‘എല്ലാ ദുഃഖവും എനിക്കു തരൂ...’

എം.കെ. അർജുനൻ, ടി.വി. ഗോപാലകൃഷ്ണൻ

ബഹുമുഖ പ്രതിഭകൾക്ക് ചിലപ്പോൾ ഒരു ദുര്യോഗം വന്നുഭവിക്കും. ഒരു മേഖലയിലും അവർ ചിരപ്രതിഷ്ഠ നേടാതെ പോകും. എന്നാൽ അവരുടെ ചെറിയൊരംശം മാത്രം കഴിവുള്ളവർ ഒരു മേഖലയിൽ മാത്രം ഉറച്ചുനിന്നു വലിയ പ്രശസ്തി നേടുകയും ചെയ്യും.

ഇത്തരത്തിൽ വേണ്ടവിധം നാം ഗൗനിക്കാതെപോയ ബഹുമുഖ പ്രതിഭയായിരുന്നു കഴിഞ്ഞ വർഷം അന്തരിച്ച, കൊല്ലം മുളങ്കാടകം സ്വദേശി ടി.വി. ഗോപാലകൃഷ്ണൻ. തിരക്കഥ, ഗാനരചന, കഥ, കവിത, സംവിധാനം, കലാസംവിധാനം, ബാലെ, കഥാപ്രസംഗം, ചിത്രരചന... ഗോപാലകൃഷ്ണൻ കഴിവു തെളിയിക്കാത്ത മേഖലകൾ കുറവ്. എല്ലാത്തിലും വിജയവുമായിരുന്നു. എന്നിട്ടും ഒരു മേഖലയും ഗോപാലകൃഷ്ണനെ അർഹമായ വിധത്തിൽ അടയാളപ്പെടുത്തിയില്ല.

പ്രണയഗാനങ്ങളെക്കാൾ കാലാതിവർത്തികളാണു വിരഹഗാനങ്ങൾ. മലയാളികളുടെ ഏറ്റവും പ്രിയ വിരഹഗാനങ്ങളിലൊന്നായ

‘എല്ലാ ദുഃഖവും എനിക്കു തരൂ

എന്റെ പ്രിയ സഖീ പോയ് വരൂ

മനസ്സിൽ പടരും ചിതയിൽ എന്നുടെ

മണിക്കിനാവുകൾ എരിയുമ്പോൾ...

എഴുതിയത് ഇദ്ദേഹമാണെന്ന് അറിയുന്നവർ ചുരുക്കം. യേശുദാസ് തന്റെ ഗാനമേളകളിൽ പതിവായി ഉൾപ്പെടുത്തിയിരുന്ന ഈ ഗാനം ഗോപാല കൃഷ്ണൻ തന്നെ തിരക്കഥ, കലാസംവിധാനം എന്നിവ നിർവഹിച്ച ‘ലൗലി (1979–സംവിധാനം: എൻ. ശങ്കരൻനായർ) എന്ന ചിത്രത്തിലേതാണ്.

നിരാശാകാമുകൻമാരുടെ ഹൃദയവിലാപമായ ഈ സംഗീതം ചെയ്തിരിക്കുന്നത് എം.കെ. അർജുനൻ. ഈ സിനിമയ്ക്കുവേണ്ടി എഴുതിയതല്ല ഈ സൂപ്പർ ഹിറ്റ് ഗാനം എന്നതാണു കൗതുകം. ഗോപാലകൃഷ്ണൻ തന്റെ മേശപ്പുറത്ത് എഴുതിവച്ചിരുന്ന ഈ പാട്ട് ഒരു സുഹൃത്തിന് വല്ലാതെ ഇഷ്ടപ്പെടുകയും അദ്ദേഹം ഇതു സിനിമയിൽ ഉൾപ്പെടുത്താനായി ചില സംവിധായകരെ സമീപിക്കുകയും ചെയ്തു. എന്നാൽ ആ ശ്രമങ്ങൾ ഫലം കണ്ടില്ല. എന്നിരിക്കേ, ഈ സുഹൃത്തിന്റെ ഉൽസാഹത്തിൽ ഈ പാട്ട് ഉൾപ്പെടുത്താനായി ‘ലൗലി നിർമിക്കപ്പെടുകയായിരുന്നു. ഒരുപക്ഷേ, ഒരു പാട്ടിനുവേണ്ടി അതിനു മുൻപോ പിൻപോ ഒരു സിനിമ നിർമിക്കപ്പെട്ടിട്ടുണ്ടാവില്ല. ഈ ചിത്രത്തിൽ ജാനകി പാടിയ ‘ഇന്നത്തെ രാത്രിക്ക്... എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

ലൗലി വൻവിജയം നേടിയില്ലെങ്കിലും ‘എല്ലാ ദുഃഖവും എനിക്കുതരൂ... എന്ന ഗാനം മലയാളികളെ ഒന്നാകെ ആകർഷിച്ചു. ക്യാംപസുകളുടെ പ്രിയ ഗാനമായി. രണ്ടാം ചരണമായ

‘സുമംഗലീ നീ പോയ് വരൂ ജീവിത

സുഖങ്ങൾ നിന്നെ തഴുകട്ടെ

ഇവിടെ ഞാനും എന്നോർമകളും

ഇരുളിന്നിരുളിൽ അലയുകയായ്...

അന്നത്തെ വിരഹിണികളുടെ ഓട്ടോഗ്രാഫുകളിൽ കണ്ണീർ പടർത്തി.

എം.കെ. അർജുനന്റെ സംഗീതവും ഈ ഗാനവിജയത്തിൽ നിർണായക പങ്കു വഹിച്ചു. വയലിൻ എന്ന സംഗീതോപകരണത്തിനു ശോകം എന്ന വികാരം ഉണ്ടാക്കാനുള്ള അപാരമായ വിരുതു നന്നായി അർജുനൻ മാഷ് ഇതിൽ പ്രയോജനപ്പെടുത്തി. ദുഃഖിതന്റെ നെഞ്ചിലൂടെ അർജുനൻ മാഷിന്റെ വയലിൻ പാഞ്ഞു. ഗാനം സൂപ്പർ ഹിറ്റായിട്ടും മലയാളത്തിൽ അക്കാലത്ത് ആരും ഇദ്ദേഹത്തെ പാട്ടെഴുതാൻ വിളിക്കാതിരുന്നത് ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

പിന്നീട് വർഷങ്ങൾക്കുശേഷം കണ്ണൂർ രാജന്റെ സംഗീതത്തിൽ ‘ദൈവസഹായം ലക്കി സെന്റർ എന്ന ചിത്രത്തിനു ഗോപാലകൃഷ്ണൻ പാട്ടെഴുതിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ‘മുക്കുവനെ സ്നേഹിച്ച ഭൂതമാണ് ഗോപാലകൃഷ്ണൻ തിരക്കഥയെഴുതിയ ആദ്യസിനിമ. തുടർന്നു ചൂള, വെടിക്കെട്ട്, ലജ്ജാവതി, വേഷങ്ങൾ, രഘുവംശം, ഹൃദയം പാടുന്നു തുടങ്ങി 12 സിനിമയ്ക്കു കഥയും തിരക്കഥയും. കുങ്കുമം, ജനയുഗം, കൗമുദി വാരികകളിലായി ആയിരത്തോളം കവിതകളും ഒട്ടേറെ നോവലുകളും എഴുതി.

കുങ്കുമത്തിൽ ആർട്ടിസ്റ്റായും ജോലി ചെയ്തു. മലയാളത്തിലെ ആദ്യകാല ചിത്രകഥയായ ‘കാളിദാസന്റെ കഥ വരച്ചതും എഴുതിയതും ഗോപാലകൃഷ്ണനാണ്. ബാലെകളുടെ പ്രതാപകാലമായിരുന്നു അത്. തെക്കൻ കേരളത്തിലെ മിക്ക ബാലെ ട്രൂപ്പുകളും ഗോപാലകൃഷ്ണന്റെ കഥയ്ക്കുവേണ്ടി കാത്തുനിന്നിട്ടുണ്ട്. കൊട്ടാരക്കര ശ്രീഭദ്ര നൃത്തകലാലയത്തിന്റെ ‘നികുംഭില കേരളത്തിലെ ബാലെ ചരിത്രം മാറ്റിയെഴുതിയ കഥയാണ്. തുടർച്ചയായി 16 വർഷമാണ് ഇതു കളിച്ചത്. ഗോപാലകൃഷ്ണന്റെ രചനയായിരുന്നു ഇതെന്ന് അറിയാവുന്നവർ ചുരുക്കം.

ഓച്ചിറ രാമചന്ദ്രൻ, കൊല്ലം ബാബു, കടവൂർ ബാലൻ തുടങ്ങിയവർക്കുവേണ്ടി കഥാപ്രസംഗങ്ങളും എഴുതി. ബാലെയിലും കഥാപ്രസംഗങ്ങളിലും കഥ പറഞ്ഞു വിജയിച്ചശേഷമാണ് തിരക്കഥാ രംഗത്തേക്ക് എത്തിയത്.

ഇതിനിടെ ആരോഗ്യവകുപ്പിലെ ജോലി തുടരുന്നുണ്ടായിരുന്നു. സിനിമക്കാരനായതോടെ തൊഴിൽ സ്ഥലത്ത് അസൂയക്കാർ കൂടി. അവരുടെ ഉൽസാഹത്തിൽ കണ്ണൂരിലേക്ക് സ്ഥലംമാറ്റ ഉത്തരവ് എത്തി. പക്ഷേ ഗോപാലകൃഷ്ണൻ ലീവെടുത്തു. ലീവ് അനിശ്ചിതമായി നീണ്ടതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ ഗോപാലകൃഷ്ണന്റെ ജീവിതത്തിൽ കണ്ണൂരിനും ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ടായി.

‘സിനിമാ ലോകം സംരക്ഷിക്കുമെന്നു വിചാരിച്ചാണ് ഞാൻ അന്നു ജോലി ഉപേക്ഷിച്ചത്. പക്ഷേ, ഒന്നും ഉണ്ടായില്ല, പാരവയ്പല്ലാതെ. പിന്നെ, പിൻബലമൊന്നുമില്ലാത്ത ചുറ്റുപാടിൽനിന്നു വളർന്നുവരുന്ന വ്യക്തിക്കു കിട്ടുന്നതൊക്കെയും നേട്ടങ്ങൾതന്നെ. അതുകൊണ്ടു പരാതിയില്ല. കേരളശബ്ദം വാരികയിൽ 2012 സെപ്റ്റംബറിൽ അദ്ദേഹം എഴുതി.

മിക്ക തിരക്കഥാകൃത്തുക്കളെയും പോലെ ഇദ്ദേഹവും സംവിധാനത്തിലേക്കു തിരിഞ്ഞു. പ്രഥമ സംവിധാന സംരംഭം നിർമാതാവിന്റെ മരണത്തെ തുടർന്നു പുറത്തിറങ്ങിയില്ല. ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ കുറെ ഗോപാലകൃഷ്ണന്റെ ചുമലിലുമായി. ഈ സാഹചര്യത്തിൽ അദ്ദേഹം സിനിമയുടെ എല്ലാ മേഖലകളിൽനിന്നും വേദനയോടെ പിൻവാങ്ങുകയായിരുന്നു. കാഴ്ചയിൽനിന്നു മറഞ്ഞാൽ മറന്നുകളയുന്ന സിനിമാലോകത്ത് പിന്നെയാരും ഗോപാലകൃഷ്ണനെ കാര്യമായി അന്വേഷിച്ചുമില്ല.

ഷൂട്ടിങ് പൂർത്തിയാക്കി പുറത്തിറങ്ങാതിരുന്ന ആ സിനിമയിലെ നിർഭാഗ്യനായിക ആരായിരുന്നെന്നോ? ഇന്നത്തെ പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.