മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്...

തെങ്ങോലകൾ നിഴൽ വിരിയ്ക്കുന്ന ഇടവഴികൾ. ആ വഴികൾക്കിരുവശവും കണ്ണെത്താ ദൂരമത്രയും വയലേലകൾ....നിലാവത്ത് അവിടെ നക്ഷത്രങ്ങൾ വിരുന്നെത്തും മിന്നാമിനുങ്ങുകൾ വട്ടംചുറ്റിനടക്കം. വെളുപ്പിനെ അവിടെ മഞ്ഞു പെയ്തിറങ്ങും. അവയ്ക്കിടയിലൂടെ അങ്ങു ദൂരെ കാണുന്ന മലയുടെ നടുവിൽ നിന്നു സൂര്യ രശ്മികളെത്തും. പിന്നെ പേരറിയാ മരങ്ങളെ തഴുകിയെത്തും കാറ്റും. മഴയത്ത് പാടത്തിന്റെ ദേഹത്തൂടെ കുറേ കുഞ്ഞരുവികളുണ്ടാകും. അവിടത്തെ സായന്തനം എത്ര കണ്ടാലും കൊതിതീരുകയേയില്ല. വയലിനൊരറ്റത്തു കൂടിയൊരു റെയിൽ പാളമുണ്ട്. ആ തീവണ്ടികളെയാണ് കുഞ്ഞിലേ കാത്തിരുന്നത്. അജ്ഞാതരായ യാത്രക്കാർക്കു കൈകാണിക്കുവാനും ആണ്ടിലൊരിക്കലെത്തുന്ന അച്ഛനെ കാണുവാനും...നമ്മുടെ നാടിനെ കുറിച്ചെന്തെങ്കിലും എഴുതുവാൻ തുടങ്ങിയാൽ ഒരു നല്ല ഭൂരിപക്ഷത്തിനുമുണ്ടാകും ഇത്തരം ഓർമകൾ. കാലം എത്ര മാറിപ്പോയാലും, ഈ നല്ലോർമകളെ എന്നും കൂടെ നിർത്തുവാൻ കുറേ ഗാനങ്ങളുമുണ്ട് നമുക്ക്. ഇന്നലെകളെ ഇന്നിന്റെ ഭാഗമാക്കി തീർക്കുന്ന, ഇന്നലകളിലെ കേരളത്തെ കുറിച്ചു പാടിയ ചലച്ചിത്ര ഗീതങ്ങൾ. മുകളിൽ എഴുതിയിട്ട ഓര്‍മകളെല്ലാം ഉൾക്കൊള്ളുന്ന ഗാനങ്ങൾ.

മാമലകൾക്കപ്പുറത്ത് മരതക പട്ടുടുത്ത് എന്ന പാട്ട്...അത്തരം പാട്ടീണങ്ങളുടെ പെട്ടിയിലെ മണിമുത്താണ്. വേമ്പനാട് കായലിന്റെ ഓളങ്ങളുടെ താളമാണീ പാട്ടിന്. വരികൾക്കും പെരിയാറിന്റെ ഭംഗിയും. ആലാപനത്തിനു ഭാരതപ്പുഴയുടെ തീരത്തെ സന്ധ്യയുടെ നിഷ്കളങ്കതയും. ഭാസ്കരൻ മാസ്റ്ററുടേതാണ് വരികൾ. എംഎസ് ബാബുരാജ് ഈണമിട്ട പാട്ട് പി.ബി ശ്രീനിവാസാണു പാടിയത്. 1963ൽ പുറത്തിറങ്ങിയ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രത്തിലെ പാട്ടാണിത്. 

കാത്തിരിപ്പിന്റെ നോവുള്ള ഗാനമാണ്. ജീവിതം അന്യ ദേശങ്ങളിലേക്കു പറിച്ചുനട്ടവന്റെ ഓർമപ്പാട്ട്. കോൺക്രീറ്റു കെട്ടിടങ്ങളുടെ ദേശമായി നമ്മുടെ നാടു മാറിപ്പോയാലും, പ്രകൃതിയുടെ ഭംഗി ആവോളമുണ്ടായിരുന്ന ആ പഴയ മണ്ണിനെ അടുത്ത തലമുറയ്ക്കു പരിചയപ്പെടുത്തുവാൻ ഈ ഒരൊറ്റ പാട്ടുമതി. ജനിച്ചു വളർന്ന നാടിന്റെ ആത്മാവ് എന്തെന്ന് അവർക്കു മനസിലാക്കി കൊടുക്കുവാൻ ഈ ഒരൊറ്റ ഗാനം മതി. പ്രണയവും കാത്തിരിപ്പും ജനിച്ചു വളർന്ന വീടിന്റെയും നാടിന്റെയും ഓർമകളുടെ നൊമ്പരം പേരി അകലെയെവിടെയോ ജീവിക്കേണ്ടി വന്ന സാധാരണക്കാരന്റെ മനസു വായിച്ച പാട്ട്. അതുകൊണ്ടാണ് ഈ ഗാനം ഇത്രയും ജനകീയമായതും കാലതീതമായതും.