ആയിരം കാതം അകലെയാണെങ്കിലും....

ബലിപെരുന്നാളിന്റെ പുണ്യവുമായി വരുന്ന മനോഹരമായ ഇൗ ഗാനം എഴുതിയ കെ.എച്ച്. ഖാൻ സാഹിബ് ഒരേസമയം വ്യത്യസ്ത രംഗങ്ങളിൽ പ്രസരിച്ച പ്രതിഭയായിരുന്നു. എല്ലാ മേഖലകളിലും വിസ്മൃതരാവുക എന്ന ദൗർഭാഗ്യം പേറുന്ന ബഹുമുഖ പ്രതിഭകളുെട ശ്രേണിയിലാണ് ഇദ്ദേഹത്തിനും ഇടം കിട്ടിയത്.

1976 ലെ ഹജ് തീർഥാടക കാലം. മക്കയിലെ റോയൽ റസിഡൻസി ഹോട്ടലിലെ മുറിയിൽനിന്നു പുറത്തെ സന്ധ്യാക്കാഴ്ചകൾ കണ്ടുനിൽക്കുകയാണു മലയാള സിനിമാ നിർമാതാവ് കെ.എച്ച്. ഖാൻ സാഹിബ്. ദൈവാനുഗ്രഹംകൊണ്ടു രണ്ടാമത്തെ ഹജും ഇ‌താ പൂർത്തിയാക്കിരിക്കുന്നു. ഹറം പള്ളിയും പരിസരവും ഭക്തജനത്തിരക്കിൽ നിറഞ്ഞുനിൽക്കുന്നു. അന്തരീക്ഷമാകെ പരമ കാരുണ്യവാനായ അല്ലാഹുവിനോടുള്ള പ്രാർഥനകളാൽ മുഖരിതം. കാറ്റിൽപോലും ആത്മീയത അനുഭവിക്കുന്ന ആ പ്രശാന്തനിമിഷത്തിൽ ഒരു കവിത എഴുതണമെന്ന ശക്തമായ ഉൾവിളി ഖാൻ സാഹിബ് അനുഭവിച്ചു. പ്രതിരോധിക്കാനാവാത്ത പ്രേരണ . അദ്ദേഹം തന്റെ ഡയറിയിൽ എഴുതി.

‘ആയിരം കാതമകലെയാണെങ്കിലും

മായാതെ മക്കാ മനസ്സിൽനില്‍പ്പൂ,

ലക്ഷങ്ങളെത്തി നമിക്കും മദീന

അക്ഷയ ജ്യോതിസ്സിൽ പുണ്യഗ്രേഹം

സഫാ മര്‍വാ മലയുടെ ചോട്ടിൽ

സാഫല്യം നേടി, തേടിയോരെല്ലാം.’

ഇന്നുവരെ കാര്യമായി ഒന്നും എഴുതാത്ത താൻ തന്നെയാണോ ഇതെഴുതിയത് എന്നു സംശയം. എവിടെനിന്നോ വീണ്ടും എഴുതാൻ പ്രേരണ . ആറു വരികളുള്ള രണ്ടു ചരണം കൂടി എഴുതിയിട്ടേ ഡയറി മടക്കിയുള്ളൂ.

നാട്ടിലെത്തി താൻ അടുത്തതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ‘ ഹർഷബ‌ാഷ്പം’ സിനിമയുടെ സംവിധായകൻ ഗോപീകുമാറിനോടു പറഞ്ഞു. ഞാനൊരു ഗാനം എഴുതിയിട്ടുണ്ട്. അത് ഉൾപ്പെടുത്താനായി ഒരു രംഗം കൂടി ആലോചിച്ചോളൂ.......’ വരികൾ വായിച്ച അദ്ദേഹം പറഞ്ഞു. ‘ ഇതു കേവലം പാട്ടല്ല, ഒന്നാംതരം ഭക്തകവിതയാണ്’. ചിത്രത്തിന്റെ സംഗീത സംവിധായകൻ എം.കെ അർജുനനും മറിച്ചൊരു അഭിപ്രായം ഇല്ലായിരുന്നു. അങ്ങനെ 1977ൽ എക്കാലത്തിന്റെയും സാന്ത്വന ഭക്തിഗാനമായ ‘ ആയിര കാതമകലെയാണെങ്കിലും .....’ യേശുദാസിന്റെ ശബ്ദത്തിൽ ലോകം കേട്ടു... ഇൗദ് അടയാളപ്പെം‌ടുത്താൻ ഇതിലും മികച്ചൊരു ജനകീയ ഗാനം ഇന്നോളം പിറന്നിട്ടില്ല.

അന്നുവരെ ഒരു പാട്ടുപോലും എഴുതാത്ത കോട്ടയം പൊൻകുന്നം കല്ലമ്പറമ്പിൽ ഖാൻ സാഹിബിന്റെ തൂലികയ‌ിൽ വിരിഞ്ഞതാണ് ഇൗ ഗാനം എന്ന് അറിയുന്നവർ ചുരുക്കം ; അറിയുമ്പോൾ അദ്ഭുതപ്പെടാത്തവരും. ഗാനരംഗങ്ങളിൽ‌ അഭിനയിച്ചത് ആരാണെന്നോ സാക്ഷാൽ േയശുദാസ്! അറബനെ മുട്ടിപാടുന്ന ഗായകന്റെ വേഷത്തിലാണ് അദ്ദേഹം. പാട്ടിന്റെ പിറവിയെപ്പറ്റി സംഗീത സംവിധായകൻ എം .കെ അർജുൻ പറയുന്നു : ‘ ഒരു പുതിയ ഗാനരചയിതാവിന്റെ വരികളാണെന്ന് എനിക്കു തോന്നിയ‌േയില്ല. കവിതതന്നെയായിരുന്നു. താളവും ഇൗണവുമെല്ലാമുള്ള രചന. പ്രാസഭംഗിയും. അതിനുള്ളിലുള്ള സംഗീതം കണ്ടെത്തേണ്ട ജോലി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ‘ ആയികം കാതം അകല‌െ ’ എന്നു പറയുമ്പോൾ ആ അകലം കേൾവിക്കാരൻ അനുഭവിക്കണം. എന്നാല്‍ ‘ മായാതെ മക്കാ മനസ്സിൽനിൽപൂ’ എന്നു പറയുമ്പോൾ നല്ല അടുപ്പം തോന്നണം . കാരണം, മനസ്സ് നമുക്കുള്ളിൽത്തന്നെയാണ്. ഇൗ അകലവും അടുപ്പവും ആദ്യവരിയിൽത്തന്നെ അനുഭവിപ്പിക്കാന്‍ കഴിയുന്ന സംഗീതമാണു ഞാന്‍ ചെയ്തത്. ഉച്ചസ്ഥായിയിലാണു തുടക്കം . യേശുദാസ് അനായാ‌സം പാടി. മദ്രാസിലെ എവിഎം-സി സ്റ്റുഡിയോയിൽ ആയിരുന്നു റിക്കോർഡിങ്. മൂന്നോ നാലോ ടേക്ക് എടുത്തു എന്നാണ് ഒാർമ. എന്തായാലും സംഗീതത്തിനുവേണ്ടി ഒരു വള്ളിയോ പുള്ളിയോ പോലും മാറ്റേണ്ടി വന്നില്ല. അത്ര മനോഹരമായ രചനയായിരുന്നു.’

പാട്ട് സൂപ്പർ ഹിറ്റായി . അക്കാലത്തു ഗാനമേളകളിലെല്ലാം ഇൗ പാട്ടിനായിരുന്നു ആവശ്യക്കാർ എന്ന് അർജുനൻ മാസ്റ്റർ ഒാർമിക്കുന്നു. പ്രത്യേകിച്ചു ഗൾഫിൽ . എല്ലാ‌ മതസ്ഥരെയും ഭക്തലഹരിയിൽ ലയിപ്പിക്കുന്ന വെറും മൂന്നു മിനിറ്റു ഒമ്പതു സെക്കൻഡുമുള്ള ഇൗ ഗാനം. ‘ തള്ളല്ലേ നീയെന്നേ തമ്പുരാനേ..... ’ എന്ന് യേശുദാസ് പാടുമ്പോൾ ആരുടെ മനസ്സിലും ആത്മീയത ഉണരുന്നു.

‘ പക്ഷേ ഇൗ ഗാനം പ്രിയപ്പെട്ടതായി കരുതുന്നവർപോലും ഇത് എഴുതിയ ഖാൻ സാഹിബിനെ ഒാർമിക്കുന്നില്ല. പുതിയ കുട്ടികൾ ഇൗ പാട്ട് പല വേദികളില്‍ പാടുന്നതു ഞാൻ കേട്ടിട്ടുണ്ട്. അവർക്കു പക്ഷേ, ആരാണ് എഴുതിയതെന്നോ സംഗീതം ചെയ്തതെന്നോ അറിയേണ്ട ’- അർജുനൻ മാസ്റ്റർ സങ്കടം പങ്കുവയ്ക്കുന്നു.

മറ്റുഗാനങ്ങൾ

ഹർഷബാഷ്പത്തിൽ ‘താലപ്പൊലിമയോടെ .... ’ എന്ന ഒരു ഗാനം കൂടി ഖാൻ സാഹിബ് എഴുതി. വെള്ളപ്പുടവയുടുത്തു, ഏകാദശി ദിനമുണർന്നു..... എന്നീ ഗാനങ്ങൾ ചിത്രത്തിന്റെ തിരക്കഥാകൃത്തായ കാനം ഇ. ജെ. എഴുതി. ( മലയാള മന‌ോരമ വാരികയിൽ കാനം എഴുതിയ ‘ഹർഷബാഷ്പം ’ എന്ന നോവൽ അതേപേരിൽ ചലച്ചിത്രമാക്കുകയായിരുന്നു. ) ഏകാദശി ദിനമുണർന്നു എന്ന ഗാനം ജെൻസി പാടി. മറ്റുള്ളവ യേശുദാസും. ചിത്രം ഹിറ്റായിരുന്നു. ‘ ഹൃദയത്തിൽ നീ മാത്രം ’ എന്ന ചിത്രത്തിൽ നാലു പാട്ടും ‘ സ്വപ്നങ്ങള്‍ സ്വന്തമല്ല ’ എന്ന സിനിമയിൽ ഒരു ഗാനവും കൂടി എഴുതി ഗാനരചനയിൽനിന്നു ഖാൻ സാഹിബ് പിന്മാറി. ഇൗ ഗാനങ്ങളുടെ സംഗീത സംവിധാനം എം.ടി ഉമ്മർ നിര്‍വഹിച്ചു. ‘ ആയിരം കാതം..... ’ എഴുതാൻ വേണ്ടി മാത്രം തൂലികയെടുത്ത നിര്‍മാതാവായിരുന്നു അദ്ദേഹം എന്നു തോന്നിപ്പോവും

നിർമാതാവ്

കൃഷ്ണ ഹരേ മൂവീസ്,. കാന്തി ഹർഷ എന്റർപ്രൈസസ് എന്നീ സിനിമാ നിർമാണക്കമ്പനികളുടെ ഉടമസ്ഥനായിരുന്നു ഖാൻ സാഹിബ്. കേരളം ഫിലിം ചേംബറിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രസിഡന്റായി‌രുന്നു. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ‍ വൈസ് പ്രസിഡന്റുമായി.

കമൽഹാസൻ നായകനായ അഷ്ടമംഗല്യം, മോഹൻലാൻ നായകനായ ഒപ്പം ഒപ്പത്തിനൊപ്പം, അധ്യായം ഒന്നു മുതൽ മമ്മൂട്ടിയുടെ ആയിരം അഭിലാഷങ്ങൾ , സോമൻ നായകനായ ഹർഷബാഷ്പം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ നിർമിക്കുകയും നിർമാണ പങ്കാളിയാവുകയും ചെയ്തു. സംവിധായകനും എഴുത്തുകാരനുമായ പി. ഭാസ്കരൻ മുഴുനീള വേ‌ഷം ചെയ്ത ‘ മനോരഥ’ ത്തിന്റെയും നിർമാതാവ് ഇദ്ദേഹമാണ്. രാജസേനൽ സംവിധാനം ചെയ്ത ‘ അനിയൻ ബാവ ചേട്ടൻ ബാവ ’ ആയിരുന്നു അവസാനം നിർമാണ പങ്കാളിയായ ചിത്രം ഇതിന്റെ റിലീസിങ്ങിന്റെ തലേന്ന്, 1995 ജനുവരി 11 നു തന്റെ 72-ാം വയസ്സിൽ അദ്ദേഹത്തിന്റെ ജീവിത ഫ്രെയിം നിശ്ചലമായി.

രാഷ്ട്രീയക്കാരൻ

ഗാനരചയിതാവ്, നിര്‍മാതാവ്, പ്ലാന്റർ (ഖാൻ എസ്റ്റേറ്റ്, നിലമ്പൂർ), ഗാനരചയിതാവ് എന്നിവയൊക്കെ ഖാൻ സാഹിബിന്റെ മാറ്റക്കുപ്പായങ്ങളായിരുന്നു. മുഖ്യ പ്രവർത്തന മേഖല രാഷ്ട്രീയമായിരുന്നു. മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് ലീംഗ് കോട്ടയം ജില്ലാ പ്രസിഡന്റുമായിരുന്നു. 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥനാർഥിയായിരുന്നു. കേരള കോൺഗ്രസിലെ കെ.വി. കുര്യനോടു തോറ്റു.

തന്റെ പ്രിയപ്പെട്ട മോറിസ് മൈനർ കാറിലായിരുന്നു. അദ്ദേഹത്തിന്റെ ഉൗരുചുറ്റലും രാഷ്ട്രീയ പ്രവർത്തനത്തിനായുള്ള സഞ്ചാരവും. എപ്പോഴും െഎസ് നിറച്ച ഒരു ചീനഭരണി ഇൗ കാറിൽ ഉണ്ടാകുമായിരുന്നു. എന്തിനാണെന്നോ ? എവിടെ നല്ല മത്സ്യം കണ്ടാലും വാങ്ങി സൂക്ഷിക്കാന്‍! മത്സ്യ വിഭവങ്ങളോടുള്ള ഇദ്ദേഹത്തിന്റെ പ്രിയം സുഹൃത്തു‌ക്കൾ ഇന്നും സ്മരിക്കുന്നു. ഇൗയിടെ അദ്ദേഹത്തിന്റെ സുഹൃത്ത് എം.എ. മുഹമ്മദ് സാഹിബിന്റെ മകൻ എഴുതിയ ബ്ലോഗിലും തന്റെ ബാല്യത്തിൽ കണ്ട ‘ മോറിസ് മ‌ൈനർ െഎസ് വണ്ടി ’യെപ്പറ്റി പരമാർശം ഉണ്ട്. ഒരുപാടു കൗതുകങ്ങൾ നിറഞ്ഞ ആ ജീവിതകത്തിലെ ഒ‌രു സംഭവം കൂടി: 1994 ലെ ഗുരുവായൂർ നിയസഭാ ഉപതിരഞ്ഞെടുപ്പ്. ഇടതു സ്വതന്ത്രനായി പി.ടി കുഞ്ഞു മുഹമ്മദ്, മുസ് ലിം ലീഗ് സ്ഥാനാർഥി അബ്ദു സമദ് സമദാനി. പിഡിപി സ്വതന്ത്രനായി മത്സരിക്കുന്നത് ഖാൻ സാഹിബിന്റെ മകനും ഹൈക്കോടതി അഭിഭാഷകനുമായ കെ.എ.ഹസൻ . ( ഇപ്പോഴത്തെ ഒാര്‍ഫനേജ് കൺട്രോൾ ബോർഡ് ചെയർമാന്‍). മകൻ മൽസരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങാന്‍ ഖാൻ സാഹിബ് തീരുമാനിച്ചു. ഹെലികോപ്റ്റർ വാടകയ്ക്കെടുത്തായിരുന്നു പ്രചാരണം. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ അദ്ദേഹം ഹെലികോപ്റ്ററിലെത്തി നോട്ടീസ് വിതരണം ചെയ്തു. നോട്ടിസിൽ എന്തായിരുന്നെന്നോ ? ഒരു കാരണവശാ‌ലും തന്റെ മകന് വോട്ട് െചയ്യരുതെന്നും മുംസ് ലിം ലീഗ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും! രക്തബന്ധത്തെക്കാൾ വലുതായിരുന്നു അദ്ദേഹത്തിന് ആദർശം. ഒരു പക്ഷേ , ഇന്നത്തെ രാഷ്ട്രീയക്കാർക്ക് അവിശ്വാസം തോന്നാവുന്ന ആത്മസമർപ്പണം.

ഇങ്ങനെ വിവിധ മേഖലകളിൽ കൗതുകങ്ങള്‍ തീർത്ത ജീവിതമായിരുന്നു ഖാൻ സാഹിബിന്റേത്. പക്ഷേ, ‘ ആയിരം കാതം...... ’ എന്ന നിലയിലാണ് ഇദ്ദേഹം ചരിത്രത്തില്‍ കയ്യൊപ്പിടുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ‘ കാലപ്പഴക്കത്താല്‍ മായ്ക്കാന്‍ കഴിയാത്ത’ പാട്ട്.

മക്കയും മദീനയും സന്ദർശിക്കാനുള്ള നിയോഗം ഒാരോവർഷവും കുറെപ്പേർക്കേ ലഭിക്കുന്നുള്ളൂ. പക്ഷേ, ഇൗ ഗാനത്തിലൂടെ മലയാളികൾ എത്രയോ വട്ടം ആ ‘ അക്ഷയജ്യോതിസ്സിൽ പുണ്യഗേഹ’ത്തിലേക്കു മനോസഞ്ചാരം നടത്തുന്നു, കരളിലെ കറകള്‍ കഴുകുന്നു.