ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ...

ചിങ്ങ നിലാവ് തെളിയുമ്പോൾ പൂവിളി ഉണരുമ്പോൾ മനസ്സിൽ താളത്തിൽ ഓടി വരുന്ന ഒരു ഗാനമുണ്ട്.. ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ ...വിനോദ് വിജയൻ സംവിധാനം ചെയ്ത കൊട്ടേഷൻ എന്ന ചിത്രത്തിലെ മനോഹരമായ ഓണപ്പാട്ട്. തുമ്പപ്പൂവും വണ്ണാത്തിക്കിളിയും ഓണക്കോടിയും തിരുവോണസദ്യയും എന്നുവേണ്ട ഓണത്തിന്റെ തുടിപ്പ് മുഴുവൻ ഒരൊറ്റ ഗാനത്തിൽ നിറഞ്ഞുനിൽക്കുന്നു. ബ്രജേഷ് രാമചന്ദ്രന്റെ വരികൾക്ക് സംഗീതവും ശബ്ദവും നൽകിയത് സബീഷ് ജോർജാണ്. 

2004 ലാണ് വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന കൊട്ടേഷൻ പുറത്തിറങ്ങുന്നത്. അരുൺ, ജഗതി ശ്രീകുമാർ, സുജിത, തിലകൻ എന്നിവർ കഥാപാത്രങ്ങളായെത്തുന്ന ചിത്രം വിജയകരമായിരുന്നില്ലെങ്കിലും ഈ പാട്ട് ഓണമനസിലേക്ക് ഓടിയെത്തുന്നു. 

ആ ഗാനം

ചിത്രം :  കൊട്ടേഷൻ

സംഗീതം : സബീഷ്‌ ജോര്‍ജ്‌

രചന : ബ്രജേഷ് രാമചന്ദ്രന്‍

ആലാപനം  സബീഷ്‌ ജോര്‍ജ്‌

ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപ്പൂവേ

നിന്നെ തഴുകാനായ്‌ കുളിര്‍ കാട്ടിന്‍ കുഞ്ഞിക്കൈകള്‍

ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ

നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരിക്കാറും

(ഓണപ്പാട്ടിന്‍..)

 

പൂവിളിയെ വരവേല്‍ക്കും ചിങ്ങ നിലാവിന്‍ വൃന്ദാവനിയില്‍

തിരുവോണമേ വരുകില്ലെ നീ

തിരുവോണ സദ്യയൊരുക്കാന്‍ മാറ്റേറും കോടിയുടുത്ത്‌

തുമ്പിപ്പെണ്ണേ അണയില്ലെ നീ

തിരുമുറ്റത്ത്‌ ഒരു കോണില്‍ നില്‍ക്കുന്ന മുല്ലേ നീ

തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ

(ഓണപ്പാട്ടിന്‍..)

 

കിളിപ്പാട്ടില്‍ ശ്രുതി ചേര്‍ത്തു കുയിൽ പാടും വൃന്ദാവനിയില്‍

പൂ നുള്ളുവാന്‍ വരൂ ഓണമേ 

കുയില്‍പാട്ടിന്‍ മധുരിമയില്‍ മുറ്റത്തെ കളം ഒരുക്കാന്‍

അകത്തമ്മയായ്‌ വരൂ ഓണമേ

പൊന്നോണക്കോടി ഉടുത്ത്‌ നില്‍ക്കുന്ന തോഴിയായ്‌

പൂങ്കുഴലി നീ തേന്‍ ശ്രുതി പാടൂ

(ഓണപ്പാട്ടിന്‍..)