ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ

പൂത്തുലഞ്ഞ മന്ദാരത്തെ പോലെയാണ് ചിരിക്കുന്നത്. കരിമേഘത്തിന്റെ നോട്ടമാണ് ആ കണ്ണുകളിൽ. കോടമഞ്ഞു വീണു തണുത്ത കരിയിലക്കൂട്ടത്തിനിടയിലൂടെ കത്തിക്കയറിയ ജ്വാലയുടെ ആർജവുമുണ്ട് വർത്തമാനത്തിൽ.  ഇങ്ങനെയൊരാൾ തനിക്കരികിലേക്ക് ചേർന്നിരിക്കുവാൻ എത്തുമെന്നും പിന്നീട് അവളുടെ മുഖത്തു നോക്കി പുറകേ നടക്കുവാനല്ല ഒപ്പം നടക്കുവാനാണ് ആഗ്രഹമെന്നു പറയുമെന്നും അയാൾ ചിന്തിച്ചിരിക്കില്ല. നിറങ്ങൾക്കും ഭ്രാന്തൻ ചിന്തകൾക്കുമൊപ്പമുള്ള യാത്രകൾക്കിടെ ഇങ്ങനെ കൊളുത്തി വലിക്കപ്പെടുമെന്നും കരുതിയിരിക്കില്ല. അയാൾ മാത്രമല്ല അയാളെ അറിയാവുന്നവരും ഒരു വട്ടമെങ്കിലും കണ്ടവരും സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. അതുകൊണ്ടാണ് അവരുടെ പ്രണയം പാടിയ ഈ പാട്ട് കരിമുകിലിനെ പോലെ നമ്മെ കൊതിപ്പിക്കുന്നത്...

അരികിലെ പുതു മന്ദാരമായ് വിടരു നീ

പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍

അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ

അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ

ഉണര്‍ന്നു ഞാന്‍...

എന്നു റഫീഖ് അഹമ്മദ് എഴുതിയത്. തെളിനീല വാനിൽ ഏകാന്തയായി നിന്നൊരു താരകം അവനു നൽകിയ തേന്‍തുള്ളി യാണവൾ എന്നെഴുതിയ കവി സങ്കൽപം എല്ലാ മനസുകളുടെയും തിരശീല മാറ്റി ഉള്ളിലേക്കു കയറിച്ചെന്നു. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിലെ ഏതു കരിരാവിലും...എന്ന ഈ പാട്ട് പ്രണയം പെയ്ത മനസുകളുടെ ആത്മഗീതമാണ്. ഒറ്റയ്ക്കുള്ള രാത്രിയാത്രകളിൽ  മിഴിചിമ്മുന്ന നക്ഷത്രങ്ങളെ നോക്കി വണ്ടിയുടെ ജനലിനരികെയിരുന്നു ഈ പാട്ടു കേട്ടങ്ങു പോകുവാൻ കൊതിക്കാത്തവരായി ആരുണ്ട്. ആ രാവിനെ കുറിച്ച് ഡയറിയുടെ താളുകളിൽ എത്ര കുത്തിക്കുറിച്ചാലും മതിവരികയുമില്ല. 

ഹൃദയവാതിലിന്‍ പഴുതിലൂടെ പ്രണയപ്പുഴപോലെ ഈ ഗാനം യാത്രചെയ്യുന്നത് ഹരിചരണിന്റെ ശബ്ദത്തിന്റെ ആഴം കൊണ്ടു കൂടിയാണ്. ചരിചരൺ പ്രണയത്തിന്റെ ചരണമായി മാറുന്ന പോലെ തോന്നുന്നതും അതുകൊണ്ടാണ്. ഗോപീ സുന്ദറിന്റേതാണു ഈണം. ഉൾക്കടലിന് ഇത്തിരി അകലെ നിന്ന് തിരയ്ക്കൊപ്പം ഉയിർന്നു പൊങ്ങും നേരും കാൽവിരലുകളിൽ നിന്നു തുടങ്ങി മനസിൻ ആഴങ്ങളില്‍ എന്തോ താളമിടുന്ന പോലെ തോന്നുന്ന ഈണമാണു ഗോപീ സുന്ദര്‍ പകർന്നതും. വ‌ാക്കുകൾക്കപ്പുറമുളള പ്രണയാനുഭവങ്ങളെ കാൽപനികമായ പദക്കൂട്ടുകൾ ചേർത്തുവച്ചെഴുതിയ പാട്ടിനു ഏറ്റവും ഇണങ്ങുന്നൊരീണം. കാതിനുള്ളിൽ തങ്ങി നിൽക്കുന്ന താളമായി ഈ പാട്ടു മാറുന്നതും അതുകൊണ്ടാണ്. 

പാട്ടിന്റെ വരികൾ

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ

ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

അരികിലെ പുതു മന്ദാരമായ് വിടരു നീ

പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍

അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ

അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ

ഉണര്‍ന്നു ഞാന്‍...

 

(ഏതു ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ

ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ)

 

നീയാം ആത്മാവിന്‍ സങ്കല്‍പമിന്നിങ്ങനെ

മിണ്ടാതെ മിണ്ടുന്നതെന്തോ

ഓര്‍ക്കാതിരുന്നപ്പോളെന്നുള്ളില്‍ നീ വന്നു

തിരശീല മാറ്റുമോര്‍മ്മ പോലവേ സഖി

ഒരു നാളമായി പൂത്തുലഞ്ഞു നീ നിന്നെന്തിനോ

അരികിലെ  പുതു മന്ദാരമായ് വിടരുനീ

പുണരുവാന്‍ കൊതി തോന്നുന്നോരീ പുലരിയില്‍..

 

ഞാനാം ഏകാന്ത സംഗീതമിന്നങ്ങനെ

മണ്‍വീണ തേടുന്ന നേരം

പാടാത്ത പാട്ടിന്‍റെ തേന്‍തുള്ളി നീ തന്നൂ

തെളിനീലവാനില്‍ ഏക താരമായ് സഖീ

ഒരു രാവില്‍ ദൂരെ നിന്നു നോക്കീ നീ എന്നെ

ഹോ.... 

 

ഏതു കരിരാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ

ഈ ഹൃദയവാതിലിന്‍ പഴുതിലുമൊഴുകി വരൂ

അരികിലെ പുതു മന്ദാരമായ് വിടരു നീ

പുണരുവാന്‍ കൊതി തോന്നുന്നൊരീ പുലരിയില്‍

അങ്ങെങ്ങോ നിന്‍ പൊന്‍ പീലി മിന്നുന്നുവോ

അതിലൊന്നെന്‍റെ  നെഞ്ചോരമെയ്യുന്നുവോ

ഉണര്‍ന്നു ഞാന്‍...