നീലക്കുയിലിൽ എന്താണ് അശ്ലീലം?

പാട്ടുകളിൽ പോലും സദാചാര സെൻസറിങ് കത്രിക വയ്ക്കാറുണ്ട്. കാല്പനിക വർണനകൾക്കപ്പുറം പ്രണയികൾ അനുഭവിക്കുന്ന, കൊതിക്കുന്ന പലതുമുണ്ടെന്ന സത്യത്തെ പാടെ അവഗണിച്ചാണ് ഈ അതിക്രമം. പ്രിയപ്പെട്ടവന്റെയോ പ്രിയപ്പെട്ടവളുടെയോ സാമീപ്യം, ചേർത്തുപിടിക്കൽ, ചുംബനം അങ്ങനെ ഉദാത്ത പ്രേമത്തിൽ നിഷിദ്ധം എന്ന് ഏതോ അരസികൻ കൊതിക്കെറുവോടെ ചുവപ്പുവരയിട്ട പലതും മനുഷ്യന്‍റെ പ്രണയാനുഭവത്തിന്റെ ജീവനാണ്.

പ്രണയത്തിന് അങ്ങനെ അരിപ്പ വയ്ക്കുന്നവർക്ക് അശ്ലീലം എന്നു തോന്നുന്ന വികാരങ്ങളുടെ സത്യസന്ധമായ സമ്മേളനമാണ് ‘അദ്വൈതം’ എന്ന പ്രിയദർശൻ ചിത്രത്തിലെ ‘നീലക്കുയിലേ ചൊല്ലൂ’ എന്ന പാട്ട്. ഈ പാട്ട് വരുമ്പോൾ റേഡിയോ നിർത്തുകയും ചാനൽ മാറ്റുകയും ഒക്കെ ചെയ്യന്ന അമ്മമാരെ കണ്ടിട്ടുണ്ട്. പെൺമക്കൾ വഴിപിഴച്ചുപോകുമത്രെ!

ഉള്ളിലെ നിറങ്ങൾക്കൊക്കെയും തിടം വയ്ക്കുന്ന കാലത്ത് മുത്തിച്ചുവപ്പിച്ച് കോരിത്തരിപ്പിക്കുന്ന ഈ പാട്ടിനോട് ആർക്കും വല്ലാത്തൊരിഷ്ടം തോന്നാം. ജീവനുണ്ട് എന്നതിന്റെ മറ്റൊരു തെളിവു മാത്രം!

പ്രണയം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മാരനെ കാത്തിരിക്കുന്ന പെണ്ണ്. മനോഹരമായ ഒരു പാട് സാധ്യതകൾ കാലങ്ങളായി എഴുതി നിറച്ചിട്ടുള്ള ഈ ആശയത്തിൽ എത്ര സത്യസന്ധമായാണ് കൈതപ്രം പുതിയൊരു കാഴ്ച ഒരുക്കുന്നത്! നീലക്കുയിലേ, നീയെന്‍റെ പ്രിയപ്പെട്ടവനെ എവിടെയെങ്കിലും കണ്ടിരുന്നോ? അവനെയോർത്ത് ഉയിർകൊണ്ട മൊട്ടുകളത്രയും വസന്തമാകാൻ അരികെ അവൻ വേണം. ശരീരത്തിലും മനസ്സിലും പടർന്നങ്ങനെ ചൊകചൊകാ ചൊകപ്പിക്കാൻ അവൻ വേണം. അവനെയേ വേണ്ടൂ. അവനും കാത്തിരിക്കുകയാണ്. സ്വപ്നം കാണുകയാണ്. അമ്പിളിപ്പാൽക്കുടം തൂവിയെത്തുന്ന നിലാവ് പോലെയുള്ള അവളെ. കൂട്ടുകാരികളുടെ കളിയാക്കലുകളിൽ നാണം തുളുമ്പുന്ന തന്റെ പൂമാലപ്പെണ്ണിനെ. കവിളത്തെ മറുകിൽ വിരലോടിച്ച് അവൾ തന്നെക്കുറിച്ച് അവരോട് പറയുകയാവും എന്നോർത്ത് അവന്റെ ഉള്ള് തുടിക്കുന്നുണ്ട്.

പ്രിയപ്പെട്ടവളുടെ പൂങ്കവിൾ വാടുന്നതും പൂമിഴി നിറയുന്നതും ചിന്തിക്കാൻ പോലുമാവാത്ത തേൻനെല്ലിക്ക പോലുള്ള ഈ കാമുകനെ എം.ജി ശ്രീകുമാറിന്റെ ശബ്ദത്തിലൂടെ കേട്ട്, മോഹൻലാലിൽ കണ്ട് കൊതിച്ച എത്ര മനസ്സുകൾ ഉണ്ടായിരിക്കാം! ചേട്ടാനിയന്മാരുടെ മറ്റൊരു മാജിക്കൽ സംഗമം. ഒരുതരത്തിൽ നോക്കിയാൽ അതാണ് ഈ ഗാനം. എം.ജി രാധാകൃഷ്ണൻ എന്ന അപൂർവ സംഗീതപ്രതിഭയുടെ ഈണത്തിന് സഹോദരൻ എം.ജി ശ്രീകുമാറിന്റെയും സുജാത മോഹന്റെയും ശബ്ദങ്ങൾ ജീവനാകുന്നു. എം.ജി ശ്രീകുമാർ–മോഹൻലാൽ യുഗത്തിന്റെ സുവർണകാലഘട്ടത്തിൽ പിറന്ന മറ്റൊരു ഗാനം എന്ന പ്രത്യേകതയുമുണ്ട്.

പ്രണയത്തിന് മാത്രം സാധ്യമാകുന്ന ചില അനുഭൂതികൾക്ക് പശ്ചാത്തലമൊരുക്കി നീലക്കുയിൽ വശ്യമായി പാടിക്കൊണ്ടേയിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പമെത്താൻ ഒട്ടും ആയാസപ്പെടാതെതന്നെ.

ചിത്രം : അദ്വൈതം (1992)

സംഗീതം : എം.ജി രാധാകൃഷ്ണൻ

രചന : കൈതപ്രം

ആലാപനം : എം.ജി ശ്രീകുമാർ, സുജാത മോഹൻ

വരികൾ :

നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ

നീയെന്റെ മാരനെ കണ്ടോ

തങ്കത്തേരിൽ

വന്നെൻ മാറിൽ പടരാനിന്നെൻ

പുന്നാര തേൻ‌കുടം വരുമോ

മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ (2)

എത്തുമെന്നോ

കള്ളനെത്തുമെന്നോ

(നീലക്കുയിലേ)

കതിവന്നൂർ പുഴയോരം കതിരാടും

പാടത്ത്

പൂമാലപ്പെണ്ണിനെ കണ്ടോ

കണിമഞ്ഞിൽ കുറിയോടെ ഇളമഞ്ഞിൻ

കുളിരോടെ

അവനെന്നെ തേടാറുണ്ടോ

ആ പൂങ്കവിൾ വാടാറുണ്ടോ

ആരോമലീ

ആതിരരാത്രിയിൽ അരികെ വരുമോ

(നീലക്കുയിലേ)

അയലത്തെ കൂട്ടാളർ കളിയാക്കി

ചൊല്ലുമ്പോൾ

നാണം തുളുമ്പാറുണ്ടോ

കവിളത്തെ മറുകിന്മേൽ

വിരലോടിച്ചവളെന്റെ

കാര്യം ചൊല്ലാറുണ്ടോ

ആ പൂമിഴി

നിറയാറുണ്ടോ

അവളമ്പിളിപ്പാൽക്കുടം തൂവിയെന്നരികെ വരുമോ

(നീലക്കുയിലേ)