മഴ ഞാനറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീരെന്നുള്ളിൽ ഉതിരും വരെ

ജാലകത്തിന്റെ തിരശ്ശീലയ്ക്കിടയിലൂടെ ഊർന്നിറങ്ങുന്ന വെയിലിൻ തിളക്കമുണ്ട് ആ ചിരിക്ക്. അന്നാദ്യമായി മഴയെന്താണെന്ന് അറിഞ്ഞതുതന്നെ അവൾ‌ കരഞ്ഞപ്പോഴായിരുന്നു. മഴത്തുള്ളിക്കൊരു നേരിയ ചൂടുണ്ടെന്നും പിന്നീടതു നനുത്ത കാറ്റിൻ തുളളിപോലെ മാറുമെന്നും മനസ്സിലായതും. തലമുടിയൊരുക്കുന്ന നിഴലാട്ടത്തിനിത്രയും ചന്തമുണ്ടെന്നറിഞ്ഞത് ആ റാന്തൽ വിളക്കിനു മുൻപിൽ അവൾ‌ക്കഭിമുഖമായി ഇരുന്നപ്പോഴായിരുന്നു. പ്രണയത്തെക്കുറിച്ചു പാടുന്ന പാട്ടിന് രാവിന്റെ യാമങ്ങൾ ഒന്നിനോടൊന്നു ചേരുന്നത്രയും മനോഹാരിതയുണ്ടെന്നു കണ്ടതും അവൾക്കൊപ്പമുള്ള നിമിഷങ്ങളിലായിരുന്നു. ഈ പാട്ടു പാടുന്നതും ആ പ്രണയത്തെക്കുറിച്ചാണ്.

മഴ ഞാനറിഞ്ഞിരുന്നില്ല...
നിന്റെ കണ്ണുനീരെന്നുള്ളിൽ ഉതിരും വരെ


ഡോക്ടർ പേഷ്യന്റ് എന്ന ചിത്രത്തിലെ ഈ പാട്ട് റഫീഖ് അഹമ്മദാണ് എഴുതിയത്. പ്രകൃതിയെയും പ്രണയത്തെയും വേര്‍തിരിക്കുവാനാകില്ലെന്ന സത്യത്തിനു വേറൊരു ഭാവം പകർന്നുള്ള പാട്ടെഴുത്ത്. ബെന്നറ്റ് വീത്‍രാഗ് ആണു സംഗീതം. ഹരിഹരൻ ആലപിച്ച പാട്ട് ഋതുഭേദങ്ങൾ‌ക്കിടയിലൂടെയുള്ളൊരു പ്രണയ സഞ്ചാരമാണ്. ഓരോ കേൾവിയിലും ഒരു പെരുമഴക്കാലത്തിന്റെയും ചമ്പകം പൂക്കുന്ന രാവിന്റെയും അനുഭൂതി മനസിലുണ്ടാകുന്നതും അതുകൊണ്ടാണ്. ഹരിഹരനു മലയാളമറിയില്ലെന്നതു പോലും ആ പാട്ടിനു ചേലാകുന്നു. തന്റേതായ ശൈലിയിൽ നീട്ടിയും കുറുക്കിയും അലസമായും സ്വരം ചേർത്തുവച്ചു പാടുമ്പോൾ മെഴുതിരിവെട്ടത്തിലൂടെ മഴക്കണ്ണാടിയിലേക്കു നോക്കി അവളെ കാണുന്ന പോലെ തോന്നും.