പാളങ്ങളിലൂടെ പിന്നെയും പിന്നെയും ആ പാട്ട് തേടിവരുന്നു

മഞ്ഞിനോടൊപ്പം പതുക്കെ മൂളുന്ന ഒരു കാറ്റിനൊപ്പം പ്രണയത്തിന്റെ ചൂളംവിളിയുമായെത്തിയ ഒരു തീവണ്ടി. പ്രണയത്തിന്റെ ശ്വാസമായിരുന്നു കൃഷ്ണഗുഡിയിൽ നിർത്തിയ ആ തീവണ്ടിക്ക്. ആ തീവണ്ടിയിലൂടെ എവിടെ നിന്നോ അവളും അവിടെയെത്തി...അവനെഴുതിയ വരികളിലെ പെണ്ണാകാൻ..പിന്നീട് അവിടെ വന്നുപോകുമ്പോഴെല്ലാം ആ പ്രണയത്തിന്റെ തീവ്രതയിൽ ആ തീവണ്ടി നിശ്വസിച്ചുകൊണ്ടേയിരുന്നു. അവനും അവൾക്കും മാത്രം കേൾക്കാനായി... തീവണ്ടിയുടെ താളമുള്ള ചിത്രമായിരുന്നു അത്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. നിഗൂഢമായി കരഞ്ഞും ചിരിച്ചും ഉള്ളിലൊരായിരം കാര്യങ്ങളൊളിപ്പിച്ചും അറ്റമില്ലാതെ ജീവിതത്തിന്റെ ചാലുകളോടുപമിക്കാൻ പാകത്തിലങ്ങനെ കിടക്കുന്ന തീവണ്ടി പാത. ആ പാതയിലൂടെയാണ് കമൽ ആ ചിത്രം വരച്ചിട്ടത്.

കറുപ്പും വെളുപ്പും കണ്ണീരും ചിരിയും ഇടകലർന്ന അതിലെ ഫ്രെയിമുകൾക്ക് വരികളെഴുതി സംഗീതക്കൂട്ട് പകർന്നത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. കോടമഞ്ഞിനെ വകഞ്ഞുമാറ്റി എവിടെയോ ഉള്ള പ്രണയിനിക്കായി അവനെഴുതിയ വരികളായിരുന്നു അത്. ജയറാമും മഞ്ജു വാര്യരും പാടിയഭിനയിച്ച ഗാന രംഗം മലയാളത്തിലെ എക്കാലത്തേയും സുന്ദരമായ പ്രണയഗാനമായി.കാത്തിരിപ്പും വിരഹവും പ്രതീക്ഷകളും അതിന്റെ നനവുള്ള ഓർമകളും നിറഞ്ഞു നിന്ന സിനിമ പാട്ടിലൂടെ പറഞ്ഞു തരാൻ ആ പേനത്തുമ്പുകൾ അസാമാന്യ വിരുതുകാട്ടി. പിന്നെയും പിന്നെയും എന്നു തുടങ്ങുന്ന ഗാനം പകരം വയ്ക്കാനില്ലാത്ത പുത്തഞ്ചേരി ടച്ചിന്റെ തെളിവാണ്. മഴ നനഞ്ഞ് കുതിർന്ന ഒരു വെള്ളിക്കൊലുസ് തീർക്കുന്ന സംഗീതം പോലെയായിരുന്നു വിദ്യാസാഗർ അതിനു നൽകിയ ഈണം.

എഴുതിയാലും കേട്ടാലും മതിവരാത്ത ഈണങ്ങളായി വരികളായി ആ പാട്ടങ്ങനെ നമ്മോടൊപ്പം കൂടിയിട്ട് വർഷങ്ങളായി. ഒരിടത്ത് പാടിത്തീർത്ത വരികളുടെ അർഥമോ ഭാവമോ പിന്നീട് ആ പാട്ടില്‍ ആവർത്തിച്ചേയില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടെഴുത്ത് എത്രത്തോളം ഗഹനമായിരുന്നുവെന്നുള്ളതിന് തെളിവായിരുന്നു ആ പാട്ട്; ഒരു പഠനവും.

കടലാസും പേനയും വിട്ടെറിഞ്ഞ് കാലമെത്തും മുൻപേ പുത്തഞ്ചേരി പോയപ്പോൾ നമ്മളേറ്റവുമധികം പാടിയതും ഈ പാട്ടു തന്നെയല്ലേ...ഈ വരികളിലൂടെയല്ലേ നമ്മൾ ആദരാഞ്ജലികളർ‌പ്പിച്ചത്...ഓർക്കുന്നുണ്ടോ?....പിന്നെയും പിന്നെയും വീണ്ടും കേൾക്കുമ്പോൾ ഒരു സംശയം ആ പാളത്തിലൂടെ പുത്തഞ്ചേരി നടന്നു പോകുകയാണോയെന്ന്..,..തീവണ്ടിയുടെ കിതപ്പും കുതിപ്പും നേർത്തില്ലാതാകുന്നോയെന്ന്...,.പ്രണയത്തിലെ പെണ്ണും ചെക്കനും വെറും ചിത്രങ്ങളായി കാറ്റിലങ്ങനെ പാറിപ്പോകുന്നുവോയെന്ന്.....