മിഴികളിൽ കാണാൻ കഴിയണം ഹൃദയം, അതാണ് പ്രണയം!

അവളുടെ മിഴികളിൽ അവൻ കണ്ടത് അവളുടെ ഹൃദയമാണ്. അവളുടെ ഓരോ വാക്കിലൂടെയാണ് അവൻ അവളുടെ നൊമ്പരകഥകൾ അറി‍ഞ്ഞതെങ്കിൽ ആ  പാട്ടിന്റെ ഈണത്തിലൂടെ നമ്മളത് അറിഞ്ഞു. അതാണ് എല്ലാവരും പറയുന്ന രവീന്ദ്രസംഗീതത്തിന്റെ മാസ്മരികത. വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞ് അവന്റെ അന്തർജനമാകാൻ അവൾ തുടിക്കുന്നത് നമുക്കും കേൾക്കാം. പ്രിയദർശൻ  മോഹൻലാൽ ചിത്രങ്ങളിലെ പതിവ് അത്ഭുതങ്ങളെല്ലാം തികഞ്ഞ ചിത്രമാണ് അഭിമന്യു. രവീന്ദ്രനൊരുക്കിയ ഗാനങ്ങളെല്ലാം മനോഹരം. എം.ജി ശ്രീകുമാറിനോട് നമുക്കെല്ലാം ഒരുപാട് ഇഷ്ടം തോന്നിച്ച പാട്ടാണ് ചിത്രത്തിലെ കണ്ടു ഞാൻ... കേവലം ഈണത്തിന്റെയോ ആലാപനത്തിന്റെയോ ഭംഗി മാത്രമല്ല ഈ ഗാനത്തെ പ്രിയപ്പെട്ടതാക്കുന്നത്. കൈതപ്രത്തിന്റെ വരികളിലെ വിശാലമായ പ്രണയാവിഷ്കാരം കൂടി എടുത്തു പറയണം. വിഷാദം ചാലിച്ച ഈണത്തിൽ കാച്ചിക്കുറുക്കിയെടുത്ത പ്രണയഭാവങ്ങൾ. 

വേശ്യയെന്ന് പരസ്യമായി വിളിക്കുകയും രഹസ്യമായി കാമിക്കുകയും ചെയ്തവളെക്കുറിച്ചാണ് ഈ പാട്ട്. ചുറ്റുപാടുകൾ അവൾക്ക് ചാർത്തിക്കൊടുത്ത കളങ്കമത്രയും ഒരു നുള്ള് കാശ്മീര കുങ്കുമത്തിൽ മായ്ക്കുന്ന നായകന്റെ മനസ്സ് തെളിഞ്ഞു കാണാം ഈ പാട്ടിൽ. 

മോഹൻലാൽ, ഗീത, ശങ്കർ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന അഭിമന്യു 1991ലാണ് പുറത്തിറങ്ങുന്നത്. മുംബൈ അധോലോകത്തെത്തുന്ന നിഷകളങ്ക യുവാവായി മോഹൻലാൽ തകർത്തഭിനയിച്ചു, അത് വഴിതെളിച്ചതാകട്ടെ മികച്ച നടനുള്ള സംസ്ഥാന അവാർഡിലേക്ക്. മികച്ച തിരക്കഥയും സംവിധാനവും ചിത്രത്തിന് റെക്കോർഡ് കളക്ഷൻ നേടിക്കൊടുത്തു. നല്ല ചിലവിൽ ഇറക്കിയ ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കുമെല്ലാം മൊഴിമാറ്റുകയുണ്ടായി. 

ആ ഗാനം

ചിത്രം : അഭിമന്യു

രചന : കൈതപ്രം

സംഗീതം : രവീന്ദ്രന്‍

അലാപനം : എം.ജി.ശ്രീകുമാര്‍

കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ..

കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ...

ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം 

പാടുന്നൊരാരാധന മന്ത്രം പോലെ..

കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ...

പാദങ്ങള്‍ പുണരുന്ന ശ്രംഗാര നോപുരവും

കയ്യില്‍ കിലുങ്ങും പൊന്‍ വളത്താരിയും (2) 

വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ (2)  

അനുവാദം തേടുകയല്ലേ 

എന്‍ ആത്മാവില്‍ നീ .. എന്നെ തേടുകയല്ലേ..

(കണ്ടു ഞാന്‍ )

വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു

ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (2) 

കണ്മണി തിങ്കളേ നിന്‍ കളങ്കം (2) 

കാശ്മീര കുങ്കുമമാകും

നീ സുമംഗലയാകും ദീര്‍ഖസുമംഗലയാകും

(കണ്ടു ഞാന്‍ )