കളിപ്പാട്ടമായ് കൺമണി നിന്റെ മുന്നിൽ...

ഭാര്യക്കു വേണ്ടി ഏതു കളിപ്പാട്ടകാനും മടിയില്ലാത്ത ഭർത്താവ്. സിനിമയിലെ ഭാര്യക്കു തന്നെ ചിലപ്പോഴെല്ലാം ദേഷ്യം വരുന്നുണ്ട്. എന്തു ചെയ്താലും ഒന്നു ദേഷ്യപ്പെടുന്നു പോലുമില്ല. ഒടുവിൽ എല്ലാവരേയും കരയിച്ച് ആ ഭർത്താവും ഭാര്യയും തിരശ്ശീലയിൽ നമ്മുടെ എക്കാലത്തേയും നോവായി മാറി. കളിപ്പാട്ടം എന്ന ചിത്രം സമ്മാനിച്ചത് നല്ല പാട്ടുകളും സുന്ദരമായ ഒരു സിനിമയുടെ ഓർമയുമാണ്. കളിപ്പാട്ടമായി കൺമണി എന്ന ഗാനം കേൾക്കുമ്പോൾ ഇപ്പോഴും നമ്മൾ തിരിച്ചു നടക്കുന്നത് അങ്ങനെയൊന്ന് ഭാര്യയെ സ്നേഹിക്കാൻ കഴിഞ്ഞെങ്കിൽ, അങ്ങനെയൊരു ഭർത്താവിന്റെ ഭാര്യയാകാൻ കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹങ്ങളിലൂടെയല്ലേ?

കാതുകളെ കൊതിപ്പിച്ചു കളയുന്ന രവീന്ദ്രന്റെ സംഗീത്തിൽ മുങ്ങിനിവർന്നതാണ് ഈ ഗാനം ചെയ്ത ഏറ്റവും വലിയ പുണ്യം. അത്രമേൽ ഹൃദയത്തെ ഉലയ്ക്കുന്നുണ്ട് ഇതിലെ സംഗീതം. ജീവിതയാത്രയിൽ ഭാര്യയുടെ നിഴൽപ്പാടായി നിൽക്കുകയാണ് പുണ്യമെന്ന് തിരിച്ചറിഞ്ഞ ഭർത്താവിന് മുൻപിൽ മറ്റൊന്നും നേടേണ്ടതില്ലാത്തവളായി അലിഞ്ഞു ചേരുകയാണ് അവൾ. എന്നാൽ തുടിക്കുന്ന അവളുടെ ജീവൻ ഏതു നിമിഷവും ഉടഞ്ഞുപോകാവുന്ന ചില്ലുപാത്രമാണെന്ന സത്യത്തിൽ നിസ്സഹായനാകുന്നു അയാൾ. കളിക്കാൻ കുട്ടിയില്ലാത്ത കളിപ്പാട്ടത്തിന്റെ അനാഥത്വത്തെ വരികളിലേക്കെഴുതി നമ്മെ ആർദ്രമാക്കുന്നു കൈതപ്രം.

നിന്റെ കണ്ണീർക്കണവും നിന്റെ വഴിപ്പൂവും ഞാനെന്ന് പാടി നമ്മെ ഇരുത്തിക്കളഞ്ഞത് യേശുദാസാണ്. 1993ലാണ് വേണിനാഗവള്ളിയുടെ സംവിധാനത്തിൽ കളിപ്പാട്ടം ഇറങ്ങിയത്. മോഹൻലാൽ, ഉർവശി, തിലകൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ദുഃഖകരമായ പര്യവസാനത്തിന്റെ വേണുനാഗവള്ളി ടച്ച് ഫലപ്രദമായി ഉപയോഗിച്ച ചിത്രമായിരുന്നു കളിപ്പാട്ടം. ചിത്രത്തിലെ മൊഴിയഴകും മിഴിയഴകും എന്ന ഗാനവും നിത്യഹരിതമായി ഇന്നും ഓരോ കാതുകളിലുമുണ്ട്.

**ചിത്രം: കളിപ്പാട്ടം

സംഗീതം: രവീന്ദ്രൻ

രചന: കൈതപ്രം

ആലാപനം: യേശുദാസ്**

ആ ഗാനം

**കളിപ്പാട്ടമായ് കൺമണി നിന്റെ മുന്നിൽ

മനോവീണ മീട്ടുന്നു ഞാൻ

നെഞ്ചിലെ മോഹമാം ജല ശയ്യയിൽ

നിൻ സ്വരക്കൂടു കൂട്ടുന്നു ഞാൻ ദേവി**

**മലർ നിലാവിൻ പൈതലേ മൊഴിയിലുതിരും

മണിച്ചിലമ്പിൻ കൊഞ്ചലേ (2)

മനപ്പന്തലിൽ മഞ്ചലിൻ മൗനമായ് നീ

മയങ്ങുന്നതും കാത്തു ഞാൻ കൂട്ടിരുന്നു

അറിയാതെ നിന്നിൽ ഞാൻ വീണലിഞ്ഞു

*ഉയിർ പൈങ്കിളി എന്നുമീ യാത്രയിൽ *

നിൻ നിഴൽ പാടു ഞാനല്ലയോ (കളിപ്പാട്ടമായ്....)**

**മിഴിച്ചിരാതിൻ കുമ്പിളിൻ പറന്നു

വീഴുമെൻ നനുത്ത സ്നേഹത്തിൻ തുമ്പികൾ

തുടിക്കുന്ന നിൻ ജന്മമാം ചില്ലു പാത്രം

തുളുമ്പുന്നതെൻ പ്രാണനാം തൂമരന്തം

ചിരി ചിപ്പി നിന്നിൽ കണ്ണീർ കാണം ഞാൻ

ഉഷ സന്ധ്യതൻ നാളമീ നിന്റെ മുന്നിൽ

വഴി പോവു ഞാൻ ഓമനേ (കളിപ്പാട്ടമായ്....)**