ഹൃദയത്തിൽ സൂക്ഷിക്കാൻ നിൻ ഓർമ്മകൾ...

ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ

എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു പാട്ട്. എനിക്കാണു നീ... നിനക്കാണു ഞാൻ.. പ്രണയിക്കുന്നവർ എപ്പോഴും പറയുന്ന വാക്കുകൾ വച്ചൊരു പ്രണയ ഗാനം. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഇന്നും ആരാധകർ ഏറെയാണ്. കാണാൻ കൊതിച്ചു നിൽക്കുമ്പോൾ മിണ്ടാതെ പോവുന്ന പ്രണയത്തിന്റെ കൊച്ചു കൊച്ചു ഇണക്കവും പിണക്കവും പാട്ടിൽ നിറഞ്ഞു നിന്നു. അനുരാഗിയുടെ പിണക്കം മാറ്റാൻ എന്റെ സ്നേഹ കുളിരണി മുത്തേ പോലുള്ള സാധാരണ പദങ്ങളും പാട്ടിൽ ഇടം പിടിച്ചപ്പോൾ ക്യാമ്പസിൽ പാട്ട് നിറഞ്ഞാടി.

വളച്ചുകെട്ടില്ലാതെ പ്രണയം പറയുന്നതുപോലെ ലളിതമായ വരികളായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേത്. എന്നാൽ, പാട്ടിന് കുച്ച് കുച്ച് ഹോതാ ഹേ എന്ന ഹിന്ദി ചിത്രത്തിലെ തും പാസ് ആവോ എന്ന ഗാനത്തിന്റെ ഈണം തന്നെ വേണമെന്നത് നിർമ്മാതാവിന്റെ നിർബന്ധമായിരുന്നുവത്രേ. മോഹൻ സിത്താര അത് തന്നെ സമ്മാനിച്ചു. അഫ്സലിന്റെയും ആശാ മധുവിന്റെയും ശബ്ദം കൂടി ചേർന്നപ്പോൾ ലളിതമായ വരികൾക്ക് ഒരു ബോളിവുഡ് ടച്ച് ശരിക്കും കിട്ടി. എന്തായാലും പാട്ട് കൗമാരമനസ്സുകളിൽ പെട്ടെന്ന് സ്ഥാനം പിടിച്ചു.

രാജേഷ് പിള്ള

രാജേഷ് പിള്ളയുടെ ആദ്യ ചിത്രമായിരുന്നു ഹൃദയത്തിൽ സൂക്ഷിക്കാൻ. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ഗാനം വൻഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബൻ , ഭാവന എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ.

ചിത്രം : ഹൃദയത്തിൽ സൂക്ഷിക്കാൻ

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

സംഗീതം : മോഹൻ സിത്താര

ആലാപനം : അഫ്സൽ, ആശാ മധു

ആ ഗാനം

എനിക്കാണു നീ നിനക്കാണു ഞാൻ

ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ വാക്കുകൾ

ഹൃദയത്തിൽ സൂക്ഷിക്കാൻ ഈ വാക്കുകൾ

ചിരിക്കുമ്പോളും നടക്കുമ്പോളും

ഹൃദയത്തിൽ സൂക്ഷിക്കാൻ നിന്നോർമ്മകൾ

ഹൃദയത്തിൽ സൂക്ഷിക്കാൻ നിൻ ഓർമ്മകൾ

എൻ പ്രിയേ നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചു പോയ് (എനിക്കാണു നീ...)

ഞാൻ പാടാൻ കൊതിച്ചൊരു പാട്ടിൽ

നീ സ്വരമായ് ഒഴുകി നിറഞ്ഞു (2)

ഹേയ് മനസിന്റെ വാതിൽ തുറന്നിട്ടു ഞാൻ

മലർക്കാറ്റു പോൽ നീ മറഞ്ഞു നിന്നൂ

എന്റെ സ്നേഹ കുളിരണിമുത്തേ

നിന്റെ ദാഹമെനിക്കു തരില്ലേ

എന്റെ പ്രണയത്തത്തക്കിളിയേ നീ കൂടു തുറന്നു വരില്ലേ

ഓ..ഓ..ഓ.. (എനിക്കാണു നീ...)

ഒന്നു കാണാൻ കൊതി തുള്ളി നിന്നൂ

ഓ നീ മിണ്ടാതകലെ ഒളിഞ്ഞു (2)

ഹേയ് പറയേണ്ടതൊന്നും പറഞ്ഞില്ല ഞാൻ

ഒരിക്കൽ പറഞ്ഞൂ അറിഞ്ഞില്ല നീ

എന്തിനെന്നെ തഴുകി മറഞ്ഞൂ

എന്തിനെനെന്നിൽ തൊട്ടു തളിർത്തൂ

എന്തിനെന്നോടിഷ്ടം കൂടാൻ

നീയറിയാ കനവിൽ പൂത്തൂ

ഓ മൈ പ്രിയാ ഐ ലവ് യൂ (എനിക്കാണു നീ...)