മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

ഒരു മഴയിൽ എന്തൊക്കെ തരം പുതിയ ജീവനുകളാണ് പൊട്ടി മുളയ്ക്കുന്നത്? ഭൂമിക്കുള്ളിൽ ആണ്ടു കിടക്കുന്ന കട്ടിയുള്ള പുറന്തോടിനുള്ളിൽ പതുങ്ങിയിന്ന വിത്തുകൾ ഗർഭപാത്രത്തെ അതിജീവിച്ച് പ്രകാശത്തിലേക്കു തലനീട്ടുന്ന പുനർജ്ജനിയുടെ സുഖം... പ്രണയവും അതുപോലെ തന്നെയല്ലേ...? എത്രയോ നാൾ മനസ്സിനുള്ളിൽ ഒതുക്കി വയ്ക്കപ്പെട്ട സ്നേഹം ഒരു മഴയിൽ മുളപൊട്ടുന്ന പോലെ എഴുന്നു വരുന്നുണ്ട്. പ്രണയത്തിനായി മാത്രം നാമെരിയുമ്പോൾ ജീവന്റെ തിരികളിൽ പ്രകാശം കൊളുത്തപ്പെടുന്നു...

"മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍....  

മഴ കൊണ്ടു മാത്രം  മുളയ്ക്കുന്ന വിത്തുകള്‍

ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..

പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ

തിരികളുണ്ടാത്മാവിനുള്ളില്‍.."

റഫീക്ക് അഹമ്മദ് എന്ന കവിയായ ഗാനരചയിതാവിന്റെ ഏറ്റവും മികച്ച സിനിമാ ഗാനങ്ങളിൽ ചിലതെടുക്കാൻ ആവശ്യപ്പെട്ടാൽ പറയാം ഈ പാട്ടിനെ. ‘സ്പിരിറ്റ്’ എന്ന രഞ്ജിത്- മോഹൻലാൽ ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികളുടെ ഭംഗി അത്രയേറെയാണ്. ഒരിക്കൽ പ്രണയത്തിന്റെ പരകോടിയിൽ പരസ്പരം ഒന്നായിരുന്നവർ, ചില കാരണങ്ങൾ കൊണ്ട് അകന്നു പോയവർ... വീണ്ടുമൊരിക്കൽ, ഒരു വീഞ്ഞുമേശയ്ക്കിരുപുറവും അവരിരിക്കുമ്പോൾ വാക്കുകൾ അപ്രധാനമാകുന്നു.

മദ്യപാനം നശിപ്പിച്ച ജീവിതമായിരുന്നു അയാളുടേത്. ഭാര്യയും മകനുമൊക്കെ നഷ്ടപ്പെട്ടപ്പോഴും അതിൽനിന്നൊരു മോചനം അയാൾ ആഗ്രഹിച്ചുമില്ല. പിന്നീടൊരിക്കൽ ആ വിഷത്തോട് മനസ്സുകൊണ്ട് അകന്നപ്പോൾ, നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടുന്നതല്ലെന്ന തിരിച്ചറിവോടെ, പഴയ പ്രണയത്തോടെ അവളുടെ മുമ്പിൽ ഇരിക്കുകയാണ് അയാൾ.

"ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ

എരിയുന്ന പൂവിതള്‍ത്തുമ്പുമായി...

പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ

മധുരം പടര്‍ന്നൊരു ചുണ്ടുമായി..."

നിറമുള്ള വീഞ്ഞിന്റെ ഇരു പുറവുമായിരുന്നു അവർ ഇരുന്നിരുന്നത്. ഇരുവരുടെയും ചുണ്ടുകളിൽ ഒരായിരം ചുംബനങ്ങൾക്കുള്ള ലഹരി നുരയുന്നുണ്ടായിരുന്നു. അതിനു മുൻപിൽ ആ വീഞ്ഞിന്റെ വീര്യം ഒന്നുമേ ആയിരുന്നില്ല. ഒരു ജീവൻ മുളപൊട്ടുന്നതുപോലെ അത്രമേൽ രഹസ്യമായ പ്രിയപ്പെട്ട വാക്കുകളുടെ ഭാരത്തെ ഉള്ളിൽ പേറി വെറുതെ നോക്കിയിരിക്കുമ്പോൾ പറയാതെ പരസ്പരം തിരിച്ചറിയപ്പെടുന്നുണ്ടായിരുന്നു വാക്കുകളും വരികളും അവയുടെ തീവ്രമായ ആനന്ദങ്ങളും ... 

"സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,

മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...

ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ

പിരിയുന്നു സാന്ധ്യവിഷാദമായി...

ഒരു സാഗരത്തിന്‍ മിടിപ്പുമായി...

ഒരു സാഗരത്തിന്‍ മിടിപ്പുമായി..."

അതിവേഗം കുതിച്ചു പോകുന്ന കാലത്തിന്റെ മണൽകരയിൽ സമയത്താൽ ബന്ധിക്കപ്പെട്ടു അവരിരുവരും ... എത്രയോ വർഷങ്ങളായിട്ടുണ്ടാകും പരസ്പരം പ്രതീക്ഷിച്ച് അവരുടെ ഇരിപ്പ്... പക്ഷേ വീണ്ടും കണ്ടുമുട്ടുക എന്നത് ഒരിക്കൽപ്പോലും ഉണ്ടാവുകയില്ലെന്നറിയുമ്പോൾ വിഷാദം മൂളി സന്ധ്യയുടെ മിടിപ്പിലേക്കും അവനവനിലേക്കും ചേക്കേറപ്പെടുന്ന എത്രയോ ജീവിതങ്ങൾ...

ഒരു മുറിയിൽ പരസ്പരം ഒന്നും മിണ്ടാനാകാതെ തമ്മിലൊന്നിച്ചിരിക്കുമ്പോൾ അയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ, ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ചും എത്രയോ നാൾ പ്രണയിച്ചു സ്വന്തമാക്കിയ നിമിഷങ്ങളെക്കുറിച്ചും അവൾ പറഞ്ഞിരുന്നെങ്കിലെന്ന്...  അവൾ മറ്റൊരാളുടെ സ്വന്തമാണെന്നറിഞ്ഞിട്ടും ഒന്നു ചേർത്തണച്ച് ഒരു ചുംബനത്തിന്റെ തീവ്രതയിൽ ഒന്നിച്ചുലയാൻ  കൊതിയുണ്ടെങ്കിലും സ്വയം വിധിക്കുന്ന ശിക്ഷ പോലെ അവർ എത്രയോ നിമിഷങ്ങൾ ആ നിറമുള്ള ചില്ലുചഷകത്തിന്റെ ഇരു പുറങ്ങളിലുമായി നിശബ്ദം ഇരുന്നിട്ടുണ്ടാവണം? ഒന്നും മിണ്ടാതെയെങ്കിലും അവൾ അവിടെ തന്നെ ഇരിക്കണമെന്നും, ജീവിതത്തിലേക്കുവീണ്ടും കടന്നു വന്നില്ലെങ്കിലും ആ സാന്നിധ്യം അവിടെനിന്നു മങ്ങാതിരിക്കണമെന്നും അയാൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ...?