അർമാൻ ആസുവോം മെ ബെഹ് ഗയേ, ഫസാ ഭി ഹെ ജവാ ജവാ, ദിൽ കി യെ ആർസു ധി കോയി ദിൽരുബാ മിലീ എന്നീ ഗാനങ്ങൾ വർഷങ്ങൾക്കിപ്പുറവും ശ്രോതാക്കൾ ഏറ്റുപാടുന്നു. 

നൂർജഹാനെ ഓർമിപ്പിച്ച്

വിഷാദത്തിന്റെ ആഴം നിറഞ്ഞ, ഉള്ളുലയ്ക്കുന്ന അനുനാസികാ സ്വരത്തിൽ അതിമനോഹരമായി പാടുകയും അതിലേറെ മനോഹരമായി അഭിനയിക്കുകയും ചെയ്ത സൽമ മുൻകാല ഗായികയും നായികയുമായിരുന്ന നൂർജഹാനെ ഓർമിപ്പിച്ചു. ബി.സുഭാഷിന്റെ കസം പൈദാ കർനേ വാലേ കി (1984), ഊംഛേ ലോഗ് (1985), രാമാനന്ദ് സാഗറിന്റെ സൽമ (1985), രാജ്കുമാർ കോഹ്‌ലിയുടെ പതി, പത്നി ഓർ തവായിഫ് (1990) ഉൾപ്പെടെ പതിമൂന്നോളം ബോളിവുഡ് ചിത്രങ്ങിലും ഏതാനും പാക്, ബംഗ്ലദേശി സിനിമകളിലും അവർ അഭിനയിച്ചു. അതീവ സമ്പന്നകുടുംബാംഗം ആയതിനാൽ സിനിമയിലെ പേരും പ്രശസ്തിയും സൽമയെ കാര്യമായി സ്വാധീനിച്ചില്ല.

ലതയെ പിൻ‌തള്ളി നേട്ടം

നിക്കാഹിലെ ദിൽ കെ അർമാൻ എന്ന ഗാനത്തിന് 1982ൽ മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് സൽമ ആഗ സ്വന്തമാക്കിയത് ലത മങ്കേഷ്കർ, ആശ ഭോസ്‌ലെ എന്നിവരെ മറികടന്നാണ്. കെഹ്നാ തും യേ കിസീ സേ (പതി പത്നി ഓർ തവായിഫ്), മേരാ നാം സൽമ (ആപ് കെ സാത്), പെഹ് ല പെഹ് ല പ്യാർ ന ഭൂലേ (മസ്ദൂർ) തുടങ്ങി സൽമ സ്വരമുദ്ര ചാർത്തിയ ഹിറ്റ് ഗാനങ്ങളുടെ ഒരു നിരതന്നെയുണ്ട്. പാക് ചിത്രമായ ബോബിയിലെ ഏക് ബാർ മിലോ ഹംസെ, ജഹാം ആജ് ഹം മിലേ ഹെ ഇന്നും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീതപ്രേമികളുടെ പ്രിയ മെലഡികളിൽപെടുന്നു. സൽമയുടെ ഗസലുകൾക്കും ഇരുരാജ്യങ്ങളിലും ആരാധകർ ഏറെയാണ്. ഗായികയായും ഡബ്ബിങ് ആർടിസ്റ്റായും ബോളിവുഡിൽ തുടർന്ന അവരുടേതായി ഏതാനും ആൽബങ്ങളും ഇറങ്ങിയിട്ടുണ്ട്. 

ജീവിതത്തിൽ മോഡേൺ

ദുപ്പട്ടയിലൊളിപ്പിച്ച സൗന്ദര്യമായി, അടക്കവും ഒതുക്കവുമുള്ള മുസ്‌ലിം പെൺകുട്ടിയായി ആദ്യചിത്രത്തിൽ പ്രേക്ഷകരുടെ മനംകവർന്ന സൽമ യഥാർഥ ജീവിതത്തിൽ ഇതിൽനിന്നു തീർത്തും വിഭിന്നയാണ്. നിക്കാഹിന് ശേഷമിറങ്ങിയ പല ചിത്രങ്ങളിലും അതീവ ഗ്ലാമർ വേഷങ്ങളിലാണ് അവർ അഭിനയിച്ചത്. നടൻമാരും നിർമാതാക്കളും വ്യവസായികളുമായി അക്കാലത്തു സൽമയെ പ്രണയിക്കാൻ കൊതിച്ചവർ ഒരുപാടുണ്ടായിരുന്നു. 

നിർമാതാവ് മഹ്മൂദ് സിപ്ര, പാക് നടൻ ജാവേദ് ഷെയ്ഖ്, ക്രിക്കറ്റ് താരം മൊഹ്സിൻ ഖാൻ എന്നിവർക്കൊപ്പം ചേർത്ത് സൽമയുടെ പേര് പ്രചരിച്ചു. ലണ്ടനിലെ കുടുംബസുഹൃത്തുകൂടിയായ സ്ക്വാഷ് കോച്ച് റഹ്മത് ഖാനെയാണ് അവർ വിവാഹം ചെയ്തത്. പത്തുവർഷത്തിനു ശേഷം പിരിഞ്ഞു. 

ആദ്യ വിവാഹബന്ധം പിരിയാൻ ഇടവന്നത് തന്റെ അപക്വമായ തീരുമാനം കൊണ്ടായിരുന്നുവെന്നു പിൽക്കാലത്ത് അവർ പറഞ്ഞിട്ടുണ്ട്. ദുബായിലെ വ്യവസായി മൻസർ ഷായെയാണ് തുടർന്നു വിവാഹം ചെയ്തത്. 

നായ്ക്കളോട് അനുകമ്പ

ദീർഘകാലമായി മുംബൈയിൽ കഴിയുന്ന സൽമ ആഗയുടെ മൃഗസ്നേഹം പ്രശസ്തമാണ്. രാത്രിയിൽ നഗരത്തിലൂടെ സഞ്ചരിച്ചു തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്നതും പരുക്കേറ്റ നായ്ക്കളെ സംരക്ഷിക്കുന്നതുമെല്ലാം അവരുടെ ഇഷ്ടപ്രവൃത്തികളാണ്. കേരളത്തിൽ നായ്ക്കളെ കൊന്നൊടുക്കുന്നതായി സമീപകാലത്തു പ്രചരിക്കപ്പെട്ടപ്പോൾ അതിനെ അപലപിച്ച് അവർ പത്രസമ്മേളനം നടത്തിയിരുന്നു.

Your Rating: