സാഹിത്യലോകത്തിന് കിട്ടിയ ഏറ്റവും മനോഹരമായ ഗാനം

ഈണങ്ങളുെട ഇളയനിലാവായാണ് ആ പാട്ട് കാതുകളിലേക്ക്, മനസിലേക്ക് പിന്നീടുള്ള കാലത്തിന്റെ മടിത്തട്ടിലേക്ക് പൊഴിഞ്ഞുവീഴുന്നത്. യേശുദാസിന്റെയും ചിത്രയുടെയും സ്വരഭംഗിയിലേക്ക് ഇളയരാജ ഈണങ്ങളുടെ ഏറ്റവും പ്രണയാർദ്രമായ ഭാവം ചേർത്തുവച്ചു. ഇവർ ര‌ണ്ടും മാത്രമല്ല പാട്ടിന്റെ മാന്ത്രികതയ്ക്ക് പിന്നിലെ കൂട്ടുകാർ. പുലവർ പുതുമൈപിതാൻ എന്ന എഴുത്തുകാരൻ കൂടിയാണ്. ഒരൊറ്റ അക്ഷരംകൊണ്ട് കവിത എത്രത്തോളം സുന്ദരമാക്കാമെന്ന് കാലത്തിനു കാണിച്ചുതന്നു ആ കവിമനസ്. എന്തുകൊണ്ടെന്നല്ലേ. ആ പാട്ട് കേട്ടു നോക്കൂ.

കല്യാണ തേൻനിലാ‌‌‌

കായ്ച്ചാത് പാൽ നിലാ

നീ താനെ വാൻ നിലാ

എന്നോടു വാ നിലാ

തമിഴെന്ന ഭാഷ തന്നെ സംഗീതാത്മകമാണ്. ഏതുവാക്കിനോടം ഒരീണം ചേർത്തുവച്ചാൽ അതൊരു പാട്ടായി. തമിഴിലെ ഒരു കുഞ്ഞ് അക്ഷരത്തിനു പോലും ആ ചേലുണ്ട്. ല എന്ന അക്ഷരത്തിലാണ് മൗനം സമ്മതമെന്ന ചിത്രത്തിലെ ഈ പാട്ടിന്റെ ഓരോ വരികളും ഒഴുകിച്ചേരുന്നത്. തമിഴ്നാട് ലെജിസ്ലേറ്റിവ് കൗൺസിലിലെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം അലങ്കരിച്ചിട്ടുള്ള പുതുമൈപിതാനിൽ നിന്ന് സാഹിത്യലോകത്തിന് കിട്ടിയ ഏറ്റവും മനോഹരമായ പാട്ടുകളിലൊന്നും ഇതുതന്നെ. മമ്മൂട്ടിയും അമലയും ചേർന്നാണ് രാത്രിഭംഗിയിൽ തീർത്ത പാട്ടിന്റെ ഫ്രെയിമുകളിലെ നായികയും നായകനുമായത്. ഒരു ത്രില്ലർ ചിത്രത്തിലെ പ്രണയാർദ്ര ഗാനമാണത്. ഇതിനേക്കാളുപരി മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രംകൂടിയായിരുന്നു മൗനം സമ്മതം. തമിഴ് ലോകം കേട്ട ഏറ്റവും ചേലുള്ള ചലച്ചിത്ര ഗീതത്തിലെ അഭിനയസാന്നിധ്യമായി മമ്മൂട്ടിയങ്ങനെ.

യേശുദാസെന്നാൽ മലയാളി കാണുന്ന സംഗീത വിസ്മയം. പോയകാലത്തിനും ഇപ്പോഴും അതിനു പകരമൊരു നാദവിസ്മയമില്ല. അതുകൊണ്ടുതന്നെയാണ് ഗന്ധർവഗായകനെന്ന് വിളിച്ചതും. പെൺസ്വരത്തിന്റെ ചേലിനൊരു മറുവാക്കാണ് ചിത്ര. സ്നേഹം കൊണ്ട് പൊതിഞ്ഞ് അമ്മ തരുന്ന പൊതിച്ചോറു പോലെ അച്ഛന്റെ ചേർത്തുനിർത്തൽ പോലെ ഇടവപ്പാതിയിലെ മഴ പോലെ തൊടിയിൽ പറന്നെത്തുന്ന അപ്പൂപ്പൻ താടി പോലെ കാലം കൈക്കുമ്പിളിലേക്ക് കരുതിവയ്ക്കാൻ തന്നതാണ് ഇവരുടെ പാട്ടുകളും. ഇരുവരും ഒന്നിച്ച് പാടി ദേശാന്തരങ്ങളിലേക്ക് പ്രണയത്തിന്റെ നീലനിലാവ് പൊഴിയിച്ചു ഈ പാട്ടിലൂടെ.

പാട്ടുവഴികളിൽ ഗ്രാമഫോണിനുള്ള നല്ല സമ്മാനമായ പാട്ടിന് നീലനിലാവിന്റെ ചന്തത്തിലേക്ക് ഒരു റാന്തൽ കത്തിച്ചുവച്ച് അഭ്രപാളികളിൽ‌ ചിത്രമെഴുതിയത് വിപിൻ ദാസെന്ന ഛായാഗ്രഹകനാണ്. നീലരാത്രിയുടെ ചുംബനങ്ങളെ, പ്രണയനിലാവിനെ, നായികയുടെ കാറ്റിലാടുന്ന സാരിത്തുമ്പിനെ, തലമുടിയെ, നായകന്റെ യൗവ്വന തീക്ഷ്ണമായ സൗന്ദര്യത്തെ എല്ലാം അതിസുന്ദരാം വിധം ആ കാമറ ഒപ്പിയെടുത്തു. കാലമിത്രയേറെ കടന്നുപോയിട്ടും കല്യാണ തേൻനില കാലം പാടുന്നത് മറ്റൊന്നും കൊണ്ടല്ല.

യേശുദാസിനും ചിത്രക്കും മമ്മൂട്ടിക്കുമപ്പുറം പിന്നെയുമുണ്ട് മൗനം സമ്മതമെന്ന ചിത്രവും മലയാളിയും തമ്മിൽ ബന്ധം. സിബിഐ ഡയറിക്കുറിപ്പുകൾ ഉൾപ്പെടെയുള്ള അന്വേഷണാത്മകമായ ചിത്രങ്ങളിലൂടെ മലയാളിയുടെ ചിന്തയെ ത്രസിപ്പിച്ച എസ്എൻ സ്വാമിയാണ് ഇതിന്റെയും തിരക്കഥാകൃത്ത്. എസ്എൻ ്സ്വാമിയുടെ അന്വേഷണാത്മക തിരക്കഥകളെ ചലച്ചിത്രമാക്കിയ കെ മധുവാണ് മൗനം സമ്മതത്തിന്റെയും സംവിധായകൻ.