കണ്ണീർ പൂവിന്റെ കവിളിൽ തലോടി...

കിരീടത്തിലെ സേതുമാധവൻ

അത്രമേൽ മലയാളി നെഞ്ചോടു ചേർത്ത ഗാനമാണിത്. കണ്ണീർപൂവായി മാറിയ ഒരു ജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഓരോ ഫ്രെയിമുകളും ഈ ഒരൊറ്റ പാട്ടിലൂടെ നമ്മുടെ മനസിലൂടെ കടന്നുപോകും. സഹിക്കാനാകാത്ത നോവായി. മലയാളിയുടെ പാട്ടു ചിന്തകളിലെ പൊൻമുത്തായി ഇന്നും കുടിയിരിക്കുന്ന ഈ പാട്ട് കീരിടമെന്ന ചിത്രത്തിലേതാണ്. മലയാളത്തിന്റെ ഉള്‍ത്തലങ്ങളിലലിഞ്ഞു ചേർന്നുപോയ ഗാനം. കൈതപ്രത്തിന്റെ എഴുത്തിൽ ജോൺസൺ മാസ്റ്ററിന്റെ ഈണത്തിൽ പിറന്ന പാട്ട്. പച്ചയായ ജീവിതം ഫ്രെയിമുകളിൽ വരച്ചിട്ട ലോഹിതദാസ് ചിത്രമാണ് കിരീടം. സേതുമാധവനെന്ന മോഹന്‍ലാൽ കഥാപാത്രം അഭിമുഖീകരിച്ച ജീവിതവഴികള്‍ ഇന്നും നമ്മൾ ചർച്ച ചെയ്യുന്നുണ്ട്. അതുപോലെ തന്നെയാണ് ഈ പാട്ടും. മലയാളത്തിന്റെ സംഗീതത്തിലേക്ക് നവ തലമുറ ആവേശപൂർവ്വം കടന്നു വന്നപ്പോഴും അവർ ആദ്യം നമുക്ക് പാടിത്തന്ന പാട്ടുകളിലൊന്നും ഇതായിരുന്നു. 

കൈതപ്രം ദാമോദരൻ നമ്പൂതിരി, ജോൺസൺ മാസ്റ്റർ

ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം, സാമൂഹിക സാഹചര്യങ്ങൾ തീർത്തും സാധാരണക്കാരില്‍ സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ ഒന്നുമല്ലാക്കി തീർക്കുന്നുവെന്നതിന്റെ കഥയാണ് പറയുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ എല്ലാം തികഞ്ഞ മകനായിരുന്നു സേതു. അച്ഛന്റെ മോഹം സഫലമാക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന മകൻ, അമ്മയുടെ സ്നേഹത്തണലിൽ തലചായ്ക്കുന്ന കുട്ടി, അതിരറ്റ് സ്നേഹിക്കുന്ന ചേട്ടൻ, കള്ളക്കാമുകൻ അങ്ങനെ എല്ലാം. അച്ഛനെ രക്ഷിക്കാനാണു സേതുവിനു കീരിക്കാടൻ ജോസ് എന്ന തെരുവു ഗുണ്ടയുമായി ഏറ്റുമുട്ടേണ്ടി വരുന്നത്. തികച്ചും സാഹചര്യം വരുത്തിവച്ച ആ വഴക്കിൽ നിന്നായിരുന്നു അയാളുടെ ജീവിതപതനത്തിന്റെ തുടക്കം. അച്ഛന്റെ മോഹം പോലെ എസ്ഐ ആകാൻ കാത്തിരുന്ന മകൻ ഒടുവിൽ ഗൂണ്ടയും കൊലപാതകിയുമായി മാറുന്ന വിധിയുടെ ക്രൂരവിളയാട്ടം. 

കിരീടത്തിൽ നിന്നൊരു രംഗം

സകലതും നഷ്ടപ്പെട്ടു കഴിഞ്ഞ സേതുവിനു പ്രണയിനിയായ ദേവിയേയും നഷ്ടപ്പെടുത്തിയേ തീരൂ. കുട്ടിക്കാലം മുതൽ ഒരുമിച്ചു കണ്ട സ്വപ്നങ്ങളത്രയും അവളുടെ നക്ഷത്രക്കണ്ണുകളിൽ നിന്ന് കണ്ണീർപ്പൂക്കളായി അടർന്നു വീഴുമ്പോൾ ഒന്നാശ്വസിപ്പിക്കാൻ പോലുമാകാതെ ഒരായുഷ്ക്കാലത്തിന്റെ ദുഃഖവും മനസിൽ പേറി അവൻ നടന്നകലുകയാണ്...ദൂരെ വഴിക്കണ്ണ് നട്ടുനിൽക്കുന്ന അവളിൽ നിന്ന് ജ‌ലഛായം പോലെ അവൻ മായുകയാണ്...അല്ല സ്വയം ഒഴിഞ്ഞ് മാറുകയാണ്. അന്നേരമാണ് സിനിമയിലീ ഗാനമെത്തുന്നത്. ഇന്നും നമുക്ക് ചുറ്റുമുണ്ട് ഒരുപാട് സേതുമാധവന്‍മാർ. നാളെയുമുണ്ടാകും. അതുകൊണ്ടാണ് ഒരുപാട് ജന്മങ്ങളുടെ ഈണമാണിതെന്ന് പറയേണ്ടി വരുന്നത്. ഒരു ഗാനം ചലച്ചിത്രത്തോളം ശക്തമാകുന്ന സാഹചര്യം. 

തിരക്കഥയോടു പൂർണമായും ഇഴുകി ചേർന്നു നിൽക്കുന്ന ഉദാത്തമായ വരികളും  ഈണവും. സേതുവിന്റെ തകർന്നു പോയ മനസിന്റെ വികാര വിചാരങ്ങൾ പൂർണമായും വഹിച്ചു പ്രേക്ഷക ഹൃദയത്തിലേക്കിറക്കുന്നതിൽ കണ്ണീർ പൂവിന്റെ എന്ന പാട്ട് വഹിച്ച പങ്കു ചെറുതല്ല. 1989ൽ എം.ജി.ശ്രീകുമാറിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു ഈ ഗാനം.

പാട്ടിന്റെ പൂർണമായ വരികൾ

കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി 

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി 

മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ 

പൂത്തുമ്പി എന്തേ മറഞ്ഞു എന്തേ 

പുള്ളോർക്കുടം പോലെ തേങ്ങി....

ഉണ്ണിക്കിടാവിനു നൽകാൻ, അമ്മ നെഞ്ചിൽ പാലാഴിയേന്തി 

ആയിരം കൈനീട്ടി നിന്നു ,സൂര്യതാപമായി താതന്റെ ശോകം ...

വിടചൊല്ലവേ നിമിഷങ്ങളിൽ ജലരേഖകൾ വീണലിഞ്ഞു 

കനിവേകുമീ വെൺമേഘവും മഴനീർ 

കിനാവായി മറഞ്ഞു ദൂരേ പുള്ളോർക്കുളം കേണുറങ്ങി...

ഒരു കുഞ്ഞുപാട്ടായി വിതുമ്പി മഞ്ഞു 

പൂഞ്ചോലയെന്തോ തിരഞ്ഞു 

ആരെയോ തേടിപ്പിടഞ്ഞു കാറ്റുമൊരുപാട് നാളായലഞ്ഞു

പൂന്തെന്നലിൽ പൊന്നോളമായി ഒരു പാഴ്ക്കിരീടം മറഞ്ഞു 

കദനങ്ങളിൽ തുണയാകുവാൻ വെറുതെ ഒരുങ്ങുന്നു മൗനം 

എങ്ങോ പുള്ളോർക്കുടം പോലെ വിങ്ങി...